സിനിമയിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ്

സിനിമയിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിനിമാ നടന്‍മാര്‍ക്കെതിരെ ഉയര്‍ന്നു വന്ന ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

അന്വേഷണത്തില്‍ പുരുഷ പൊലീസ് ഓഫിസര്‍മാരുള്ളത് ഇരകളെ വീണ്ടും വീണ്ടും അപമാനിക്കുന്നതിന് തുല്യമാണെന്നും അദേഹം പറഞ്ഞു. ഇന്നലെയാണ് അന്വേഷണ സംഘാംഗങ്ങളുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിട്ടത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായ ഐ.ജി സ്പര്‍ജന്‍ കുമാര്‍ ഭാരിച്ച ചുമതലയുള്ള ഓഫിസറാണ്. അദേഹത്തെ കുറിച്ചോ സംഘാംഗമായ എ.ഡി.ജി.പി വെങ്കിടേഷിനെപ്പറ്റിയോ ആക്ഷേപമില്ല.

എന്നാല്‍ നേരത്തേ ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എ സ്ഥാനാര്‍ഥിയും സിനിമ നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി മാധ്യമ പ്രവര്‍ത്തകക്കെതിരെ നടത്തിയ പരാമര്‍ശത്തെയും സതീശന്‍ തള്ളിപ്പറഞ്ഞു.

ആ രീതിയില്‍ സംസാരിക്കുന്നത് തെറ്റാണ്. തെറ്റാണ് പറഞ്ഞതെങ്കില്‍പ്പോലും അതിനെ ന്യായീകരിക്കാന്‍ വേണ്ടി സി.പി.എമ്മുകാരെപ്പോലെ തങ്ങളാരും ശ്രമിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സാംസ്‌കാരിക മന്ത്രി ആദ്യ ദിവസം മുതല്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ പരിശോധിക്കുക. ഓരോ ദിവസവും മാറിമാറി എത്ര അഭിപ്രായമാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. ഇരകളായ സ്ത്രീകള്‍ക്ക് നീതി കൊടുക്കില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

കേസിനെ കുറിച്ച് അന്വേഷിക്കാതിരിക്കാതിരിക്കാനും വേട്ടക്കാരെ സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ നോക്കുന്നത്. ഇരകളായവര്‍ വീണ്ടും വന്ന് മൊഴികള്‍ കൊടുക്കണമെന്നും പരാതികള്‍ കൊടുക്കണമെന്നും പറയുന്നത് അവരെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നും സതീശന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.