കൊച്ചി: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ലൈംഗീകാരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര.
2009 ല്‍ സിനിമയുടെ ചര്‍ച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയത്.
രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയുണ്ടായി. തുടര്‍ന്ന് ചര്‍ച്ചയുടെ ഭാഗമായി കൊച്ചി കലൂര്‍ കടവന്ത്രയില്‍ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് വിളിച്ചു.
ചര്‍ച്ചയ്ക്കിടെ, കൈയില്‍ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി പരാതിയില്‍ പറയുന്നു.
പിറ്റേന്ന് തിരക്കഥാകൃത്തും ഡോക്യുമെന്ററി സംവിധായകനുമായ ജോഷി ജോസഫിനോട് ഇക്കാര്യം പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന് സഹായിച്ചത് അദേഹമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സംഭവം നടന്ന സ്റ്റേഷന്‍ പരിധിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. രഞ്ജിത്ത് സ്ത്രീത്വത്തെ അപമാനിച്ചെന്നും അദേഹത്തിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
താന്‍ ഒരു കുറ്റകൃത്യമാണ് വെളിപ്പെടുത്തിയത്. സാധാരണ നിലയില്‍ കേസെടുക്കുന്നതിന് എഴുതി തയാറാക്കിയ പരാതിയുടെ ആവശ്യമില്ലെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശം.
എന്നാല്‍ എഴുതി തയാറാക്കിയ പരാതിയില്ലാതെ കേസെടുക്കാന്‍ കഴയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.