തിരുവനന്തപുരം: യുവ നടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പരാതിക്കാരിയെ 2016 ല്‍ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മ്യൂസിയം പൊലീസാണ് കേസെടുത്തത്. പരാതി പ്രത്യേക സംഘത്തിന് കൈമാറും.
ഡിജിപിക്ക് ഇമെയില്‍ മുഖേനെയാണ് നടി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ സിദ്ദിഖ് എ.എം.എം.എ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു.
2018 ല്‍ സമൂഹമാധ്യമങ്ങളിലൂടെ നടി വിഷയം ഉന്നയിച്ചിരുന്നു. 2021 ല്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താര സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചു. ഒടുവില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിദ്ദിഖിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവര്‍ത്തിച്ചത്. പിന്നാലെ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവയ്ക്കുകയായിരുന്നു.
പ്രത്യേക സംഘത്തിലെ എസ്പി കഴിഞ്ഞ ദിവസം നടിയെ ഫോണില്‍ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ തയ്യാറാണോയെന്ന് ആരാഞ്ഞിരുന്നു. നിയമോപദേശം തേടിയ ശേഷമാണ് നടി പരാതി നല്‍കിയത്. നടിക്കെതിരെ സിദ്ദിഖ് നല്‍കിയ പരാതിയും ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ആവശ്യം.
പലപ്പോഴും വ്യത്യസ്ത ആരോപണമുന്നയിച്ച നടി ഇപ്പോഴാണ് ലൈംഗികാരോപണം നടത്തുന്നത്. മോശമായ വാക്കുകളുപയോഗിച്ചെന്നായിരുന്നു 2018 ലെ ആരോപണം. പിന്നീട് ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തി. മറ്റ് പലര്‍ക്കെതിരെയും സമൂഹമാധ്യമങ്ങളിലൂടെ പരാതികള്‍ ഉന്നയിച്ച ഇവര്‍ക്ക് പ്രത്യേക അജന്‍ഡയുണ്ട്.
ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമം. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണം. നടിയോട് മോശം സംഭാഷണം നടത്തിയിട്ടില്ലെന്നും ഉപദ്രവിച്ചിട്ടില്ലെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സിദ്ദിഖ് വ്യക്തമാക്കി. സിദ്ദിഖ് പരാതിപ്പെട്ടതിന് പിന്നാലെയാണ് നടി പീഡന പരാതി രേഖാമൂലം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.