വിരമിക്കുന്ന കത്തോലിക്ക വൈദികരുടെ പെൻഷൻ ഇല്ലാതാക്കി നിക്കരാഗ്വൻ ഭരണകൂടം

വിരമിക്കുന്ന കത്തോലിക്ക വൈദികരുടെ പെൻഷൻ ഇല്ലാതാക്കി നിക്കരാഗ്വൻ ഭരണകൂടം

മനാ​ഗ്വ: നിക്കരാഗ്വയിൽ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നടത്തുന്ന സ്വേച്ഛാധിപത്യ നടപടികൾ തുടർക്കഥയാകുന്നു. വിരമിച്ച കത്തോലിക്കാ പുരോഹിതർക്കുള്ള റിട്ടയർമെന്റ് ഫണ്ട് ഇല്ലാതാക്കി എന്നതാണ് ഇതിൽ അവസാനത്തേത്. രാജ്യത്ത് കത്തോലിക്കാ സഭയ്‌ക്കെതിരായ ഉപരോധം കൂടുതൽ രൂക്ഷമാകുന്നതിന്റെ പുതിയ തെളിവാണിത്.

ഭരണകൂടം റദ്ദാക്കിയ 1,500 എൻ. ജി. ഒ. കളിലൊന്നാണ് അസോസിയേഷൻ ഫോർ ദി പ്രീസ്റ്റ്ലി ഇൻഷുറൻസ് ഫണ്ട്. 2005-ലെ ദേശീയ അസംബ്ലിയിൽ ഈ അസോസിയേഷന്റെ നിയമപരമായ പദവി അംഗീകരിച്ചതാണ്. ഈ ഫണ്ടിൽ നിന്ന് 75 വയസോ അതിൽ കൂടുതലോ പ്രായമുള്ള വൈദികർക്ക് 300 ഡോളറും 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള വൈദികർക്ക് 150 ഡോളറും പ്രതിമാസ പെൻഷൻ അനുവദിച്ചിട്ടുണ്ട്. ഈ തുകയാണ് ഭരണകൂടം ഇല്ലാതാക്കിയത്. ഈ നടപടിയിലൂടെ കത്തോലിക്കാ പുരോഹിതന്മാർക്ക് അവർ വർഷം തോറും അടച്ച ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ ഇനി ഉണ്ടാകില്ലെന്ന് നിക്കരാഗ്വൻ പത്രമായ ലാ പ്രെൻസ പറയുന്നു.

കടുത്ത ജനാധിപത്യ വിരുദ്ധനയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേൽ ഒർട്ടേഗ പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂട വേട്ടയാടൽ രാജ്യത്തു തുടരുകയാണ്.

അതേ സമയം 2018 മുതൽ 2024 ജൂലൈ വരെ കത്തോലിക്കാ സഭയ്‌ക്കെതിരെ സ്വേച്ഛാധിപത്യ ഭരണകൂടം 870 ആക്രമണങ്ങളാണ് നടത്തിയിട്ടുള്ളത്. മനുഷ്യാവകാശ ഗ്രൂപ്പായ നിക്കരാഗ്വ നുങ്കാ മാസും ഗവേഷക മാർത്ത പട്രീഷ്യ മൊലിനയുമാണ് ഇതുസംബന്ധിച്ച റിപ്പോട്ടുകൾ പുറത്തുവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.