ബാലിസ്റ്റിക് മിസൈലുകളുമായി ഇന്ത്യയുടെ രണ്ടാം ആണവ അന്തര്‍ വാഹിനി 'അരിഘട്ട്' സേനയുടെ ഭാഗമായി; മൂന്നും നാലും അണിയറയില്‍

ബാലിസ്റ്റിക് മിസൈലുകളുമായി ഇന്ത്യയുടെ രണ്ടാം ആണവ അന്തര്‍ വാഹിനി 'അരിഘട്ട്' സേനയുടെ ഭാഗമായി; മൂന്നും നാലും അണിയറയില്‍

'അരിദമന്‍' എന്ന മൂന്നാം ആണവ മിസൈല്‍ വാഹക അന്തര്‍ വാഹിനിയും എസ്-4 എന്ന കോഡ് നാമം നല്‍കിയിട്ടുള്ള നാലാം ആണവ അന്തര്‍ വാഹിനിയും അണിയറയില്‍ ഒരുങ്ങുന്നു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ പുതിയ ആണവ ബാലിസ്റ്റിക് മിസൈല്‍ വാഹക അന്തര്‍ വാഹിനി (എസ്.എസ്.ബി.എന്‍) എത്തുന്നു. അരിഘട്ട് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 'ശത്രുവിനെ നശിപ്പിക്കുന്നവന്‍' എന്നാണ് അരിഘട്ട് എന്ന സംസ്‌കൃത വാക്കിന്റെ അര്‍ഥം.

എസ്-3 എന്ന് കൂടി അറിയപ്പെടുന്ന ഐ.എന്‍.എസ് അരിഘട്ട് ഇന്ന് നാവിക സേനയുടെ ഭാഗമായി മാറി. അരിഹന്ത് ക്ലാസ് വിഭാഗത്തില്‍ പെടുന്ന അന്തര്‍ വാഹിനിയാണ് ഐ.എന്‍.എസ് അരിഘട്ട്. 2018 ല്‍ കമ്മിഷന്‍ ചെയ്ത ഐ.എന്‍.എസ് അരിഹന്ത് ആണ് നിലവില്‍ ഇന്ത്യയുടെ ഏക ആണവ അന്തര്‍ വാഹിനി.

ഇന്ത്യയുടെ രണ്ടാം ആണവ അന്തര്‍ വാഹിനിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല. എങ്കിലും ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 750 കിലോ മീറ്റര്‍ ദൂര പരിധിയുള്ള 12 സാഗരിക (കെ-15) ആണവ ബാലിസ്റ്റിക് മിസൈലുകളോ, 3,500 കിലോ മീറ്റര്‍ മുതല്‍ 5,000 കിലോ മീറ്റര്‍ വരെ ദൂര പരിധിയുള്ള നാല് കെ-4 ആണവ മിസൈലുകളോ വഹിക്കാന്‍ അരിഘട്ടിന് ശേഷിയുണ്ട്. മുന്‍ഗാമിയായ അരിഹന്തിനേക്കാള്‍ കൂടുതലാണ് ഇത്.

112 മീറ്ററാണ് അരിഘട്ടിന്റെ നീളം. ഐ.എന്‍.എസ് അരിഹന്തിന്റേതിന് സമാനമായി 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ് വാട്ടര്‍ റിയാക്ടര്‍ തന്നെയാണ് ഐ.എന്‍.എസ് അരിഘട്ടിനും കരുത്തേകുന്നത്. പരമ്പരാഗത ഡീസല്‍-ഇലക്ട്രിക് അന്തര്‍ വാഹിനികളില്‍ നിന്ന് വ്യത്യസ്തമായി മാസങ്ങളോളം വെള്ളത്തിനടിയില്‍ തന്നെ തുടരാന്‍ ഇത് അരിഘട്ടിനെ സഹായിക്കും.

ഇന്തോ-പസഫിക് മേഖലയിലെ ദീര്‍ഘദൂര പട്രോളിങാണ് 6,000 ടണ്‍ ഭാരമുള്ള ഈ ആണവ അന്തര്‍ വാഹിനിയുടെ ദൗത്യമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐ.എന്‍.എസ്. അരിദമന്‍ എന്ന ഇന്ത്യയുടെ മൂന്നാം ആണവ മിസൈല്‍ വാഹക അന്തര്‍ വാഹിനിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇത് അടുത്ത വര്‍ഷം കമ്മിഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. എസ്-4 എന്ന കോഡ് നാമം നല്‍കിയിട്ടുള്ള നാലാം ആണവ അന്തര്‍ വാഹിനിയും പിന്നാലെ വരുമെന്നാണ് ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.