ജപ്പാനില്‍ ഷാന്‍ഷന്‍ ചുഴലിക്കാറ്റ് കരതൊട്ടു; കനത്ത മഴ, 40 ലക്ഷം ആളുകളോട് വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം

ജപ്പാനില്‍ ഷാന്‍ഷന്‍ ചുഴലിക്കാറ്റ് കരതൊട്ടു; കനത്ത മഴ, 40 ലക്ഷം ആളുകളോട് വീടുകള്‍ ഒഴിയാന്‍ നിര്‍ദേശം

ടോക്യോ: ജപ്പാനിന്‍ ഷാന്‍ഷന്‍ ചുഴലിക്കാറ്റ് കര തൊട്ടതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ചുഴലിക്കാറ്റും. 40 ലക്ഷം ആളുകളോടാണ് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തെക്കന്‍ ദ്വീപ് മേഖലയായ കൈഷുവിലാണ് ഷാന്‍ഷന്‍ ചുഴലിക്കാറ്റ് ഇന്ന് രാവിലെ കരതൊട്ടത്. 252 കിലോമീറ്റര്‍ ആണ് നിലവില്‍ ചുഴലിക്കാറ്റിന്റെ വേഗത. ഇതുവരെ മൂന്നു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

'ചുഴലിക്കാറ്റിനെതുടര്‍ന്ന് അതിശക്തമായ മഴ, ഉയര്‍ന്ന തിരമാലകള്‍, വേലിയേറ്റം എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പരമാവധി ജാഗ്രത ആവശ്യമാണ്' - ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

ഫുകുവോക്കയും ഹിരോഷിമയും ഉള്‍പ്പെടെ നിരവധി പ്രവിശ്യകളില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വാഹനാപകടത്തിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു.

രാജ്യം ഇതിന് മുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്ത വിധം കടുത്ത ചുഴലിക്കാറ്റാകും വീശുകയെന്ന് സര്‍ക്കാരിന്റെ ഉന്നത വക്താവ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു.

കൈഷുവില്‍ ആഞ്ഞടിച്ച ശേഷം ഷാന്‍ഷന്‍ ചുഴലിക്കാറ്റ് തലസ്ഥാനമായ ടോക്കിയോ ഉള്‍പ്പെടെയുള്ള മധ്യ, കിഴക്കന്‍ മേഖലകളിലേക്ക് അടുക്കുമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

മുന്നറിയിപ്പ് നിലവില്‍ വന്നതോടെ തന്നെ ആഗോള വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ പതിനാല് ഫാക്ടറികളിലും ഉത്പാദനം നിര്‍ത്തിവച്ചു. പലയിടങ്ങളിലും വൈദ്യുതി വിതരണം നിലച്ചു.

ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ഒരു വീട് തകര്‍ന്ന് രണ്ട് പേരെ കാണാതായിരുന്നു. ഇതില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കാണാതായ പുരുഷന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. രണ്ട് ദിവസം കൊണ്ട് മേഖലയില്‍ 1100 മില്ലിമീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കഗോഷിമ, മിയാസാക്കി മേഖലകളില്‍ മൊത്തം ലഭിക്കുന്ന വാര്‍ഷിക ശരാശരിയുടെ ഏതാണ്ട് പകുതിയോളം വരുമിത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ജപ്പാന്‍ എയര്‍ലൈന്‍സ് 172 ആഭ്യന്തര വിമാനസര്‍വീസുകള്‍ റദ്ദാക്കി. എഎന്‍എ 219 ആഭ്യന്തര സര്‍വീസുകളും നാല് രാജ്യാന്തര സര്‍വീസുകളും റദ്ദാക്കി. ബുള്ളറ്റ് ട്രെയിനുകളെയും ചില ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും കൊടുങ്കാറ്റ് ബാധിച്ചു.

കാലാവസ്ഥ അനുസരിച്ച് ടോക്കിയോ-ഫുക്കുവോക്ക നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളും റദ്ദാക്കിയേക്കും. അംപില്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് ഷാന്‍ഷന്‍ എത്തുന്നത്. ഈ മാസം ആദ്യമുണ്ടായ അംപില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് നിരവധി വിമാന-ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. അംപിലിനെ തുടര്‍ന്ന് രാജ്യത്ത് ശക്തമായ മഴയുണ്ടായെങ്കിലും നാശനഷ്ടങ്ങള്‍ കുറവായിരുന്നു.

സമുദ്ര തീരങ്ങളോട് ചേര്‍ന്നാണ് ചുഴലിക്കൊടുങ്കാറ്റുകള്‍ രൂപമെടുക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തോടെ ഇവ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.