റഷ്യന്‍ ചാരനായ തിമിംഗലം? വിവാദങ്ങള്‍ സൃഷ്ടിച്ച ഹ്വാള്‍ഡിമിര്‍ തിമിംഗലം കടലില്‍ ചത്തനിലയില്‍

റഷ്യന്‍ ചാരനായ തിമിംഗലം? വിവാദങ്ങള്‍ സൃഷ്ടിച്ച ഹ്വാള്‍ഡിമിര്‍ തിമിംഗലം കടലില്‍ ചത്തനിലയില്‍

സ്റ്റാവഞ്ചര്‍ (നോര്‍വേ): റഷ്യ പരിശീലനം നല്‍കിയ ചാരത്തിമിംഗലമെന്ന് സംശയിക്കുന്ന ബെലൂഗ ഇനത്തില്‍പ്പെട്ട ഹ്വാള്‍ഡിമിര്‍ തിമിംഗലം ചത്ത നിലയില്‍. നോര്‍വേയ്ക്ക് സമീപം കടലിലാണ് ഹ്വാള്‍ഡിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്. നോര്‍വേയിലെ സ്റ്റാവഞ്ചര്‍ നഗരത്തിന് സമീപം റിസവിക ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവരാണ് ഹ്വാള്‍ഡിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ഈ തിമിംഗലം ഒരു റഷ്യന്‍ രഹസ്യാന്വേഷണ ദൗത്യത്തിന്റെ ഭാഗമാണെന്ന വ്യാപകമായ അഭ്യൂഹങ്ങളും പ്രചാരണങ്ങളും നിലനിന്നിരുന്നു.

ആണ്‍ ബെലൂഗ തിമിംഗിലമായ ഹ്വാള്‍ഡിമിറിനെ ആദ്യമായി കണ്ടെത്തിയത് 2019ലാണ്. 1225 കിലോഗ്രാമോളം ഭാരവും 14 അടി നീളവുമുള്ള വെള്ളനിറത്തിലുള്ള കുഞ്ഞന്‍ തിമിംഗിലമാണ് ഹ്വാള്‍ഡിമിര്‍. വടക്കന്‍ നോര്‍വേയിലെ തീരനഗരമായ ഹമ്മര്‍ഫെസ്റ്റിന് സമീപം കടലില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യമായി ഹ്വാള്‍ഡിമിറിനെ കണ്ടത്.

കഴുത്തില്‍ 'സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നുള്ള ഉപകരണം' എന്ന് രേഖപ്പെടുത്തിയ കോളര്‍ ബെല്‍റ്റ് കണ്ടതോടെയാണ് ഹ്വാള്‍ഡിമിര്‍ റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുയര്‍ന്നത്. കോളര്‍ബെല്‍റ്റില്‍ ക്യാമറയും ഘടിപ്പിച്ചിരുന്നു. നോര്‍വീജിയന്‍ ഭാഷയില്‍ തിമിംഗിലം എന്നര്‍ഥം വരുന്ന 'ഹ്വാല്‍', റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പേരിന്റെ ഭാഗമായ 'വ്‌ളാഡിമിര്‍' എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ചാരത്തിമിംഗിലത്തിന് ഹ്വാള്‍ഡിമിര്‍ എന്ന പേര് നല്‍കിയത്. അതേസമയം, റഷ്യ ഹ്വാള്‍ഡിമിറിന്റെ ഉടമസ്ഥത ഏറ്റെടുക്കാത്തതിനാല്‍ ചാരത്തിമിംഗിലമെന്ന കാര്യം നിഗമനമായി മാത്രം നിലനില്‍ക്കുകയാണ്.

മനുഷ്യരോടുള്ള അസാധാരണമായ സൗഹാര്‍ദപരമായ പെരുമാറ്റത്തോടൊപ്പം ഉപകരണത്തിന്റെ സാന്നിധ്യവും കൂടിയായതോടെ ഇത് കൃത്യമായ പരിശീലനം ലഭിച്ച ഒരു ജീവി ആണെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. രഹസ്യാന്വേഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണെന്ന തെളിവുകള്‍ ഉണ്ടായിരുന്നിട്ടും, റഷ്യ ഒരിക്കലും ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതാണ് ഹ്വാള്‍ഡിമിറിന്റെ നിഗൂഢതയ്ക്ക് വഴിയൊരുക്കിയത്.

ഏറെക്കാലം പൂട്ടിയിട്ടതായുള്ള ലക്ഷണങ്ങള്‍ ഹ്വാള്‍ഡിമിറിന്റെ സ്വഭാവത്തില്‍ ഉണ്ടായിരുന്നെന്ന് ഈ രംഗത്തെ വിദഗ്ധരും ആക്ടിവിസ്റ്റുകളും അന്ന് നിഗമനത്തിലെത്തിയിരുന്നു.

മറൈന്‍ മൈന്‍ഡ് എന്ന സ്ഥാപനം ആണ് ഹ്വാള്‍ഡിമിറിനെ സംരക്ഷിച്ച് പോന്നത്. തിമിംഗലത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സ്ഥാപനം ഞെട്ടല്‍ രേഖപ്പെടുത്തി.

വാരാന്ത്യത്തിലാണ് തെക്കന്‍ നോര്‍വേയുടെ തീരത്ത് പൊങ്ങിക്കിടക്കുന്ന നിലയില്‍ ഹ്വാള്‍ഡിമിറിന്റെ മൃതദേഹം കണ്ടെത്തിയത്. മറൈന്‍ മൈന്‍ഡ് പറയുന്നതനുസരിച്ച്, മരണത്തിന് ഒരു ദിവസം മുമ്പാണ് തിമിംഗലത്തെ അവസാനമായി കണ്ടത്. അന്ന് തീര്‍ത്തും ആരോഗ്യവാനായിരുന്നു ഈ ജീവി. ഇതോടെ ജീവിച്ചിരുന്ന കാലത്തെ നിഗൂഢതകള്‍ മരണശേഷവും പേറുകയാണ് ഈ ജീവി.

മൂന്ന് മുതല്‍ ഇരുനൂറിലധികം വരെ അംഗങ്ങളുള്ള സംഘങ്ങളായാണ് ഈ തിമിംഗിലങ്ങള്‍ ജീവിക്കുന്നത്. എന്നാല്‍ മറ്റ് ബെലൂഗ തിമിംഗിലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യര്‍ കൂടുതലായെത്തുന്ന ഭാഗത്താണ് ഹ്വാള്‍ഡിമിര്‍ ചുറ്റിക്കറങ്ങിയിരുന്നത്. 2019ല്‍ ഒരു സ്ത്രീയുടെ ഐഫോണ്‍ കടലില്‍ വീണപ്പോള്‍ അത് കടിച്ചെടുത്ത് തിരികെ നല്‍കിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് ഹ്വാള്‍ഡിമിര്‍. ഇതിന്റെ വീഡിയോ വൈറലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.