ഒട്ടാവ: രാജ്യത്ത് കുടിയേറിയ സിഖ് സമൂഹത്തെ പ്രീണിപ്പിക്കാന്‍ ഖാലിസ്ഥാന്‍ തീവ്രവാദികളെ പിന്തുണച്ച് ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഖാലിസ്ഥാന്‍ അനുകൂലിയായ ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) പിന്തണ പിന്‍വലിച്ചത് അപ്രതീക്ഷിത അടിയായി.
പാര്‍ലമെന്റില്‍ 24 സീറ്റുള്ള എന്‍ഡിപി കാലുവാരിയതോടെ ട്രൂഡോയുടെ ന്യൂനപക്ഷ ലിബറല്‍ പാര്‍ട്ടി സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലായി. യാതൊരു മുന്നറിയിപ്പുമില്ലാതെ ജഗ്മീത് സിങ് ഇന്നലെ പിന്തുണ പിന്‍വലിച്ചത് ട്രൂഡോയെ അമ്പരപ്പിച്ചു.
അടുത്ത വര്‍ഷം ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍. ട്രൂഡോയ്‌ക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ജഗ്മീത് പ്രഖ്യാപിച്ചു.
2025 വരെ ട്രൂഡോയെ അധികാരത്തില്‍ നിലനിര്‍ത്താമെന്ന് 2022 ല്‍ ഒപ്പിട്ട കരാര്‍ എന്‍ഡിപി കീറിയെറിഞ്ഞു. പിന്തുണയ്ക്ക് പകരം ട്രൂഡോ നല്‍കിയ പല വാഗ്ദാനങ്ങളും പാലിക്കാത്തത് ജഗ്മീതിനെ ചൊടിപ്പിച്ചു. വിലക്കയറ്റം തടയുന്നതില്‍ ട്രൂഡോ പരാജയപ്പെട്ടെന്നും കോര്‍പറേറ്റ് പ്രീണനമാണെന്നും ജഗ്മീത് എക്‌സില്‍ കുറിച്ചു.
ജനപ്രീതി ഇടിഞ്ഞ ട്രൂഡോ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വരെ പിടിച്ചു നില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ട്രൂഡോ പച്ച തൊടില്ലെന്നാണ് സര്‍വേ ഫലങ്ങള്‍.
അതിനിടെ ഈ മാസം 16 ന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. വോട്ടെടുപ്പില്‍ നിന്ന് എന്‍ഡിപി വിട്ടു നില്‍ക്കുകയോ 32 സീറ്റുള്ള ബ്ലോക്ക് കീബെക്വ പാര്‍ട്ടിയുടെ പിന്തുണ നേടുകയോ ചെയ്തില്ലെങ്കില്‍ ട്രൂഡോ സര്‍ക്കാര്‍ വീഴും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.