ന്യൂഡല്‍ഹി: എം പോക്‌സ് (മങ്കി പോക്‌സ്) രോഗ ലക്ഷണങ്ങളോടെ രാജ്യത്ത് ഒരാള്‍ ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എം പോക്‌സ് സ്ഥിരീകരിച്ച രാജ്യത്ത് നിന്ന് എത്തിയ യുവാവിനാണ് രോഗ ലക്ഷണം.
നിലവില്‍ ഇദേഹം ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. സാമ്പിളുകള്‍ വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
ലോകത്താകമാനം 116 രാജ്യങ്ങളില്‍ എം പോക്‌സ് രോഗം പടര്‍ന്നു കഴിഞ്ഞതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമര്‍ജന്‍സി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1958 ല്‍ ഡെന്മാര്‍ക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരില്‍ ആദ്യമായി എം പോക്‌സ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 1970 ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുകാരനിലാണ്. 2022 മുതല്‍ മങ്കി പോക്‌സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്.
രോഗം ബാധിച്ച മൃഗങ്ങള്‍, രോഗിയുടെ ശരീര സ്രവങ്ങള്‍, മലിനമായ വസ്തുക്കള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മിക്ക ആളുകളും നേരിയ ലക്ഷണങ്ങളാണ് കാണാറ്.
എന്നാല്‍ ചിലര്‍ക്ക് വൈദ്യ സഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.