ക്വിറ്റോ: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ഇക്വഡോറിലെ ക്വിറ്റോയിൽ വർണാഭമായ തുടക്കം. സെപ്റ്റംബർ എട്ട് മുതൽ 15 വരെ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ 54 രാജ്യങ്ങളിൽ നിന്നും ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, അത്മായർ, അൾത്താര ബാലന്മാർ, സെമിനാരി വിദ്യാർഥികൾ എന്നിവരുൾപ്പെടെ 25000 പേരാണ് പങ്കെടുക്കുന്നത്. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്നതാണ് ഇത്തവണത്തെ ദിവ്യകാരുണ്യ കോൺഗ്രസിന്റെ പ്രമേയം.
ഉദ്ഘാടന ദിനം നടന്ന വിശുദ്ധ കുർബാനക്കിടെ 1600 കുട്ടികൾ ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചു. ആദ്യ കുർബാന സ്വീകരണം കുട്ടികളുടെ ജീവിതത്തിലും ദിവ്യകാരുണ്യ കോൺഗ്രസിന്റെ ചരിത്രത്തിലും ഒരു സുപ്രധാന നാഴികക്കല്ലായി മാറി. ആർച്ച് ബിഷപ്പ് ആൽഫ്രെഡോ ജോസ് എസ്പിനോസ മാറ്റൂസ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. ഇതൊരു ആഘോഷ ദിനം ആണെന്നും കുട്ടികളിൽ എന്നും തങ്ങിനിൽക്കുന്ന ഓർമ്മയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
കുട്ടികൾ ‘കുർബാനയുടെ മിഷനറിമാർ’ ആകണമെന്നും അവരുടെ കുടുംബങ്ങളിൽ സാഹോദര്യം കെട്ടിപ്പടുക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. യേശുവുമായുള്ള സൗഹൃദത്തിൽ വളരേണ്ടതിന്റെയും മറ്റുള്ളവരുമായി സന്തോഷം പങ്കിടുന്നതിന്റെയും പ്രാധാന്യം ആർച്ച് ബിഷപ്പ് ഓർമപ്പെടുത്തി.
സെപ്റ്റംബർ 14 ശനിയാഴ്ചയാണ് ദിവ്യകാരുണ്യപ്രദക്ഷിണം ക്രമീകരിച്ചിരിക്കുന്നത്. സമാപനദിനമായ 15 ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധി കർദിനാൾ കെവിൻ ഫാരൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.