ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 'നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തി, നാല് വര്‍ഷമായിട്ടും എന്തുകൊണ്ട് അനങ്ങിയില്ല'? സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്:  'നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തി, നാല് വര്‍ഷമായിട്ടും എന്തുകൊണ്ട് അനങ്ങിയില്ല'? സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

'ഇത് സിനിമാ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ല, കേരളത്തിലെ ഭൂരിപക്ഷമുള്ള സ്ത്രീകളെ ബാധിക്കുന്ന പ്രശ്നമാണ്'.

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടിയിട്ട് നാല് വര്‍ഷമായിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി. സമൂഹത്തിലെ ഒരു സുപ്രധാന വിഷയത്തില്‍ ഇടപെടേണ്ട ബാധ്യത സര്‍ക്കാരിനില്ലേ എന്ന് ചോദിച്ച കോടതി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം അന്വേഷണ സംഘത്തിന് കൈമാറണമെന്നും നിര്‍ദേശിച്ചു.

രഹസ്യാത്മകത സൂക്ഷിച്ചുകൊണ്ട് എത്രയും വേഗം റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറണം. അവര്‍ അന്വേഷിച്ച് നടപടിയെടുത്ത ശേഷമേ ഇക്കാര്യത്തില്‍ മുന്നോട്ടു പോകൂ എന്നും ഓഡിയോ ക്ലിപ്പുകള്‍ ഉണ്ടെങ്കില്‍ അതും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

കേരളത്തില്‍ സ്ത്രീകളെന്ന് പറയുന്നത് ഭൂരിപക്ഷമാണ്, അല്ലാതെ ന്യൂനപക്ഷമല്ല. കൃത്യമായ നടപടിയുണ്ടാകണം. ഇത് സിനിമാ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ല, കേരളത്തിലെ ഭൂരിപക്ഷമുള്ള സ്ത്രീകളെ ബാധിക്കുന്ന പ്രശ്നമാണ്.

റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന് ചോദിച്ചപ്പോള്‍, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടിയെടുത്തോയെന്ന് കോടതി ചോദിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പൊതുവേദികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എ.ജി അറിയിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഈ നിഷ്‌ക്രിയത്വമെന്ന് ഹൈക്കോടതി തിരിച്ച് ചോദിച്ചു.

വളരെ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിച്ചതെന്ന ചോദിച്ച കോടതി, ഈ നിഷ്‌ക്രിയത്വം നീതീകരിക്കാനാവുന്നതാണോയെന്നും ആരാഞ്ഞു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ കോടതി 2021 ഫെബ്രുവരിയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.