രണ്ട് വനിതകളുൾപ്പെടെ നാല് പേരുമായി ‘പൊലാരിസ് ഡോൺ‘ 1,​400 കിലോമീറ്റർ ഉയരത്തിൽ ; ബഹിരാകാശത്ത് സഞ്ചാരികളുടെ നടത്തം ഇന്ന്

രണ്ട് വനിതകളുൾപ്പെടെ നാല് പേരുമായി ‘പൊലാരിസ് ഡോൺ‘ 1,​400 കിലോമീറ്റർ ഉയരത്തിൽ ; ബഹിരാകാശത്ത് സഞ്ചാരികളുടെ നടത്തം ഇന്ന്

വാഷിങ്ടൺ: ഭൂമിയിൽ നിന്ന് 1,​400 കിലോമീറ്റർ അകലെ ഭ്രമണപഥത്തിൽ എത്തിച്ചേർന്ന് സ്‌പേസ് എക്‌സിന്റെ ‘പൊലാരിസ് ഡോൺ‘ ദൗത്യം. 50 വർഷങ്ങൾക്കിടെ ആദ്യമായാണ് ഇത്രയും അകലെ മനുഷ്യനെത്തുന്നത്. നാസയുടെ അപ്പോളോ പദ്ധതിയായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ചരിത്രത്തിലാദ്യമായി സിവിലിയൻമാരുടെ ബഹിരാകാശ നടത്തം ലക്ഷ്യമിടുന്നതാണ് ദൗത്യം.

അമേരിക്കൻ സംരംഭകൻ ജറേഡ് ഐസക്‌മാൻ,​ യു.എസ് എയർഫോഴ്സ് മുൻ പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സ് എൻജിനിയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരുമായി ചൊവ്വാഴ്ചയാണ് ‘പൊലാരിസ് ഡോൺ‘ വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് ഇത്രയും ദൂരത്തിലെത്തുന്ന ആദ്യ വനിതകളാണ് അന്നയും സാറയും. ഇന്ന് ഇന്ത്യൻ സമയം രാവിലെ 11.53നാണ് സുപ്രധാനമായ ബഹിരാകാശ നടത്തം നിശ്ചയിച്ചിട്ടുള്ളത്. ജറേഡും സാറയുമാണ് പേടകത്തിന് പുറത്തിറങ്ങുക.

ദൗത്യത്തിനിടെ 40 ശാസ്ത്രീയ പരീക്ഷണങ്ങള്‍ സംഘം നടത്തും. ബഹിരാകാശത്ത് പ്രകൃതിദത്തമായ റേഡിയേഷന്റെ സഹായത്തോടെ എക്‌സ്-റേ മെഷീന്‍ ഇല്ലാതെ എക്‌സ്-റേ ചിത്രങ്ങള്‍ നേടാനുള്ള ശ്രമവും ഇതില്‍ ഉള്‍പ്പെടുന്നു. സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് നെറ്റ്വര്‍ക്ക് നല്‍കുന്ന ലേസര്‍ അധിഷ്ഠിത ആശയ വിനിമയവും സംഘം പരിശോധിക്കും.

മനുഷ്യരെ ചൊവ്വയിലേക്ക് അയക്കുന്നതിന് ഉപയോഗിക്കാവുന്ന പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. നേരത്തെ ആഗസ്റ്റ് 28 നായിരുന്നു വിക്ഷേപണം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഹീലിയം ചോര്‍ച്ച കാരണം വൈകുകയായിരുന്നു. ഫ്ലോറിഡയിലെ മോശം കാലാവസ്ഥ കാരണം ഇത് വീണ്ടും മാറ്റിവെച്ചിരുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.