വീണ്ടും കണ്ണീരണിഞ്ഞ് വയനാട്; ജെന്‍സന് ആയിരങ്ങളുടെ അന്ത്യാഞ്ജലി: നൊമ്പരപ്പൂവായ് ശ്രുതി

 വീണ്ടും കണ്ണീരണിഞ്ഞ് വയനാട്;  ജെന്‍സന് ആയിരങ്ങളുടെ അന്ത്യാഞ്ജലി: നൊമ്പരപ്പൂവായ് ശ്രുതി

കല്‍പ്പറ്റ: ഒരു നാടാകെ തീര്‍ത്ത കണ്ണീര്‍ പൂക്കളുടെ വഴിയിലൂടെ തന്റെ പ്രിയപ്പെട്ടവളുടെ കരസ്പര്‍ശമില്ലാത്ത നിത്യതയുടെ ലോകത്തേക്ക് ജെന്‍സന്‍ യാത്രയായി.

വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ ജെന്‍സന്റെ മൃതദേഹം ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍ വൈകുന്നേരത്തോടെ സംസ്‌കരിച്ചു.

തന്റെ പ്രിയപ്പെട്ടവനെ ശ്രുതി അവസാനമായി കണ്ട നിമിഷം ഹൃദയം നുറുങ്ങുന്നതായിരുന്നു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ജെന്‍സന്റെ മൃതദേഹം അവസാനമായി ശ്രുതിയെ കാണിച്ചത്.

തന്റെ കൈ പിടിച്ച് കൊണ്ടു നടന്നവന്റെ ജീവനറ്റ ശരീരം കണ്ട് ശ്രുതി വിങ്ങിപ്പൊട്ടിയപ്പോള്‍ കണ്ട് നിന്നവര്‍ക്കും കരച്ചിലടക്കാനായില്ല. വാഹാനാപകടത്തില്‍ ഇരുകാലുകള്‍ക്കും പരിക്കേറ്റ ശ്രുതി ഐസിയുവില്‍ ചികിത്സയിലാണ്. ബന്ധുക്കളാണ് പ്രതിശ്രുത വരന്‍ ജെന്‍സന്റെ മരണ വിവരം ശ്രുതിയെ അറിയിച്ചത്.

ജെന്‍സന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അമ്പലവയല്‍ ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം നടത്തി. ആയിരങ്ങളാണ് ആ ചെറുപ്പക്കാരനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്.


പലരും ജെന്‍സന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടി. പിന്നീട് ആണ്ടൂരിലെ വീട്ടിലും മൃതദേഹം കുറച്ചു സമയം പൊതുദര്‍ശനത്തിന് വച്ചു. അതിന് ശേഷം സംസ്‌കാരത്തിനായി ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളിയിലേക്ക് കൊണ്ടു പോയി.

ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ കല്‍പ്പറ്റ വെള്ളാരംകുന്നിന് സമീപം ജെന്‍സന്‍ ഓടിച്ച വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ ഇന്നലെ രാത്രി ഒന്‍പത് മണിയോടെ മരണത്തിനു കീഴടങ്ങി.

ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരണപ്പെട്ടു. അഛന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേരെ ദുരന്തത്തില്‍ നഷ്ടമായി. പുതിയ വീടും വിവാഹത്തിനായി കരുതിവച്ചിരുന്ന നാല് ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണവും ഒലിച്ചു പോയി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ ശ്രുതിക്ക് കൂട്ടായി ജെന്‍സന്‍ എപ്പോഴുമുണ്ടായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ദുരന്തക്കിന് ഒരു മാസം മുമ്പാണ് ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.