ഡാളസ്: കണ്ണൂര്‍, ധര്‍മശാല ഗവര്‍ണമെന്റ് എഞ്ചിനിയറിങ് കോളജ് 1996 - 2000 ബാച്ച്, ഡാലസില്‍ സംഘടിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം അവിസ്മരണീയമായി. അമേരിക്കയിലേക്ക് കുടിയേറിയ 24 പൂര്‍വ വിദ്യാര്‍ത്ഥികളും അവരുടെ കുടുബാംഗങ്ങളൊപ്പം 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നുചേര്‍ന്നപ്പോള്‍ ഏവര്‍ക്കും അത് ഹൃദയഹാരിയായ അനുഭവമായി മാറി.

ഡാളസിലെ റോക്ക്വാള്‍ മാരിയറ്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലായിരുന്നു  'ധര്‍മശാല ടു ഡാളസ്' എന്ന ടാഗ് ലൈനില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികൂട്ടായ്മ അരങ്ങേറിയത്. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിങ് 1976 ബാച്ച് സിവില്‍ എന്‍ജിനിയറിങ് ബിരുദധാരിയായ ഹേമലത സോമസുന്ദരം വിളക്ക് തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ഇന്ത്യയിലും വിദേശത്തുമുള്ള  ഈ ബാച്ചിലെ മറ്റു പൂര്‍വ്വവിദ്യാര്‍ഥികളുടെ വീഡിയോ ആശംസാ സന്ദേശങ്ങളും  സംഗമത്തിനു മധുരമേകി. പ്രശസ്ത പിന്നണി ഗായിക കെ.എസ്  ചിത്രയുടെയുടെ ആശംസകള്‍ ഇതിനിടെ ഇരട്ടി മധുരമായി.
കോളജ് ജീവിതത്തിലെ ഫോട്ടോയും വീഡിയോകളും വേദിയില്‍ പ്രദര്‍ശിപ്പിച്ചതോടെ ഏവരും തങ്ങളുടെ കാലലയത്തിന്റെ ഗ്യഹാതുര ഓര്‍മകളിലേക്ക് തിരികെ നടന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും എല്ലാവരുടെയും മനസില്‍ കലാലയ ഓര്‍മകളുടെ മാധുര്യം നിറം കെടാതെ നിലനില്‍ക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയായി പിന്നീട് അരങ്ങേറിയ  കലാപരിപാടികള്‍.

ഓണാഘോഷത്തിനൊരുക്കമായി നടത്തിയ തിരുവാതിരയോടെയാണ് കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. നര്‍മത്തില്‍ പൊതിഞ്ഞ്  ക്യാംപസ് ജീവിതത്തിലെ ഓര്‍മകളെ കോര്‍ത്തിണക്കിയിള്ള അവതാരകരുടെ കഥാവതരണ ശൈലി എല്ലാവരിലും പൊട്ടിചിരി ഉയര്‍ത്തി. 2000 ബാച്ചുകളിലെ പൂര്‍വ്വവിദ്യാര്‍ഥി സുഹൃത്തുക്കള്‍ ഒരുമിച്ച ഫ്ളാഷ് മോബും മെക്കാനിക്കല്‍ ബാച്ചിന്റെ (Djangos) ന്റെ ഇന്‍സ്റ്റന്റ് മോബും സംഗമം കൂടുതല്‍ ആവേശകരമാക്കി.
ഹൃദ്യമായ ഒട്ടേറെ ഗാനങ്ങള്‍, ചടുലമായി ഒരുക്കിയ ഡാന്‍സ് റീല്‍സ് എന്നിവ പരിപാടിയെ കൂടുതല്‍ ആകര്‍ഷണീയമാക്കി. കുട്ടികള്‍ക്കായി പ്രത്യേക മാജിക്ക് ഷോയും സംഘടിപ്പിച്ചു. പങ്കെടുത്ത കുടുബാംഗങ്ങള്‍ക്കായി  കാരിക്കേച്ചര്‍ സ്‌കെച്ചിങ്ങും ഒരുക്കിയിരുന്നു.

ആറ് വയസ് മുതല്‍ 19 വയസ് വരെയുള്ള പുതുതലമുറയും പൂര്‍ണ പങ്കാളിത്തവുമായി മുന്നിട്ടിറങ്ങിയപ്പോള്‍ സൗഹൃദകൂട്ടായ്മക്കപ്പുറം ഒരു കുടുംബസംഗമ വേദി കൂടിയായി കണ്ണൂര്‍ ഗവര്‍ണമെന്റ് എഞ്ചിനിയറിങ് കോളജിന്റെ പ്രവാസി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം. ജീവിതത്തിന്റെ തിരക്കുകള്‍ മറന്നു സൗഹൃദത്തിന്റെ വസന്തകാലം വീണ്ടെടുക്കാന്‍ സംഘടിപ്പിച്ച സൗഹൃദസംഗമം ഓര്‍ത്തുവയ്ക്കാന്‍ സുഖമുള്ള ഒട്ടേറെ ഓര്‍മ്മകള്‍ സമ്മാനിച്ചതായി പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തി.  
റോബിന്‍സ് മാത്യു, പ്രവീന്‍ സോമസുന്ദരം, ശ്രീജുമോന്‍ പുരയില്‍ , സുധാര്‍ ലോഹിതാക്ഷന്‍, ഷൈജു കൊഴുക്കുന്നോന്‍, അനുപ ഉണ്ണി എന്നിവരാണ് കോര്‍ഡിനേറ്ററുമാരായി സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. ശ്രീ റാം വൃന്ദ, ജിഷ പദ്മനാഭന്‍, നവീന്‍ കൊച്ചോത്ത്, സിന്ധു നായര്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2000 ബാച്ചിന്റെ സില്‍വര്‍ ജൂബിലിക്കായി വരും വര്‍ഷം തങ്ങളുടെ പ്രീയ കലാലയത്തിന്റെ പടിമുറ്റത്ത് വീണ്ടും സംഗമിക്കാമെന്നുള്ള പ്രതീക്ഷകളുമായാണ് പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനത്തിനു തിരശീല വീണത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.