ബോറിസ് കൊടുങ്കാറ്റില്‍ യൂറോപ്പ് മുങ്ങി; രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തില്‍ 15 മരണം, പാലങ്ങളും വീടുകളും ഒഴുകിപ്പോയി

ബോറിസ് കൊടുങ്കാറ്റില്‍ യൂറോപ്പ് മുങ്ങി; രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തില്‍ 15 മരണം, പാലങ്ങളും വീടുകളും ഒഴുകിപ്പോയി

വാര്‍സോ: മധ്യയൂറോപ്പില്‍ ഒരാഴ്ചയായി തുടരുന്ന പേമാരിയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്‌ലൊവാക്യ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബോറിസ് കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത പേമാരി നാശം വിതച്ചത്. രണ്ട് പതിറ്റാണ്ടിനിടെ യൂറോപ്പിലുണ്ടാകുന്ന ഏറ്റവും വലിയ പ്രളയമാണിത്.

ചെക്ക് റിപ്പബ്ലിക്കിന്റെയും പോളണ്ടിന്റെയും അതിര്‍ത്തിയിലെ നദികളില്‍ ജലനിരപ്പ് അപകടരേഖ കടന്നു. പലയിടത്തും പാലങ്ങളും വീടുകളും ഒഴുകിപ്പോയി.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പോളണ്ട്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക് എന്നിവിടങ്ങളില്‍ നിന്നായി 12,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ചെക്ക് റിപ്പബ്ലിക് അതിര്‍ത്തിക്കടുത്തുള്ള ഗ്ലൂക്കോളാസിയില്‍ വെള്ളപ്പൊക്കത്തില്‍ പാലം തകര്‍ന്നു. പോളണ്ടില്‍ നിന്ന് റൊമാനിയയിലേക്ക് ഒഴുകുന്ന പല നദികളും കരകവിഞ്ഞൊഴുകിയതും ദുരന്തത്തിന്റെ ആഘാതം കൂട്ടി. മൊറാവ നദി നിറഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് 70% പ്രദേശങ്ങളിലും വെള്ളം ക്രമാതീതമായി പൊങ്ങി. സ്‌ട്രോണി സ്ലാസ്‌കിയില്‍ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഒരു വീട് ഒലിച്ചുപോയി. പേമാരിയില്‍ റൊമാനിയയില്‍ മാത്രം ആറ് പേരാണ് മരിച്ചത്.

ഓസ്ട്രിയയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്‌നിരക്ഷാപ്രവര്‍ത്തന്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി പേരെ കാണാതായി. കരകവിഞ്ഞു. തിങ്കളാഴ്ച വരെ മേഖലയില്‍ കനത്ത പേമാരിയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

പതിനായിരങ്ങള്‍ക്ക് പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി തടസ്സപ്പെട്ടു. വിയന്നയെ പ്രകൃതിദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെക്ക് റിപ്പബ്ലിക്കിലെ ജെസെനിസില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 43.5 സെ.മി മഴയാണ് രേഖപ്പെടുത്തിയത്. ഇതാണ് ഇവിടെ പ്രളയത്തിന് ഇടയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.