'പേജര്‍ സ്ഫോടനവുമായി റിന്‍സന് ബന്ധമില്ല'; നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന് ബള്‍ഗേറിയയുടെ ക്ലീന്‍ ചിറ്റ്

 'പേജര്‍ സ്ഫോടനവുമായി റിന്‍സന് ബന്ധമില്ല'; നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന് ബള്‍ഗേറിയയുടെ ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: പേജര്‍ സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിന്‍സന്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന് ബള്‍ഗേറിയയുടെ ക്ലീന്‍ ചിറ്റ്. കമ്പനി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ബള്‍ഗേറിയന്‍ സ്റ്റേറ്റ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഒരു കമ്മ്യൂണിക്കേഷന്‍ ഉപകരണവും ബള്‍ഗേറിയയില്‍ നിര്‍മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടില്ല. നോര്‍ട്ട ഗ്ലോബല്‍ ബള്‍ഗേറിയയില്‍ നിന്ന് തായ്‌വാനിലേക്ക് കയറ്റിറക്കുമതി നടത്തിയതിന് രേഖകളില്ലെന്നും സ്റ്റേറ്റ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് ഹംഗേറിയന്‍ കടലാസ് കമ്പനി ബി.എ.സി കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ കടലാസ് കമ്പനിയാണ് ബി.എ.സിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ബി.എ.സി കടലാസ് കമ്പനി മാത്രമാണെന്നും റിന്‍സന്‍ ജോസിന്റെ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങിയതെന്നുമാണ് ഹംഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നത്.

അതേസമയം റിന്‍സന്‍ ചതിക്കപ്പെട്ടതാവാമെന്നും തെറ്റു ചെയ്യില്ലെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും അമ്മാവന്‍ തങ്കച്ചന്‍ പ്രതികരിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിരുന്നില്ലെന്നും അദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് റിന്‍സന്‍ അവസാനം നാട്ടിലെത്തിയത്. റിന്‍സന്‍ പഠിച്ചതും വളര്‍ന്നതും നാട്ടില്‍തന്നെയാണ്. ജോലിക്കായാണ് നോര്‍വയിലേക്ക് പോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.