ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ബാലിസ്റ്റിക് മിസൈലും നവീകരിച്ച ആക്രമണ ഡ്രോണും അവതരിപ്പിച്ച് ഇറാന്‍. കഴിഞ്ഞ ദിവസം നടന്ന മിലിട്ടറി പരേഡിലാണ് ജിഹാദ് മിസൈല്‍ എന്ന് പേരിട്ട മിസൈലും അപ്‌ഡ്രേഡ് ചെയ്ത അറ്റാക്ക് ഡ്രോണും ഇറാന്‍ അവതരിപ്പിച്ചത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് എയ്റോസ്പേസ് ഡിവിഷനാണ് ജിഹാദ് മിസൈല്‍ രൂപകല്‍പ്പന ചെയ്തത്. 1,000 കിലോമീറ്റര്‍ (600 മൈലിലധികം) പ്രവര്‍ത്തന പരിധിയുള്ളതാണ് മിസൈല്‍. ഷാഹെദ്-136 ഡ്രോണിന്റെ നവീകരിച്ച പതിപ്പായ 136ബി ഡ്രോണും പരേഡില്‍ അവതരിപ്പിച്ചു. 4,000 കിലോമീറ്ററിലധികം ദൂരത്തില്‍ ആക്രമണം നടത്താന്‍ ഇവയ്ക്ക് സാധിക്കും.
ഇറാഖുമായി 1980-88 കാലയളവിലെ യുദ്ധത്തെ അനുസ്മരിച്ച് ടെഹ്റാനില്‍ നടന്ന വാര്‍ഷിക പരേഡില്‍ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പങ്കെടുത്തു. തങ്ങളുടെ പ്രതിരോധശേഷി വളരെയധികം വളര്‍ന്നതായും ഇറാനെതിരെയുള്ള ആക്രമണത്തെക്കുറിച്ച് ഒരു ശത്രുവും ചിന്തിക്കില്ലെന്നും ഇസ്രയേലിനുള്ള മുന്നറിയിപ്പായി അദ്ദേഹം പറഞ്ഞു.
ഇസ്രയേലിനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യമാണ് ഇറാന്‍. ഇറാന്‍ അനുകൂലികളായ ലെബനിലെ ഹിസ്ബുള്ളയും ഇസ്രയേലുമായി തുറന്ന പോരിലാണിപ്പോള്‍. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ലബനില്‍ നടന്ന ആക്രമണത്തിന്, ഇറാനൊപ്പം ചേര്‍ന്ന് വലിയ തിരിച്ചടി നല്‍കാനാണ് ഹിസ്ബുള്ളയും അണിയറയില്‍ പദ്ധതി തയ്യാറാക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഹൈഫയ്ക്ക് സമീപമുള്ള റാമത്ത് ഡേവിഡ് വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് ഹിസ്ബുള്ളയുടെ ആക്രമണമുണ്ടായത്. ഇസ്രയേല്‍ ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രണത്തിന് തിരിച്ചടിയാണ് ആക്രമണം. ഇസ്രയേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് അടക്കം 37 പേരാണ് കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിയിലുണ്ടായ നാശനഷ്ടം എത്രയെന്ന് വ്യക്തമായിട്ടില്ല.
ലെബനനില്‍ നിന്നുള്ള റോക്കറ്റുകള്‍ ഹൈഫയിലും നസ്രത്തിലും തടഞ്ഞതായി പ്രാദേശിക ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാഡി1, ഫാഡി2 എന്നിങ്ങനെ രണ്ട് പുതിയ മിസൈലുകളാണ് ആക്രണത്തിന് ഉപയോഗിച്ചതെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.
വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ളയുടെ ആക്രമണത്തെത്തുടര്‍ന്ന് നഹരിയ, തിബെരിയാസ്, സഫേദ്, ഹൈഫ എന്നീ നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.