കൊച്ചി: വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയില്‍ രാജ്യം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങള്‍ക്ക് വഖഫ് നിയമങ്ങളുടെ പേരില്‍ നീതി നിഷേധിക്കപ്പെടുന്നത് തികച്ചും മനുഷ്യത്വരഹിതമാണെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി.
ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തിന് ചേരാത്ത വിധത്തില്‍ നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന രീതിയില്‍ വിചിത്രമായ ചില നിയമങ്ങളുടെ പേരില്‍ പൗരന്മാരുടെ അവകാശങ്ങളെ ചോദ്യം ചെയ്തു കൊണ്ട് ഒരു ജീവിതായുസിന്റെ കഷ്ടപ്പാട് മുഴുവന്‍ നല്‍കി പൂര്‍വികര്‍ വില കൊടുത്തു വാങ്ങിയ സ്ഥലത്തിന് തങ്ങള്‍ക്ക് ഒരു അവകാശവും ഇല്ല എന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി ചോദ്യം ഉന്നയിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നെങ്കിലും നിത്യവൃത്തിക്കായി കടലിനെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരായ കൊച്ചി മുനമ്പം തീരദേശത്തെ ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അനുഭവിക്കുന്ന യാതനകള്‍ വളരെയേറെയാണ്. സ്വന്തം പേരില്‍ ഉള്ള ഭൂമി കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പണയം വയ്ക്കാനോ സാധിക്കാത്ത അവസ്ഥ. ഭൂമിയുടെ ഉടമസ്ഥനെങ്കിലും ആ ഭൂമിയില്‍ ഒരു അവകാശവും ഇല്ലാത്ത അവസ്ഥ.
വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചതിന്റെ പേരില്‍ സ്വന്തം സ്ഥലത്തിന്റെ അവകാശത്തിന് വേണ്ടി അധികാരികളുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ തികച്ചും പ്രതിഷേധകരമാണ്. കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയും അതിനോട് ചേര്‍ന്ന 610 കുടുംബങ്ങളുടെ സ്ഥലങ്ങളും ഉള്‍പ്പെടെ അന്യായമായി വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുമ്പോള്‍ പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ റവന്യൂ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണ്. വര്‍ഷങ്ങളായി നികുതി അടച്ചു കൈവശം വച്ചിരിക്കുന്ന ഭൂമി പെട്ടന്നൊരു നാളില്‍ തങ്ങളുടേതല്ല എന്ന് പറയുന്നതിന്റെ വിരോധാഭാസം എത്ര നിയമങ്ങളുടെയും ഭേതഗതികളുടെയും തുലാസില്‍ വച്ച് അളന്നാലും ഇവരുടെ കണ്ണീരിന്റെ വിലയ്‌ക്കൊപ്പം ആവില്ലെന്നും കെ.സി.വൈ.എം കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ പാലിക്കുന്ന മൗനം ആശാസ്യകരമല്ല എന്നും മുനമ്പത്തെ നാനാജാതി മതസ്ഥരായ ജനങ്ങളെ അവരുടെ കിടപ്പാടം ഇല്ലാതാക്കിക്കൊണ്ട് കുടിയിറക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും കെ.സി.വൈ.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് എം.ജെ ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാലില്‍ ജോസഫ്, വൈസ് പ്രസിഡന്റുമാരായ അനു ഫ്രാന്‍സിസ്, ഷിബിന്‍ ഷാജി, സംസ്ഥാന സെക്രട്ടറിമാരായ സുബിന്‍ സണ്ണി, അഗസ്റ്റിന്‍ ജോണ്‍, മരീറ്റ തോമസ്, മെറിന്‍ എം.എസ്, ട്രഷറര്‍ ഡിബിന്‍ ഡോമിനിക്, സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, അസി. ഡയറക്ടര്‍ സിസ്റ്റര്‍ നോര്‍ബര്‍ട്ട സി.റ്റി.സി എന്നിവര്‍ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.