കോപ്പന്‍ഹേഗന്‍: ഇസ്ലാമിക മതഗ്രന്ഥം കത്തിച്ചതിന് പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ സന്ദേശം പ്രചരിച്ചതിനു പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് സ്വീഡന്‍. സ്വീഡിഷ് കമ്പനിയുടെ എസ്.എം.എസ് സംവിധാനം ഹാക്ക് ചെയ്ത് ഇറാന്‍ സൈന്യമായ റവലൂഷണറി ഗാര്‍ഡ് സന്ദേശമയയ്ക്കുകയായിരുന്നു.
സ്വീഡിഷ് ഭാഷയില്‍ 15,000-ത്തിലധികം ടെക്സ്റ്റ് മെസേജുകളാണ് അയച്ചതെന്ന് അധികൃതര്‍ പറയുന്നു. എസ്എംഎസ് സേവനം നല്‍കുന്ന സ്വീഡിഷ് കമ്പനിയില്‍ സൈബര്‍ ആക്രമണം നടത്തിയത് റവലൂഷണറി ഗാര്‍ഡ് ആണെന്നാണ് സ്വീഡന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ കമ്പനിയുടെ പേര് വ്യക്തമാക്കിയിട്ടില്ല. 2023 ഓഗസ്റ്റിലാണ്, മതഗ്രന്ഥം കത്തിച്ചതിന് പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് സന്ദേശങ്ങള്‍ പ്രചരിച്ചത്.
അതേസമയം, സ്റ്റോക്ക്‌ഹോമിലെ ഇറാന്‍ എംബസി ആരോപണങ്ങള്‍ നിരസിച്ചു. ആരോപണം അടിസ്ഥാനരഹിതവും ഇരു രാജ്യങ്ങളുടെയും ബന്ധത്തിന് ഹാനികരമാണെന്നും വിശേഷിപ്പിച്ചു.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്‍സു എന്ന സൈബര്‍ ഗ്രൂപ്പിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി സ്വീഡന്‍ വെളിപ്പെടുത്തി. ഈ ഗ്രൂപ്പ് സ്വീഡിഷ് കമ്പനിയുടെ എസ്എംഎസ് സേവനം ഹാക്ക് ചെയ്യുകയും പാസ് വേഡുകളും ഉപയോക്തൃനാമങ്ങളും കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനം കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് സ്വകാര്യ വ്യക്തികള്‍ക്ക് സന്ദേശം അയയ്ക്കുകയായിരുന്നു. 'മതഗ്രന്ഥത്തെ അപമാനിച്ചവര്‍ അവരുടെ പ്രവര്‍ത്തനത്തിന് ശിക്ഷിക്കപ്പെടണം' എന്നായിരുന്നു ഉള്ളടക്കം.
സ്വീഡനെതിരെയുള്ള ഭീഷണികള്‍ വര്‍ധിക്കാന്‍ ഇത്തരം സന്ദേശങ്ങള്‍ ഭാഗികമായി വിജയിച്ചിട്ടുണ്ടെന്ന് സ്വീഡനിലെ സുരക്ഷാ സേവനമായ സാപോ വിലയിരുത്തി.
ഇറാനിയന്‍ ഹാക്കര്‍മാരുടെ ഐഡന്റിറ്റി തിരിച്ചറിയുന്നതില്‍ അന്വേഷകര്‍ വിജയിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതികളെ കൈമാറാന്‍ മാര്‍ഗമില്ലാത്തതിനാല്‍ അന്വേഷണം ഉപേക്ഷിച്ചെന്നും പ്രോസിക്യൂട്ടര്‍ മാറ്റ്സ് ലുങ്ക്വിസ്റ്റ് പറഞ്ഞു. ഇറാന്‍ പോലുള്ള വിദേശ ശക്തികള്‍ ഭിന്നിപ്പുണ്ടാക്കാനും സ്വന്തം ഭരണകൂടങ്ങളെ ശക്തിപ്പെടുത്താനുമുള്ള അവസരങ്ങള്‍ മുതലെടുക്കുകയാണെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
ഇറാനെപ്പോലുള്ള ഒരു രാജ്യം സ്വീഡനെ അസ്ഥിരപ്പെടുത്താനോ രാജ്യത്ത് ധ്രുവീകരണം വര്‍ധിപ്പിക്കാനോ ലക്ഷ്യമിടുന്നത് വളരെ ഗൗരവതരമാണെന്ന് നീതിന്യായ മന്ത്രി ഗുന്നര്‍ സ്‌ട്രോമര്‍ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയ്ക്കും ചൈനയ്ക്കും ഒപ്പം ഇറാനും സ്വീഡന് ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.