ലെബനനില്‍ സംഘര്‍ഷം രൂക്ഷമാകുന്നത് അംഗീകരിക്കാനാവില്ല; സമാധാനത്തിനായി രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പ

ലെബനനില്‍ സംഘര്‍ഷം രൂക്ഷമാകുന്നത് അംഗീകരിക്കാനാവില്ല; സമാധാനത്തിനായി രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ലെബനനിലെ സംഘര്‍ഷാവസ്ഥയില്‍ കടുത്ത ഉത്കണ്ഠയും ദുഖവും രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും രാജ്യാന്തര സമൂഹം ഇടപെടണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രതിവാര പൊതുദര്‍ശന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

കനത്ത ബോംബിങ്ങില്‍ മരണവും നാശവും നടക്കുന്ന ലെബനനില്‍ നിന്നുള്ള വാര്‍ത്തകള്‍ തന്നെ ദുഃഖിപ്പിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. നിരവധി ജീവനുകളാണ് ഈ ദിവസങ്ങളില്‍ ലെബനനില്‍ പൊലിഞ്ഞതെന്നും മറ്റ് നിരവധി പേര്‍ ഇരകളായിട്ടുണ്ടെന്നും, ഒരുപാട് നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ ഈ ആക്രമണങ്ങള്‍ കാരണമായെന്നും പാപ്പാ പറഞ്ഞു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ പാപ്പാ ലെബനീസ് ജനതയുടെ സഹനത്തില്‍ താനൊപ്പമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഉക്രെയ്‌നില്‍ യുദ്ധക്കെടുതി നേരിടുന്നവര്‍ക്കും ഇറാനിലെ കല്‍ക്കരി ഖനി സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്കും വേണ്ടി മാര്‍പാപ്പ പ്രാര്‍ഥിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. കടുത്ത യാതനയനുഭവിക്കുന്ന ഉക്രെയ്‌നെയും മ്യാന്മാര്‍ പാലസ്തീന്‍, ഇസ്രയേല്‍, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സഹനങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ ജനതകളെയും മറക്കാതിരിക്കാമെന്നും പാപ്പാ പറഞ്ഞു. സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.