അമേരിക്കയിലെ ജഡ്ജിയും മലയാളിയുമായ കെ.പി ജോര്‍ജ് അറസ്റ്റില്‍; തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം

അമേരിക്കയിലെ ജഡ്ജിയും മലയാളിയുമായ കെ.പി ജോര്‍ജ് അറസ്റ്റില്‍;  തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം

ടെക്‌സാസ്: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെതുടര്‍ന്ന് മലയാളി ന്യായാധിപന്‍ അമേരിക്കയില്‍ അറസ്റ്റില്‍. പത്തനംതിട്ട കോന്നി സ്വദേശിയും ടെക്‌സാസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയുമായ കെ.പി ജോര്‍ജാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി വ്യാജ സമൂഹ മാധ്യമ അക്കൗണ്ട് ഉപയോഗിച്ചു എന്നതടക്കമുള്ള ഗൗരവതരമായ പരാതികളിലാണ് അറസ്റ്റ്. അതേസമയം, നീതി വിജയിക്കുമെന്നും താന്‍ നിരപരാധിയാണെന്നും സ്ഥാനം രാജി വയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജോര്‍ജിനെ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജയിലില്‍ അടയ്ക്കുകയും ചെയ്തു.

താന്‍ വംശീയ ആക്രമണത്തിന് വിധേയനായെന്ന് പല തവണ വ്യാജ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തു. സഹതാപം പിടിച്ചുപറ്റാനും സ്വാധീനം ചെലുത്താനും ശ്രമിച്ചെന്നതാണ് കേസ്. 'അന്റോണിയോ സ്‌കാലിവാഗ്' എന്ന പേരിലായിരുന്നു ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്.

കെ.പി ജോര്‍ജിന്റെ ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ഇന്ത്യക്കാരന്‍ തരാല്‍ പട്ടേലാണ് അക്കൗണ്ട് സൃഷ്ടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ജോര്‍ജിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നാണ് ഇതെന്നാണ് കണ്ടെത്തല്‍. വ്യക്തമായ ആശയവിനിമയത്തിന് ശേഷമായിരുന്നു അക്കൗണ്ടില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നത്.

ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കെ.പി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 1,000 ഡോളറിന്റെ ബോണ്ട് നല്‍കിയാണ് കെ.പി ജോര്‍ജ് പുറത്തിറങ്ങിയത്. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ ഭരണം നിര്‍വഹിക്കുന്ന അഞ്ചംഗ സമിതിയില്‍ ഏറ്റവുമധികം വോട്ട് നേടി വിജയിച്ച കെ.പി ജോര്‍ജ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്നു. രണ്ടാം തവണയാണ് അദ്ദേഹം കൗണ്ടി ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രെവര്‍ നെല്‍സ് ആയിരുന്നു എതിരാളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.