വാഷിങ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രേഖകള്‍ ഹാക്ക് ചെയ്തതിന് സൈബര്‍ ചാരവൃത്തിയുമായി ബന്ധപ്പെട്ട് മൂന്ന് ഇറാനികള്‍ക്കെതിരെ കുറ്റം ചുമത്തി യുഎസിലെ ഗ്രാന്‍ഡ് ജൂറി. ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് നീക്കം. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രചാരണ സംഘത്തിലെ അംഗങ്ങളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരുന്നത്.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് (IRGC) വേണ്ടി ഒരു വര്‍ഷത്തോളം നീണ്ട ഹാക്കിങ് ഓപ്പറേഷന്‍ നടത്താന്‍ മൂന്ന് പ്രതികളും മറ്റ് നിരവധി ഹാക്കര്‍മാരുമായി ഗൂഢാലോചന നടത്തിയതായി യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രധാന വ്യക്തികള്‍ക്കും ഈ വിവരങ്ങള്‍ ഹാക്കര്‍മാര്‍ അയച്ചതായി ആരോപിക്കപ്പെടുന്നു. ബൈഡന്‍ പിന്മാറുകയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്യുന്നതിന് മുമ്പായിരുന്നു ഇത്.
ട്രംപിന്റെ പ്രചാരണ പരിപാടികളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ അവർ മനപൂർവ്വം ശ്രമങ്ങൾ നടത്തിയെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് ഗാർലന്റ് ചൂണ്ടിക്കാണിച്ചു. ട്രംപിന്റെ പ്രസിഡൻഷ്യൽ ക്യാമ്പെയ്ന്റെ ഭാഗമായ ഒരു ഉന്നത ഉദ്യോഗസ്ഥന് 2024 ജൂണിൽ ഇറാനിയൻ ഹാക്കർമാർ ഒരു ഹാക്കിങ് മെയിൽ അയച്ചതായി മൈക്രോസ്ഫോറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരു വിദേശരാജ്യമല്ല അമേരിക്കയിലെ തിരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിക്കുന്നതെന്നും സർക്കാരിന്റെ സന്ദേശം വ്യക്തമാണെന്നും ഗാർലന്റ് പറയുന്നു. എന്നാൽ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ എത്രത്തോളം വിജയിച്ചുവെന്നോ, ഏത് ഉദ്യോഗസ്ഥരെയാണ് ഇറാനിയൻ സംഘം ലക്ഷ്യമിട്ടതെന്നോ ഉള്ള വിവരങ്ങൾ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.