പാലാക്കുന്നേല്‍ വല്യച്ചന്റെ ചരമ ജൂബിലി നാളെ; കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിപാടികള്‍

പാലാക്കുന്നേല്‍ വല്യച്ചന്റെ ചരമ ജൂബിലി നാളെ; കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിപാടികള്‍

ചങ്ങനാശേരി: ഭാരത നസ്രാണി ചരിത്രത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്ന പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാരുടെ ചരമ ശതോത്തര രജത ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി 'കുടുംബങ്ങള്‍ക്കായി അല്‍പനേരം' എന്നപേരില്‍ അര്‍ധദിന ശില്‍പശാല സംഘടിപ്പിക്കും.

വല്യച്ചന്റെ പ്രേഷിത മേഖല ആയിരുന്ന എരുമേലി കൊരട്ടിയിലുള്ള പഴയ പള്ളി ഇടവകയിലാണ് ശില്‍പശാല. നാളെ ഉച്ചകഴിഞ്ഞ് 2:30 മുതല്‍ നടക്കുന്ന പരിപാടികള്‍ ഇടവക വികാരി ഫാ. കുര്യക്കോസ് വടക്കേടത്ത് ഉദ്ഘാടനം ചെയ്യും. പാലാക്കുന്നേല്‍ കുടുംബയോഗം സെക്രട്ടറി ബിജോയ് സ്‌കറിയ വല്യച്ചന്‍ അനുസ്മരണം നടത്തും.

തുടര്‍ന്ന് നടക്കുന്ന ശില്‍പശാലയില്‍ ആധുനിക കാലത്തിന്റെ വെല്ലുവിളികള്‍ നേരിടുവാന്‍ കുടുംബങ്ങളെ സജ്ജമാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളെക്കുറിച്ച് സൈക്കോളജിസ്‌റ് ഡോ. പി.എം ചാക്കോ ക്ലാസ് നയിക്കും.

ഒക്ടോബര്‍ മൂന്നിന് പാമ്പാടി കുറ്റിക്കല്‍ സെന്റ് തോമസ് സ്‌കൂളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'കുട്ടികളെ കേള്‍ക്കാന്‍ അല്‍പനേരം' എന്ന പ്രോഗ്രാമില്‍ പതിഞ്ചോളം പ്രഗല്‍ഭരായ കൗണ്‍സിലര്‍മാര്‍ പങ്കെടുക്കും.

കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന് ഒരു പരിഹാരമെന്നവണ്ണം പൊതു വിദ്യാലയങ്ങളില്‍ ഇത്തരം കൗണ്‍സിലിങ് പ്രോഗ്രാമുകള്‍ സൗജന്യമായി സംഘടിപ്പിക്കുവാന്‍ ഡോ. പി.എം ചാക്കോയുടെ നേതൃത്വത്തില്‍ ഒരു ടീം ഈ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതാണ്.

ഇത് കൂടാതെ സുറിയാനി ഭാഷാ സെമിനാര്‍, നസ്രാണികളുടെ സത്വബോധം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആഗോള തലത്തില്‍ നടത്തപ്പെടുന്ന ഉപന്യാസ മത്സരം, ഓണ്‍ലൈന്‍ പ്രസംഗ മത്സരം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളും ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കുടുംബയോഗം സെക്രട്ടറി ബിജോയി സ്‌കറിയാ പാലാക്കുന്നേല്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.