അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്ക് പകരം സിനിമാ നടന്റെ ചിത്രം പതിച്ച വ്യാജ നോട്ടുകള്‍ പൊലീസ് പിടികൂടി. ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ചിത്രമുള്ള 1.60 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും പിടികൂടിയത്.
നോട്ടുകളില്‍ 'റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ' എന്നതിന് പകരം 'റിസോള്‍ ബാങ്ക് ഒഫ് ഇന്ത്യ' എന്നാണ് അച്ചടിച്ചിരിക്കുന്നത്. വ്യാജ നോട്ടുകളുടെ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പലരും നോട്ടുകളുടെ ചിത്രം കണ്ട് ഞെട്ടിയെങ്കിലും ഭൂരിഭാഗം പേരും വലിയ തമാശയായാണ് ഇതിനെ കണ്ടത്. വ്യാജ നോട്ടുകളുടെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് സൂറത്തിലെ ഒരു ഓണ്‍ലൈന്‍ വസ്ത്ര വില്‍പ്പന ശാലയില്‍ നിന്നും വ്യാജ നോട്ടുകള്‍ നിര്‍മിക്കുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നടന്‍ ഷാഹിദ് കപൂര്‍ അഭിനയിച്ച 'ഫാര്‍സി' എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതികള്‍ വ്യാജ നോട്ടുകള്‍ നിര്‍മിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജ്ദീപ് നകം പറഞ്ഞു. വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് സമ്പന്നനാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഓണ്‍ലൈനായി വസ്ത്ര വ്യാപാരം നടത്താനെന്ന വ്യാജേന ഒരു കെട്ടിടം വാടകയ്ക്കെടുത്ത ശേഷമാണ് പ്രതികള്‍ നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങിയത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സൂറത്ത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.