'ഒക്ടോബര്‍ ഏഴ് ആവര്‍ത്തിക്കാന്‍ ഹിസ്ബുള്ളയും പദ്ധതിയിട്ടു'; ഒരേ സമയം മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ച് ഇസ്രയേലിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്

'ഒക്ടോബര്‍ ഏഴ് ആവര്‍ത്തിക്കാന്‍ ഹിസ്ബുള്ളയും പദ്ധതിയിട്ടു'; ഒരേ സമയം മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ച് ഇസ്രയേലിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്

ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍, യെമനില്‍ വൈദ്യുതി നിലയങ്ങള്‍, തുറമുഖം, ഗാസയില്‍ ഹമാസിന്റെ ഒളിത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നത്.

ടെല്‍ അവീവ്: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തങ്ങളുടെ രാജ്യത്ത് നടത്തിയ ആക്രമണത്തിന് സമാനമായ മറ്റൊരാക്രമണം ലെബനനിലെ ഇസ്ലാമിക സായുധ സംഘടനയായ ഹിസ്ബുള്ളയും ആസൂത്രണം ചെയ്തിരുന്നതായി വെളിപ്പെടുത്തി ഇസ്രയേല്‍.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ലേറെ ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടിരുന്നു. സമാനമായി അതിര്‍ത്തി പ്രദേശത്തെ ഗ്രാമങ്ങളില്‍ അതിക്രമിച്ച് കയറി വീടുകള്‍ ആക്രമിച്ച് സാധാരണ ജനങ്ങളെ കൊലപ്പെടുത്താനാണ് ഹിസ്ബുള്ള തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ആ പദ്ധതിയാണ് തങ്ങള്‍ തകര്‍ത്തതെന്നും ഇസ്രയേല്‍ പ്രതിരോധ സേനയുടെ വക്താവ് ഡാനിയേല്‍ ഹഗാരി വ്യക്തമാക്കി.

രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം അറിയിച്ചതോടെയാണ് തെക്കന്‍ ലെബനനില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹിസ്ബുള്ളയുടെ സംവിധാനങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യമിട്ട് ഓപ്പറേഷന്‍ 'നോര്‍ത്തേണ്‍ ആരോസ്' എന്ന സൈനിക നടപടിക്ക് ഇസ്രയേല്‍ തുടക്കമിട്ടത്.

ഗാസയില്‍ നടക്കുന്ന പോരാട്ടത്തിന് സമാന്തരമായി ഈ നീക്കവും തുടരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അതിനിടെ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ട് അടക്കമുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. ബെയ്‌റൂട്ടില്‍ മണിക്കൂറുകള്‍ക്കിടെ ആറ് തവണ വ്യോമാക്രമണമുണ്ടായെന്നും തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചെന്നും ഹിസ്ബുള്ള അറിയിച്ചു.


ഒരേ സമയം മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ചാണ് ഇസ്രയേലിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക് മുന്നേറുന്നത്. ഗാസയ്ക്കും ലെബനനും പുറമെ ഹൂതികളുടെ താവളമായ യെമനിലും വ്യാപക ബോംബിങാണ് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്നിടത്തുമായി നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍, യെമനില്‍ വൈദ്യുതി നിലയങ്ങള്‍, തുറമുഖം, ഗാസയില്‍ ഹമാസിന്റെ ഒളിത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നത്.

യെമനില്‍ ഹുദൈദ, റാസല്‍ ഇസ തുറമുഖങ്ങളോട് ചേര്‍ന്ന എണ്ണ സംഭരണികളാണ് ബോംബിങില്‍ തകര്‍ക്കപ്പെട്ടത്. നാല് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നാല്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.

വടക്കന്‍ ഗാസയിലെ ദെയ്ര് അല്‍ബലഹില്‍ നടന്ന ആക്രമണത്തില്‍ നാല് പേരുടെ മരണം ഗാസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 41,615 ആയി. 96,359 പേര്‍ക്ക് പരിക്കേറ്റു.

അതേസമയം ഇസ്രയേല്‍ സൈന്യം ലെബനനില്‍ അധിനിവേശത്തിന് തയാറെടുക്കുന്നതായി അമേരിക്കയിലെ എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പരിമിതമായ തോതിലായിരിക്കും സൈനിക നീക്കമെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.