'തീവ്രവാദ സംഘടനകളുടെ മഹത്വവല്‍ക്കരണം ഓസ്ട്രേലിയയില്‍ വേണ്ട'; ഹിസ്ബുള്ളയെ അനുകൂലിച്ച് പ്രകടനം നടത്തിയവരുടെ വിസ റദ്ദാക്കണമെന്ന് പ്രതിപക്ഷം

'തീവ്രവാദ സംഘടനകളുടെ മഹത്വവല്‍ക്കരണം ഓസ്ട്രേലിയയില്‍ വേണ്ട'; ഹിസ്ബുള്ളയെ അനുകൂലിച്ച് പ്രകടനം നടത്തിയവരുടെ വിസ റദ്ദാക്കണമെന്ന് പ്രതിപക്ഷം

കാന്‍ബറ: ഓസ്‌ട്രേലിയ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ഹിസ്ബുള്ളയെ അനുകൂലിച്ച് പ്രതിഷേധം നടത്തിയവരുടെ വിസ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഈ വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുന്നതിന് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മെല്‍ബണിലും സിഡ്നിയിലും നടന്ന പാലസ്തീന്‍ അനുകൂല റാലികളില്‍ ഹിസ്ബുള്ളയുടെ പതാകകളും ആളുകള്‍ കൈയിലേന്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ വിസ അടക്കം റദ്ദ് ചെയ്യണമെന്ന ആവശ്യം ഉയരുന്നത്.

തീവ്രവാദ സംഘടനകളുടെ മഹത്വവല്‍ക്കരണം ഓസ്ട്രേലിയ ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ഹിസ്ബുള്ളയെ നമ്മുടെ രാജ്യം തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് അവര്‍ ഉത്തരവാദികളാണ്' - പീറ്റര്‍ ഡട്ടണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

600 പേരോളം പങ്കെടുത്ത പ്രകടനത്തില്‍ സംഘാടകരുമായി ബന്ധമില്ലാത്ത ഒരു ചെറിയ സംഘം ഹിസ്ബുള്ളയെ പ്രതിനിധീകരിക്കുന്ന ആറ് നിരോധിത പതാകകള്‍ പ്രദര്‍ശിപ്പിക്കുകയും അക്രമാസക്തമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. ഇത് വിക്ടോറിയ പോലീസ് റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അറിയിച്ചു.

സിഡ്നി സിബിഡിയില്‍ നടന്ന റാലിയില്‍ തീവ്രവാദ സംഘടനയുടെ ചിഹ്നം പ്രദര്‍ശിപ്പിച്ച രണ്ട് പതാകകള്‍ പിടിച്ചെടുത്തതായി ന്യൂ സൗത്ത് വെയില്‍സ് പോലീസ് സ്ഥിരീകരിച്ചു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയുടെ ചിത്രങ്ങളും ചിലര്‍ കൈയില്‍ പിടിച്ചിരുന്നു.

ഹിസ്ബുള്ള നേതാവിനെ മഹത്വവല്‍ക്കരിച്ച് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരുടെ വിസയുടെ നിലവിലെ സ്ഥിതി പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് അധികാരികളോട് ആവശ്യപ്പെട്ടു. വിദ്വേഷം പരത്തുന്നവരുടെ വിസ റദ്ദാക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പതാകകള്‍ പ്രദര്‍ശിപ്പിക്കുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത പ്രതിഷേധക്കാര്‍ക്ക് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.

ഓസ്ട്രേലിയയ്ക്കു പുറമേ യുഎസ്, യുകെ, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളും തീവ്രവാദ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തീവ്രവാദ സംഘടനകളോട് അനുഭാവം പുലര്‍ത്തുന്നവരുടെ സാന്നിധ്യം ഓസ്ട്രേലിയയില്‍ ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വളരെ വ്യക്തമായ സന്ദേശം നല്‍കണം. അവരുടെ പൗരത്വം എടുത്തുകളയാന്‍ നിയമത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തണം - പീറ്റര്‍ ഡട്ടണ്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.