സ്‌കൂളിന്റെ പേരില്‍നിന്ന് 'മൗണ്ട് കാര്‍മല്‍' നീക്കം ചെയ്യണമെന്നും സഭ ആവശ്യപ്പെട്ടു
മുംബൈ: തുറമുഖങ്ങളും വിമാനത്താവളങ്ങളുമടക്കം ഒട്ടുമിക്ക മേഖലകളിലും നിക്ഷേപമുള്ള കോര്‍പ്പറേറ്റ് ഭീമന്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലേക്ക് കത്തോലിക്കാ സഭയുടെ കോണ്‍വെന്റ് സ്‌കൂളും. മഹാരാഷ്ട്രയില്‍ കര്‍മ്മലീത്ത കന്യാസ്ത്രീകള്‍ അരനൂറ്റാണ്ടിലേറെയായി നടത്തിയിരുന്ന പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് വ്യവസായി ഗൗതം അദാനിയുടെ അദാനി ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും വന്‍കിട കമ്പനികളെയും വന്‍ വിലയ്ക്ക് ഏറ്റെടുക്കുന്ന അദാനി ഗ്രൂപ്പിന്റെ വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ച് സ്‌കൂളിന്റെ നടത്തിപ്പില്‍ നിന്ന് സന്യാസിനീ സമൂഹം പിന്മാറുകയും ചെയ്തു.
പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലുള്ള സിമന്റ് നഗര്‍ മൗണ്ട് കാര്‍മ്മല്‍ കോണ്‍വെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇനി മുതല്‍ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് സിമന്റ് കമ്പനിയുടെ (എ.സി.സി) കീഴില്‍ പ്രവര്‍ത്തിക്കും. അംബുജ സിമന്റ്സിനെയും അനുബന്ധ സ്ഥാപനമായ എ.സി.സി ഗ്രൂപ്പിനെയും 2022ലാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.
കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ (സി.എം.സി) മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനം സെപ്റ്റംബറിലാണ് കൈമാറിയതെന്ന് കന്യാസ്ത്രീകളെ ഉദ്ധരിച്ച് യു.സി.എ (യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍) ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2,000ത്തിലധികം വിദ്യാര്‍ഥികളുള്ള സ്‌കൂള്‍ 1972ലാണ് സ്ഥാപിതമായത്. 2022ലായിരുന്നു സുവര്‍ണ ജൂബിലി ആഘോഷം. ഇന്ത്യയിലെ പ്രമുഖ സിമന്റ് നിര്‍മാതാക്കളായ അസോസിയേറ്റഡ് സിമന്റ് കമ്പനി നിര്‍മിച്ച സ്‌കൂള്‍ സി.എം.സി കന്യാസ്ത്രീകള്‍ക്ക് നടത്തിപ്പിന് നല്‍കുകയായിരുന്നു. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂള്‍ സ്ഥാപിച്ചത്. അദാനി ഗ്രൂപ്പിന്റെ ചാരിറ്റി വിഭാഗമായ അദാനി ഫൗണ്ടേഷന് കീഴിലേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം മാറ്റിയതോടെയാണ് സന്യാസിനീ സമൂഹം പിന്മാറാന്‍ തീരുമാനിച്ചത്.
'വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന അദാനി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. അദാനി ഗ്രൂപ്പിന് കൈമാറിയ ശേഷം കഴിഞ്ഞ മാസം സെപ്റ്റംബര്‍ ഒന്നിന് തങ്ങള്‍ സ്‌കൂളില്‍ നിന്ന് ഒഴിവായി' - മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലീന യു.സി.എ ന്യൂസിനോട് പറഞ്ഞു. അവരുടെ നയവും തങ്ങളുടെ നയവും തികച്ചും വ്യത്യസ്തമാണെന്നും അതിനാലാണ് അവിടെ നിന്ന് മാറിയതെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ, സ്‌കൂളിന്റെ പേരില്‍നിന്ന് 'മൗണ്ട് കാര്‍മല്‍' നീക്കം ചെയ്യണമെന്ന് സഭ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉള്‍നാട്ടിലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന എ.സി.സിയുടെ ക്ഷണപ്രകാരമാണ് സഭ സ്‌കൂള്‍ ആരംഭിച്ചതെന്നും സിസ്റ്റര്‍ ലീന പറഞ്ഞു. എന്നാല്‍. സ്‌കൂള്‍ നടത്തിപ്പില്‍ അദാനി ഗ്രൂപ്പിന്റെ അനാവശ്യമായ ഇടപെടലുകള്‍ വന്നതോടെയാണ് സിഎംസി പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് സിസ്റ്റര്‍ ലീന പറഞ്ഞു.
മാനേജ്മെന്റ് തലത്തില്‍ അദാനി ഗ്രൂപ്പില്‍ നിന്നുള്ള ചില ഇടപെടലുകള്‍ ഉണ്ടായതിനാലാണ് കന്യാസ്ത്രീകള്‍ സ്‌കൂള്‍ നടത്തിപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് സ്‌കൂളിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന മലയാളിയായ ബിഷപ്പ് എഫ്രേം നരിക്കുളം യു.സി.എ ന്യൂസിനോട് പറഞ്ഞു.
സ്‌കൂളിന്റെ നടത്തിപ്പ് അദാനി ഫൗണ്ടേഷന്‍ ഔദ്യോഗികമായി ഏറ്റെടുത്തതായി സെപ്റ്റംബര്‍ 30ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചു. സിഎംസി സന്യാസിനി സമൂഹത്തിന്റെ നിലപാടുകളെ മാനിക്കുന്നുവെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് സ്‌കൂള്‍ കൈമാറ്റം നടന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.