സിനഡാലിറ്റിയെപ്പറ്റിയുള്ള പതിനാറാമത് മെത്രാന്‍ സിനഡിന്റെ രണ്ടാമത് സമ്മേളനം ഒക്ടോബര്‍ രണ്ടാം തിയതി വത്തിക്കാനില്‍ ആരംഭിച്ചു. സിനഡ് വത്തിക്കാനില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 27 വരെ നടക്കുകയാണ്.
ആകമാന കത്തോലിക്കാ സഭയിലെ വിവിധ ഘട്ടങ്ങളിലുടെ കടന്നു പോയ ഈ സിനഡ് സമ്മേളനം അതിന്റെ സമാപന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സഭയിലെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന നിരവധി വലിയ മാറ്റങ്ങളിലേക്ക് നയിച്ചേക്കാം.വലിയ മാറ്റങ്ങള്‍ക്ക് കാതോര്‍ത്താണ് കത്തോലിക്കാ സഭയുടെ അംഗങ്ങള്‍ സിനഡിനെ കാണുന്നത്.
കത്തോലിക്കാ സഭയിലെ പങ്കാളിത്തം എങ്ങനെ വര്‍ധിപ്പിക്കാം എന്നതിനെ കേന്ദ്രീകരിച്ചുള്ള നാല് വര്‍ഷത്തെ ആഗോള സിനഡ് പ്രക്രിയയ്ക്ക് സമാപനമാകുമ്പോള്‍ സഭയുടെ ജീവിതത്തില്‍ തീരുമാനമെടുക്കല്‍ പോലുള്ള അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, നവീകരണത്തിനുള്ള ശ്രമങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സിനഡിന് 'വാതില്‍ തുറക്കാന്‍' കഴിയുമെന്ന് ദൈവശാസ്ത്രജ്ഞരും അല്‍മായരും പ്രതീക്ഷിക്കുന്നു. സിനഡിന്റെ ഉദ്ദേശ്യം തന്നെ വിവിധ പ്രാദേശിക സഭകള്‍ അവരുടെ സമ്പത്തും വെല്ലുവിളികളും മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ട്, കൂട്ടായ്മയുടെ മനോഭാവം വളര്‍ത്തിയെടുക്കുക എന്നതാണ്.
ഒക്ടോബര്‍ 2-27 വരെ നടക്കുന്ന സിനഡില്‍ ഉടനീളം, 2021 ല്‍ ഫ്രാന്‍സിസ് ആരംഭിച്ച കൂടിയാലോചന പ്രക്രിയയുടെ സമാപനത്തിനായി ലോകമെമ്പാടുമുള്ള 400 പ്രതിനിധികള്‍ ഇവിടെ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള കത്തോലിക്കരെ സഭ എങ്ങനെ ഉള്‍ക്കൊള്ളും എന്ന തങ്ങളുടെ അഭിപ്രായം പറയാന്‍ സിനഡ് അംഗങ്ങള്‍ക്ക് അവസരം ഉണ്ടാകും. സാധാരണ വിശ്വാസികളെ സഭ കൂടുതല്‍ ഉള്‍ക്കൊള്ളുകയും അതിലെ എല്ലാ അംഗങ്ങളെയും ശ്രവിക്കുന്നതിനും സിനഡ് ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം. ദശലക്ഷക്കണക്കിന് കത്തോലിക്കര്‍ തങ്ങളുടെ സഭയുടെ വിശാലമായ വീക്ഷണങ്ങളെയും പശ്ചാത്തലങ്ങളെയും പ്രതിനിധീകരിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നുണ്ട്. സഭ അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങളില്‍ തീവ്രവും ചിലപ്പോള്‍ ചൂടേറിയതുമായ ചര്‍ച്ചകളും നടക്കുന്നുണ്ട്.
പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, വ്ശ്വാസികളുടെ ശബ്ദങ്ങള്‍ കേള്‍ക്കുകയും മനസിലാക്കുകയും വേണം. അതായത് ആശയങ്ങള്‍, പ്രതീക്ഷകള്‍, നിര്‍ദ്ദേശങ്ങള്‍ അങ്ങനെ സഭയോട് സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം ഒരുമിച്ച് തിരിച്ചറിയാന്‍ കഴിയണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 87 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ സിനഡാലിറ്റിയെ തന്റെ പാപ്പാ വാഴ്ചയുടെ കേന്ദ്ര ബിന്ദുവാക്കി. സഭാ നവീകരണങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പ്രധാനപ്പെട്ട സംവിധാനമാക്കി. സിനഡ് അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ മഹത്തായതും അതിലോലമായതും ആണെന്നും എല്ലാവരും ഒപ്പം നിന്നുകൊണ്ട് എളിമയുടെയും ശ്രവണത്തിന്റെയും വഴി നയിക്കപ്പെടണമെന്നും എന്നാല്‍ സഭയില്‍ എപ്പോഴും ഐക്യം തേടണമെന്നും പാപ്പാ ഉല്‍ബോധിപ്പിച്ചു.
വിവാദപരമായ വിഷയങ്ങളെല്ലാം ഒഴിവാക്കി മൂന്ന് പ്രധാന വിഷയങ്ങളിലാണ് 2024 ഒക്ടോബറില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പ്രവര്‍ത്തന രേഖ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദൈവത്തോടുള്ള കൂട്ടായ്മയുടെയും മനുഷ്യകുലം മുഴവനോടുമുള്ള ഐക്യത്തിന്റെയും അടയാളവും ഉപകരണവുമായി മാറുവാന്‍ ക്രൈസ്തവര്‍ക്ക് എങ്ങനെ സാധിക്കും? നമുക്ക് ലഭിച്ചിരിക്കുന്ന ദാനങ്ങളും ദൗത്യങ്ങളും സുവിശേഷത്തിന്റെ ശുശ്രൂഷയ്ക്കായി എങ്ങനെ കൂടുതല്‍ ഉപയോഗപ്പെടുത്താം? മിഷനറി സിനഡല്‍ സഭക്ക് എന്തൊക്ക സംവിധാനങ്ങളും ചട്ടക്കൂടുകളും സ്ഥാപനങ്ങളുമാണ് ആവശ്യമായിട്ടുള്ളത്? എന്നിവയാണ് ആ വിഷയങ്ങള്‍.
'മഹാനായ പരിഷ്‌കര്‍ത്താവ്' എന്ന നിലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയെ കൂടുതല്‍ ആധുനികതയിലേക്ക് കൊണ്ടുപോകുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.