കാന്‍ബറ: ഓസ്ട്രേലിയയിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച സെനറ്റര്‍ ഫാത്തിമ പേമാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായി റിപ്പോര്‍ട്ട്. 'ദി ഓസ്ട്രേലിയന്‍' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള സെനറ്ററായ ഫാത്തിമ പേമാന്‍ നവംബറിന് മുമ്പായി പുതിയ പാര്‍ട്ടി ആരംഭിക്കുമെന്നാണു സൂചന. ഓസ്ട്രേലിയയിലെ ആദ്യ ഹിജാബ് ധാരിയായ സെനറ്റര്‍ എന്ന നിലയില്‍ പ്രശസ്തയായ ഫാത്തിമ പേമാന്‍ പാലസ്തീന്‍ വിഷയത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് അടുത്തിടെ രാജിവച്ചിരുന്നു.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയ്ക്കു പുറത്തേക്ക് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനും അടുത്ത ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ മിക്ക സംസ്ഥാനങ്ങളിലും സെനറ്റിലേക്കു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുമാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്. പ്രധാനപ്പെട്ട സീറ്റുകളില്‍ ലോവര്‍ ഹൗസിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ആലോചനയുണ്ട്.
ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പാലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പാര്‍ലമെന്റില്‍ വോട്ട് ചെയ്തതിന് പിന്നാലെ ഇവരെ അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. അഫ്ഗാന്‍ വംശജയായ ഫാത്തിമയുടെ നിലപാട് വലിയ വിവാദമായതോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.
വെസ്‌റ്റേണ്‍ ഓസ്ട്രേലിയയില്‍ നിന്ന് ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ പേമാന് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. തന്റെ പാര്‍ട്ടി മതത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ലെന്നാണ് ഫാത്തിമ പേമാന്റെ അവകാശവാദം.
ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടിന്റെ പേരില്‍ ലേബര്‍ പാര്‍ട്ടിക്ക് മുസ്ലിം സമൂഹങ്ങൾക്കിടയില്‍ വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഫാത്തിമയുടെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.