ദൈവം നമ്മെ സൃഷ്ടിച്ചത് ഒരു ദാനമായിത്തീരാനാണ്(തുടർച്ച)
ബാബു ജോണ്‍
(ടി ഒ ബി ഫോർ ലൈഫ് സ്ഥാപകനും ഡയറക്ടറും ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)
ഒരു കൊച്ചു സ്വർഗ്ഗം പണിതുയർത്തുവാൻ
ആത്മാർത്ഥമായ “സ്വയംദാനത്തിലൂടെ” മാത്രമേ മനുഷ്യന് സ്വയം കണ്ടെത്താൻ കഴിയൂ എന്ന് കഴിഞ്ഞ ഭാഗത്തു നാം കാണുകയുണ്ടായി.‘ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും നാം സൃഷ്ടിക്കപ്പെട്ടു’ (ഉത്പത്തി 1:27) എന്ന് പറയുമ്പോൾ നമുക്കുവേണ്ടി സ്വയംദാനമായി സ്വജീവൻ പോലും നൽകിയ ക്രിസ്തുവിനെപോലെ നാമും സ്വയംദാനമായി മറ്റുള്ളവർക്കുവേണ്ടി സ്നേഹത്തിന്റെ ഐക്യത്തിലും കൂട്ടായ്മയിലും ജീവിക്കുവാൻ കടപ്പെട്ടിരിക്കുന്നു എന്നാണ്. സമ്പൂർണവും വിട്ടുവീഴ്ചയില്ലാത്തതുമായ സ്നേഹം സ്വയം ദാനത്തിലൂടെയാണ് പ്രകടമാകുന്നത്. കൈമാറാൻ പറ്റാത്തതും പരമവുമായ ‘എന്നെ’ മറ്റൊരാൾക്ക് സ്വയം നൽകുന്ന പ്രക്രിയയാണ് അത് എന്ന് വി.ജോൺ പോൾ രണ്ടാമൻ പാപ്പാ നമ്മെ ഓർമിപ്പിക്കുന്നു (ലവ് ആൻഡ് റെസ്പോൺസിബിലിറ്റി: പേജ് 97).
മനുഷ്യശരീരത്തിൽ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള കഴിവ് കൃത്യമായി പറഞ്ഞാൽ ‘സ്വയം ദാന’മായി തീരാനുള്ള വിളിയാണ്. അതിലൂടെ മനുഷ്യൻ അവന്റെ അസ്തിത്വത്തിന്റെയും നിലനില്പിന്റെയും അർത്ഥം നിറവേറ്റുകയും ചെയ്യുന്നുവെന്നാണ് വി ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നത് (ടി ഓ ബി 15:1) ‘സ്വയം ദാനം’ സൂചിപ്പിക്കുന്നത് സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനപൂർവ്വം ദാനമായിത്തീരുന്നു എന്നുള്ളതാണ്. പരസ്പരം ദാനമായിത്തീരുന്നതിൽ പൂർണമായ വ്യക്തി സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ആദിമാതാപിതാക്കൾ സ്വതന്ത്രമായി ‘സ്വയം ദാന’മായി പരസ്പരം നൽകി .അവർ നഗ്നരായിരുന്നു, പക്ഷേ അവർക്ക് ലജ്ജ തോന്നിയില്ല" (ഉത്പത്തി 2:25) കാരണം ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുകയല്ലാതെ മറ്റൊന്നും അവർ ആഗ്രഹിച്ചില്ല. കൃപയുടെ നിറവിൽ ആണ് അവർക്കു അത് ചെയ്യാൻ സാധിച്ചത് . എന്നാൽ പാപത്തിൻറെ പ്രവേശനത്തോടെ അവരുടെ നഗ്ന്നതയെകുറിച്ചു അവർക്കു നാണം തോന്നി.അത് മനുഷ്യൻറെ സ്വാതന്ത്രത്തെയും വ്യക്തിമൂല്യത്തെയും ബാധിച്ചു. തത്‍ഫലമായി മനുഷ്യർ സ്വന്തം സ്വാർത്ഥതക്കുവേണ്ടി പരസ്പരം ഉപയോഗിക്കുവാൻ തുടങ്ങി. പാപത്തിൻറെയും മരണത്തിൻറെയും അനന്തരഫലങ്ങളിൽ നിന്ന് ക്രിസ്തു നമ്മെ മോചിപ്പിച്ചെങ്കിലും,അത് സ്വന്തമാക്കാനും അനുഭവിക്കുവാനും സാധിക്കാതെ മനുഷ്യർ ഇന്നും മരണസംസ്കാരത്തിന്റെ പിടിയിൽ തന്നെ ഒരു മനസാക്ഷി കുത്തുമില്ലാതെ ജീവിക്കുന്നു. മറ്റേതൊരു ഉപഭോഗ വസ്തുവിനെയും പോലെ മനുഷ്യ ശരീരം തരംതാഴ്ത്തപ്പെട്ട അവസ്ഥയിലേക്ക് നമ്മെ എത്തിച്ചിരിക്കുന്നു. "സ്വയം ദാനമായി" നൽകുന്ന സ്നേഹത്തിനുപകരം " സ്വയം നേടൽ" സ്നേഹമാണ് നമ്മുടെ ചുറ്റും കാണുക. സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയും വ്യക്തികൾക്ക്, മനുഷ്യ ജീവനുപോലും യാതൊരു വിലയും കൽപ്പിക്കാത്തതുമായ "ഉപഭോഗ സംസ്കാരത്തിന്റെ " ഉച്ചകോടിയിലാണ് നാം ജീവിക്കുന്നത്. ഇവിടെ വി ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ ശ്രദ്ധേയമാണ് : "എന്നെ തന്നെ സംരക്ഷിക്കുവാനും , എന്റെ താത്പര്യങ്ങൾക്കും , സുഖങ്ങൾക്കും, മുൻഗണനകൾക്കും മാത്രമാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നതെങ്കിൽ ഞാൻ എന്നെ തന്നെ നഷ്ടപ്പെടുത്തുകയാണ്. എന്നാൽ, ഞാൻ മറ്റുള്ളവർക്കു സ്വയം ദാനമായി എന്നെ തന്നെ സമർപ്പിക്കുമ്പോൾ, മറ്റുള്ളർക്കുവേണ്ടി ജീവിക്കുമ്പോൾ ഞാൻ മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറുന്നുയെന്നു മാത്രമല്ല , എന്നെത്തന്നെ കണ്ടെത്തുകയും, എന്റെ ജീവൻ രക്ഷിക്കുകയും ചെയ്യും". ഇവിടെയാണ് “സ്വന്തം ജീവൻ രക്ഷിക്കുവാൻ അത് നഷ്ടപ്പെടുത്തും” (മർക്കോ 8:35) എന്ന തിരുവചനങ്ങളുടെ അർഥം നമുക്കു മനസ്സിലാകുക.
സ്നേഹിക്കാനും സ്നേഹിക്കപെടുവാനുമുള്ള നമ്മുടെ ശരീരത്തിന്റെ കഴിവ്, സ്നേഹത്തിനുവേണ്ടിയുള്ള അടങ്ങാത്ത ദാഹം എന്നിവ ദൈവീക ദാനമാണ്. ദൈവം സ്നേഹിക്കുന്നതുപോലെ നാം സ്നേഹിക്കാൻ പരിശ്രമിക്കുമ്പോൾ നമ്മുടെ ജീവിതത്തിനും അസ്തിത്വത്തിനും മഹത്തായ അർത്ഥം ലഭിക്കും. നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഓരോ വ്യക്തിയും ദൈവം നൽകുന്ന വലിയ ദാനമെന്നു ബോധ്യപ്പെടുമ്പോൾ മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവത്തിന് തന്നെ മാറ്റം സംഭവിക്കും. അങ്ങനെ നമുക്ക് ഇഷ്ടമില്ലാത്തവരെയും നമ്മെ ഇഷ്ടമില്ലാത്തവരെയും, നമ്മെ എതിർക്കുന്നവരെയും സ്നേഹിക്കാത്തവരെയും ഒരുപോലെ സ്നേഹിക്കുവാനും, "സ്വയംദാനത്തിലൂടെ" നാം ജീവിക്കുന്ന നമ്മുടെ കുടുംബത്തിൽ, സമൂഹത്തിൽ, ചുറ്റുപാടുകളിൽ ഒരു കൊച്ചു സ്വർഗ്ഗം പണിതുയർത്തുവാനും നമുക്ക് സാധിക്കും. അതിനായി നമ്മിൽ ജീവിക്കുന്ന പരിശുദ്ധാത്മാവിനു നമ്മുടെ ജീവിതത്തെ വിട്ടുകൊടുക്കാം.
വി ജോൺ പോൾ രണ്ടാമൻ പാപ്പയുടെ "ശരീരത്തിന്റെ ദൈവശാസ്ത്ര”ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ ഇമെയിൽ അയക്കുക. email: [email protected]
വിഡിയോകൾക്കായി യൂട്യൂബ്: BABU JOHN TOBFORLIFE. [അടുത്ത ഭാഗത്തിൽ തുടരുന്നതാണ്]
തിയോളജി ഓഫ് ദി ബോഡി (ഭാഗം1)
തിയോളജി ഓഫ് ദി ബോഡി (ഭാഗം 2)
തിയോളജി ഓഫ് ദി ബോഡി (ഭാഗം 3)
തിയോളജി ഓഫ് ദി ബോഡി (ഭാഗം 4)
തിയോളജി ഓഫ് ദി ബോഡി (ഭാഗം 5)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26