സെക്സ് എന്ന പദം ഉപയോഗിക്കുവാൻ നിങ്ങൾക്ക് മടിയുണ്ടോ
ബാബു ജോണ്‍
('ടി ഒ ബി ഫോർ ലൈഫ്' സ്ഥാപകനും ഡയറക്ടറും ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)
‘സെക്സ്’ എന്ന വാക്ക് കേൾക്കുമ്പോൾ, ആദ്യം നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരുന്ന ചിന്ത എന്താണ്? ഏത് തരത്തിലുള്ള ചിത്രം ആണ് അത് നിങ്ങളുടെ മനസ്സിൽ കൊണ്ടുവരുന്നത്? അശ്ലീല സംസ്കാരം എല്ലായ്പ്പോഴും ലൈംഗികതയെ ലൈംഗിക പ്രവർത്തിയുമായി മാത്രം ബന്ധപ്പെടുത്തുന്നു. ആധുനിക ലോകം “ലൈംഗികത” എന്ന വാക്കിനെ ജനനേന്ദ്രിയ ഉത്തേജനങ്ങളിൽ നിന്ന് ഒരാൾക്ക് ലഭിക്കുന്ന വെറും ആനന്ദമാക്കി ചുരുക്കിയിരിക്കുന്നു. അത് വെറും സ്വാർത്ഥ കാമമോഹങ്ങളുടെ പൂർത്തീകരണത്തിനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്നു. കത്തോലിക്കാസഭയുടെ പ്രബോധനപ്രകാരം ലൈംഗികത എന്താണ്? സെക്സ് എന്ന വാക്ക് ലത്തീൻ ഭാഷയിലെ ‘സെക്‌സസ്’(Sexus) എന്ന മൂലപദത്തിൽ നിന്നുള്ളതാണ്. ആ പദത്തിൻറെ അർത്ഥം, പുരുഷൻ അല്ലെങ്കിൽ സ്ത്രീ ആയിരിക്കുന്ന അവസ്ഥ എന്നാണ്. കത്തോലിക്കാസഭ ആ പദം ഉപയോഗിച്ചിരിക്കുന്നത് കൂടുതൽ ഗഹനമായ അർത്ഥത്തിലാണ്.
ലൈംഗികത എന്നത് ത്രിത്വദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ഠിക്കപ്പെട്ടിരിക്കുന്നതും ഏക ശരീരമായിത്തീരാൻ വിളിക്കപ്പെട്ടിരിക്കുന്നതും ആണ്. പ്രപഞ്ചത്തിനായുള്ള ദൈവത്തിന്റെ ശാശ്വത പദ്ധതി വെളിപ്പെടുത്തുന്ന ഒരു വലിയ രഹസ്യമാണിത്. അവൻ നമ്മെ ആണും പെണ്ണുമായി സൃഷ്ടിച്ചപ്പോൾ ഈ ദൈവിക രഹസ്യം നമ്മുടെ ശരീരത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. വി ജോൺ പോൾ രണ്ടാമന്റെ അഭിപ്രായത്തിൽ, നമ്മുടെ ശരീരം അത് സൃഷ്ടിച്ച ദൈവത്തിന്റെ ഹൃദയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം അനുസരിച്ച്; “ലൈംഗികത മനുഷ്യന്റെ ഐക്യത്തിലായിരിക്കുന്ന ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ തലങ്ങളെയും ബാധിക്കുന്നു. ഇത് പ്രത്യേകിച്ചും സ്നേഹിക്കാനുള്ള കഴിവ്, പ്രത്യുൽപാദന ശേഷി, പൊതുവായ രീതിയിൽ മറ്റുള്ളവരുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനുള്ള അഭിരുചി എന്നിവയുമായി ബന്ധപ്പെട്ടതാണ് ”(സി സി സി 2332) “ദമ്പതികളുടെ മാത്രമായ, പ്രത്യേക പ്രവർത്തികളിലൂടെ സ്ത്രീയും പുരുഷനും പരസ്പരം നൽകുന്നതിനുള്ള മാധ്യമമായ ലൈംഗീകത വെറും ജീവശാസ്ത്രപരമായ എന്തോ ഒന്ന് മാത്രമല്ല , പിന്നെയോ മനുഷ്യവ്യക്തിയെ അവന്റെ അന്തഃസത്തയിലെന്നപോലെ സ്പർശിക്കുന്നതാണ് . സ്ത്രീ പുരുഷന്മാരുടെ പൂർണവും മരണപര്യന്തവുമായ പരസ്പര സമർപ്പണമാകുന്ന സ്നേഹത്തിന്റെ സമഗ്രഘടകമായെങ്കിൽ മാത്രമേ അത് മനുഷ്യോചിതമാം വിധം സാക്ഷാത്കരിക്കപ്പെടുകയുള്ളു” (സിസിസി 2361)
"ലൈംഗികത എന്നത് ജൈവശാസ്ത്രപരമായ ഒന്ന് മാത്രമല്ല മറിച്ചു മനുഷ്യന്റെ അന്തസത്തയെ, അസ്തിത്വത്തെ സംബന്ധിക്കുന്നത് കൂടിയാണ്" (വി ജോൺ പോൾ പാപ്പാ-.ആധുനിക ലോകത്തിലെ ക്രിസ്ത്യൻ കുടുംബത്തിന്റെ പങ്ക് സംബന്ധിച്ച് n:11) മനുഷ്യന്റെ ലൈംഗിക പ്രേരണ ദൈവത്തിന്റെ മനോഹരമായ ദാനം ആണ്. അത് ജീവനിലേക്കു നയിക്കുന്ന “ശരീരത്തിൻറെ സ്നേഹിക്കാനുള്ള കഴിവ്” ആയി നമുക്ക് നൽകി. അത് സ്നേഹത്തെയും ജീവനെയും കുറിച്ചുള്ളതാണ്. എന്നാൽ സ്നേഹത്തിന്റെയും ജീവൻ്റെയും ഉറവിടത്തിൽ നിന്ന് സെക്സ് വിച്ഛേദിക്കപ്പെടുമ്പോൾ, അത് മരണത്തിലേക്ക് നയിക്കുന്ന ഒരു കാമ വികാരം ആയി മാറുന്നു.
ലൈംഗിക പ്രേരണ മനുഷ്യഹൃദയത്തെ ഏറ്റവും ശക്തമായ പ്രേരണകളിലേക്കും ആഗ്രഹങ്ങളിലേക്കും നയിക്കുന്നു. അവ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ച്, ഈ പ്രേരണകൾക്ക് മികച്ച നന്മയായിത്തീരാനുള്ള ശക്തിയുണ്ട്. അല്ലെങ്കിൽ വലിയ തിന്മയും . ലൈംഗിക മനോഭാവങ്ങൾക്കും പെരുമാറ്റങ്ങൾക്കും, വ്യക്തികളെ മാത്രമല്ല, മുഴുവൻ രാജ്യങ്ങളെയും സമൂഹങ്ങളെയും ആദരവർഹിക്കുന്ന ഒരു ജീവിതത്തിലേക്കോ അല്ലെങ്കിൽ തികച്ചും അവഗണന നിറഞ്ഞ ഒരു ജീവിതത്തിലേക്കോ നയിക്കാനുള്ള കഴിവുണ്ട്. മനുഷ്യജീവിതവും അതിന്റെ അന്തസ്സും സന്തുലിതാവസ്ഥയും ചരിത്രത്തിന്റെ ഓരോ നിമിഷത്തിലും ലോകത്തിലെ ഓരോ ഘട്ടത്തിലും ലിംഗ ഭേദങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ശരിയായ ക്രമീകരണത്തെ ആശ്രയിച്ചിരിക്കുന്നു. (വി ജോൺ പോൾ രണ്ടാമൻ -ടി ഒ ബി 43: 7)
ലോകത്തോടുള്ള അവന്റെ സ്നേഹത്തെ പ്രതിഫലിപ്പിക്കുക എന്നതാണ് ലൈംഗികതയെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി. ലോകത്തോടുള്ള ദൈവസ്നേഹം , സ്നേഹത്തിലേക്കും ജീവനിലേക്കുമുള്ള ഒരു തുറവിയാണ്. വിവാഹിതരായ രണ്ട് വ്യക്തികളുടെ ലൈംഗിക ഐക്യത്തിലൂടെയാണ്, സൃഷ്ടിക്കപ്പെടാത്ത ദൈവത്തിന്റെ സ്നേഹം സൃഷ്ടിക്കപ്പെട്ട ലോകത്തിലേക്ക് ആഴ്ന്നിറങ്ങി പ്രപഞ്ചത്തിലെ ഏറ്റവും അതിശയകരമായ സംഭവം സാധ്യമാകുന്നത്. ഒരു പുതിയ മനുഷ്യന്റെ സൃഷ്ടി. അങ്ങനെ, ദൈവത്തിന്റെ സൃഷ്ഠികർമ്മത്തിൽ നാമും പങ്കുകാരായിമാറുന്നു. നിത്യമായ അവിടുത്തെ സ്നേഹത്തിന്റെ കൈമാറ്റത്തിന്റെ ഒരു സൃഷ്ട പതിപ്പിൽ പങ്കുചേരാനുള്ള വിളി നമ്മുടെ ശരീരത്തിലും ലൈംഗീകതയിലും ദൈവം മുദ്രണം ചെയ്തിരിക്കുന്നു. ലൈംഗികത എന്നാൽ, പുരുഷനും സ്ത്രീയും എന്ന നിലയിൽ ത്രിത്വ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ഒരു മാംസമാകാനുള്ള ആഹ്വാനം എന്നാണ് അർത്ഥമാക്കുന്നത്.
“മനുഷ്യന്റെ സത്ത” എന്നത് ദൈവവുമായുള്ള പരസ്‌പരം കൂട്ടായ്മയിലേക്കുള്ള നമ്മുടെ ആഹ്വാനമാണ്; അത് സ്നേഹം നൽകലും സ്വീകരിക്കലുമാണ്. ശരീരത്തിന്റെയും ലൈംഗികതയുടെയും മുഴുവൻ സത്യവും വിശുദ്ധ ജോൺ പോൾ സ്ഥിരീകരിക്കുന്നു, “വ്യക്തികൾ തമ്മിലുള്ള കൂട്ടായ്മയുടെ ലളിതവും ശുദ്ധവുമായ സത്യം” (വി ജോൺ പോൾ രണ്ടാമൻ, TOB 14: 4). ലൈംഗീകതയെക്കുറിച്ചു തിരുസഭ വിശ്വസിക്കുന്ന സകലതും (എഫേ 5:31-32) വചനഭാഗത്തു സംഗ്രഹിച്ചിട്ടുണ്ട്. പുരുഷനും സ്ത്രീയും ഏകശരീരമായിത്തീരുന്നതിനെ വി പൗലോസ് ശ്ലീഹ സർഗീയ മണവാളനായ ക്രിസ്തുവും മണവാട്ടിയായ തിരുസഭയും തമ്മിലുള്ള ബന്ധത്തിന്റെ മഹാരഹസ്യമായിട്ടാണ് ഉദ്‌ഘോഷിച്ചിട്ടുള്ളത് . നമ്മുടെ ലൈംഗികത പ്രപഞ്ചത്തിനായുള്ള ദൈവത്തിന്റെ ശാശ്വത പദ്ധതി വെളിപ്പെടുത്തുന്ന ഒരു വലിയ രഹസ്യമാണ്. അവൻ നമ്മെ ആണും പെണ്ണുമായി സൃഷ്ടിച്ചപ്പോൾ ഈ ദൈവിക രഹസ്യം നമ്മുടെ ശരീരത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. എന്നാൽ അതിന്റെ യഥാർത്ഥ രൂപം മനസ്സിലാക്കാൻ സാധിക്കാത്തവിധം നമ്മുടെ ശത്രുവായ സാത്താൻ അതിനെ വികലമാക്കിയിരിക്കുന്നു...നമ്മുടെ ഹൃദയത്തെ അന്ധമാക്കിയിരിക്കുന്നു. അതാണ് നാം ജീവിക്കുന്ന 'പോർണോഗ്രഫിക് കൽച്ചറിന്റെ' ദയനീയ അവസ്ഥ. അതിന്റെ അനന്തര ഫലമോ -ഇന്നത്തെ തലമുറയ്ക്ക് അവര്‍ അറിയാതെതന്നെ 'അശ്ലീലതയുടെ വായു' ശ്വസിക്കാനിടവരികയാണ്. ചുരുക്കിപ്പറഞ്ഞാൽ, ദൈവത്തിന്റെ നിത്യസ്നേഹമെന്ന മഹാരഹസ്യത്തിന്റെ വെളിപ്പെടുത്തലും പ്രഘോഷണവും അതിലേക്കുള്ള പ്രവേശനവുമാണ് ‘സെക്സ്’. ഈ “മഹത്തായ രഹസ്യത്തിലേക്ക്” പ്രവേശിക്കാൻ ശരീരവും ലൈംഗീകതയും എന്ത് പങ്ക് എങ്ങിനെ വഹിക്കുന്നു എന്ന് വി ജോൺ പോൾ രണ്ടാമൻ പാപ്പാ ‘ശരീരത്തിൻറെ ദൈവശാസ്ത്രത്തിലൂടെ’ നമ്മെ പഠിപ്പിക്കുന്നു.
കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ മെയിൽ അയക്കുക. email: [email protected]
[അടുത്ത ഭാഗത്തിൽ തുടരുന്നതാണ്: “ദൈവം എന്തിനു എന്നെ ആണായി അല്ലെങ്കിൽ പെണ്ണായി സൃഷ്ടിച്ചു?”]
https://cnewslive.com/news/5269/theology-of-body-babu--john-cjk part 1
https://cnewslive.com/news/5441/theology-of-body-babu--john-part-2-cjk
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.