ശരീരത്തിനും ഒരു ദൈവശാസ്ത്രമോ ?
(ബാബു ജോൺ
ഡയറക്ടർ
TOB ഫോർ ലൈഫ് മിനിസ്ട്രി)
മനുഷ്യ ശരീരത്തെയും ലൈംഗീകതയെയുംകുറിച്ചുള്ള കാഴ്ചപ്പാടുകൾ തീർത്തും വികലമാക്കപ്പെട്ട വളച്ചൊടിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മറ്റേതൊരു ഉപഭോഗ വസ്തുവിനെയും പോലെ മനുഷ്യ ശരീരം തരംതാഴ്ത്തപ്പെട്ട അവസ്ഥയിലേക്ക് നമ്മെ എത്തിച്ചിരിക്കുന്നു. ഉല്ലാസ ലൈംഗികതയും കടിഞ്ഞാണില്ലാത്ത ലൈംഗീക സ്വാതന്ത്ര്യവും കൂടി മനുഷ്യ ശരീരത്തെയും ലൈംഗികതയെയും ആകമാനം പങ്കിലം ആക്കിയിരിക്കുന്നു. സെക്യുലർ മാധ്യമങ്ങളിൽനിന്നും സ്കൂളുകളിൽനിന്നും സമപ്രായക്കാരുടെ ഇടയിൽനിന്നും ഗവൺമെൻറ് അധികാരികളിൽ നിന്നും വരുന്ന അബദ്ധജടിലമായ ആശയങ്ങളും സമ്മർദ്ദവും മൂലം നമ്മുടെ കുട്ടികൾ ആശയക്കുഴപ്പത്തിലായിരിക്കുന്നു. ഈ മേഖലയിൽ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുമായി നമ്മുടെ കുട്ടികൾ വലിയ സംഘർഷത്തിലാണ്. അവരുടെ ചോദ്യങ്ങൾക്ക് ആരാണ് ഉത്തരം നൽകേണ്ടത്? എവിടെനിന്നാണ് അവർക്ക് ഇന്നത്തെ സാഹചര്യത്തിൽ ഉത്തരം ലഭിക്കുന്നത്? നമ്മുടെ കുട്ടികളെ ഫലപ്രദമായി സഹായിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ?
ശരീരത്തെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും കറ തീർന്ന ഒരു ബോധ്യം കുട്ടികൾക്ക് നൽകി ഈ പ്രതിസന്ധിയെ മറികടക്കുന്നതിൽ മുതിർന്നവരും അധ്യാപകരും മാതാപിതാക്കളും നിസ്സഹായരായിരിക്കുന്നു. മതനിഷേധ സംസ്കാരം മുന്നോട്ടുവയ്ക്കുന്ന ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മനുഷ്യ ജീവിതത്തെ കുറിച്ചുമുള്ള തെറ്റായ കാഴ്ചപ്പാടുകൾ സ്വാംശീകരിച്ച് ആണ് കുട്ടികൾ വളരുന്നത്.
ഈ സാഹചര്യത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ മുന്നോട്ടുവച്ച ശരീരത്തിന്റെ ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പുതു സംസ്കാരത്തെ സുവിശേഷവൽക്കരിക്കുവാൻ മാതാപിതാക്കൾക്കും മതാധ്യാപകർക്കും ചുമതലയുണ്ട്. എന്നാൽ, ജീവിതത്തിന്റെയും, ലൈംഗികതയുടെയും, ബന്ധങ്ങളുടെയും, സ്നേഹത്തിൻറെയും, വിവാഹത്തിന്റെയും ഒക്കെ അർത്ഥവും ലക്ഷ്യവും മനസ്സിലാക്കാതെ വരും തലമുറയ്ക്ക് നാം എങ്ങനെയാണ് അവ കൈമാറുക? ഈ യാത്രയിൽ നമ്മെ തന്നെ തുറക്കുവാനും പരിശുദ്ധാത്മാവിൻറെ ഇടപെടലിനായി നിന്നുകൊടുക്കുവാനും നാം തയ്യാറാകണം. അതിലൂടെ മാത്രമേ പുതിയൊരു കാഴ്ചപ്പാട് നമ്മുടെ കുട്ടികൾക്ക് പകർന്നു കൊടുക്കുവാൻ നമുക്കാവൂ. ഫ്രാൻസിസ് പാപ്പ പറയുന്നു, “ മറ്റുള്ളവർക്ക് വചനം പകർന്നു കൊടുക്കുന്നതിനു മുൻപ് സുവിശേഷകരുടെ ജീവിതത്തിലൂടെ അത് കടന്നുപോകണം. ക്രിസ്തുവിൻറെ സന്ദേശം പ്രഭാഷകന്റെ ജീവിതത്തെതന്നെ പിടിച്ചുകുലുക്കുകയും സ്വന്തമാക്കുകയും വേണം, മറ്റുള്ളവരോട് പങ്കുവയ്ക്കപ്പെടുന്നതിന് മുമ്പ്.” (സുവിശേഷത്തിൻറെ സന്തോഷം p 151) ഇതിൻറെ ഗൗരവം മനസ്സിലാക്കി പെട്ടന്ന് നാം പ്രതികരിക്കുന്നില്ലെങ്കിൽ ലോകം, വളർന്നു വരുന്ന നമ്മുടെ തലമുറയുടെ ശൂന്യമായ അവസ്ഥയിലേക്ക് തികച്ചും വൈരുധ്യം നിറഞ്ഞ സന്ദേശങ്ങൾ കുത്തിനിറക്കുന്നതിൽ വിജയിക്കും, തീർച്ച.
(എന്താണ് ശരീരത്തിന്റെ ദൈവ ശാസ്ത്രം? ഇതിന്റെ ആഴത്തിലുള്ള കാഴ്ചപ്പാട് അടുത്ത ഭാഗത്തിൽ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26