എന്താണ് ശരീരത്തിൻറെ ദൈവശാസ്ത്രം
(ബാബു ജോൺ
ഡയറക്ടർ
TOB ഫോർ ലൈഫ് മിനിസ്ട്രി)
1979 മുതൽ 1984 വരെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ എല്ലാ ബുധനാഴ്ചകളിലും പൊതു ദർശനവേളയിൽ നടത്തിയിരുന്ന പ്രബോധനങ്ങളുടെ സംഗ്രഹമാണ് ശരീരത്തിൻറെ ദൈവശാസ്ത്രം അഥവാ (തിയോളജി ഓഫ് ദി ബോഡി)ആയി നമുക്ക് നൽകപ്പെട്ടിരിക്കുന്നത്. 129 പ്രബോധനങ്ങളിൽ 14 എണ്ണം ധാർമിക കാര്യങ്ങളെക്കുറിച്ചും 115 എണ്ണം എന്തുകൊണ്ട് ഇങ്ങനെ (WHYs of WHATs) എന്നതിനെ കുറിച്ചും പ്രതിപാദിക്കുന്നു. ശരീരത്തിൻറെ രഹസ്യത്തെ മനസ്സിലാക്കുന്ന വിശുദ്ധഗ്രന്ഥ അധിഷ്ഠിത പഠനങ്ങളിലേക്ക് ഉള്ള യാത്രയാണിത്. ശരീരം, ലൈംഗികത, വിവാഹം എന്നീ കാര്യങ്ങളെക്കുറിച്ച് 3 ഘട്ടങ്ങളിലുള്ള വിശകലനമാണ് ഇവിടെ ഉയർത്തിക്കാട്ടുക.
1. പാപം ചെയ്യുന്നതിനു മുൻപ് മനുഷ്യൻ ശരീരം, ലൈംഗികത, വിവാഹം എന്നിവയെ അനുഭവിച്ചത്. (ആദിമ മനുഷ്യൻ- ദി ഒറിജിനൽ മാൻ)
2. പാപം ചെയ്തതിനുശേഷം മനുഷ്യ ചരിത്രത്തിൽ അനുഭവിക്കുന്ന രീതിയും ക്രിസ്തു നൽകുന്ന രക്ഷയും (ചരിത്ര മനുഷ്യൻ- ഹിസ്റ്റോറിക്കൽ മാൻ)
3. ഉയർത്തപ്പെട്ട അവസ്ഥയിൽ മനുഷ്യ ശരീരത്തിന്റെയും ലൈംഗികതയുടെയും, വിവാഹത്തിന്റെയും അർത്ഥം (യുഗാന്ത്യ മനുഷ്യൻ- ദി റീസെറെക്ടഡ് മാൻ )
മനുഷ്യൻറെ യഥാർത്ഥ നിലനില്പിനെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും ഈ മൂന്നു ഘട്ടങ്ങൾ മനസ്സിലാക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ചുരുക്കം പറഞ്ഞാൽ മനുഷ്യൻ എന്തിനാണിങ്ങനെ ഭൂമിയിൽ ജീവിക്കുന്നത് എന്നതിനുള്ള ഉത്തരമാണിത്. ശരീരത്തെയും ലൈംഗികതയെക്കുറിച്ച് ധ്യാനിക്കേണ്ടത് കേവലം ആശയപരമായ ആവശ്യം മാത്രമല്ല നമ്മുടെ നിലനിൽപ്പിനെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് ഇത് തീർത്തും ആവശ്യമാണ്.
ഞാൻ ആരാണ്? ദൈവം ആരാണ്? എന്തിനു ദൈവത്തിൽ വിശ്വസിക്കണം? ദൈവം എന്തിന് എന്നെ സൃഷ്ടിച്ചു? എന്തുകൊണ്ട് ഞാൻ ആണായി അല്ലെങ്കിൽ പെണ്ണായി പിറന്നു? ഞാൻ എങ്ങോട്ടേക്കാണ് പോകുന്നത്? എന്റെ ജീവിതത്തിൻറെ അർത്ഥം എന്താണ്? ഇങ്ങനെ ഓരോ മനുഷ്യന്റെയും അസ്തിത്വത്തെത്തന്നെ വെല്ലുവിളിക്കുന്ന അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ശരീരത്തിന്റെ ദൈവശാസ്ത്രം. ഫരിസേയർ യേശുവിനെ വിവാഹവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ എത്തുമ്പോൾ “ആദിയിൽ ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു” എന്ന കാര്യമാണ് അവിടുന്ന് ഉദ്ധരിക്കുന്നത്. ശേഷം അവിടുന്ന് പറയുന്നു, “ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ”. ആദ്യ മനുഷ്യനെ വിവാഹത്തിൻറെ ചട്ടക്കൂടിൽ അവതരിപ്പിക്കുകയാണ് ക്രിസ്തു പോലും. എന്നാൽ ചരിത്ര മനുഷ്യൻ അതിൽ നിന്ന് പുറത്തുവരാൻ വെമ്പൽകൊള്ളുകയാണ്. എല്ലാവിധ ലൈംഗികതൃഷ്ണകളും നിയമാനുസൃതമായി ശമിപ്പിക്കപ്പെടാനുള്ള ഉപാധിയാണ് വിവാഹം എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. വിവാഹത്തിന് കേവലം ‘ലൈംഗീകത ആഘോഷിക്കുവാനുള്ള വേദി’ എന്ന അർത്ഥമല്ല വിശുദ്ധഗ്രന്ഥം നൽകുന്നത്. ലൈംഗീകബന്ധത്തിൻറെ ആദിമ സൗന്ദര്യം സ്വയം ദാനവും സ്നേഹവും ഐക്യപ്പെടലുമാണ്. മനുഷ്യന്റെ നിലനിൽപ്പിന്റെ തന്നെ ആകെത്തുകയാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം. “അവരിരുവരും ഒന്നായിത്തീരും” എന്ന വചനം വ്യാഖ്യാനിക്കപ്പെടുന്നത് പോലും ക്രിസ്തുവും സഭയും തമ്മിലുള്ള ഒന്നുചേരൽ അടിസ്ഥാനപ്പെടുത്തിയാണ്. വിവാഹത്തിൽ സ്ത്രീയും പുരുഷനും ഒന്നായിത്തീരും എന്നത് ഒരു രഹസ്യമാണ്. ജീവന്റെയും സ്നേഹത്തിന്റെയും രഹസ്യം. ആ രഹസ്യം മനസിലാക്കണമെങ്കിൽ ശരീരത്തിന്റെ ദൈവശാസ്ത്രം കൂടിയേ തീരൂ. ദൈവം മനുഷ്യന് തന്നെത്തന്നെ വെളിപ്പെടുത്തിയത് ശരീരം സ്വീകരിച്ചുകൊണ്ടാണ്, മനുഷ്യാവതാരത്തിലൂടെ. അതിനാൽ ശരീരം ചീത്തയല്ല. ശരീരത്തിന്റെ ദൈവശാസ്ത്രം വളരെ പ്രധാനപ്പെട്ടതാണ്. “വചനം മാംസമായി അവതരിച്ചതിലൂടെ മാംസം ദൈവശാസ്ത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിച്ചു, പ്രധാനപ്പെട്ട വാതിലിലൂടെ തന്നെ” എന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ ഏറെ അർഥതലങ്ങൾ ഉള്ളതാണ് .
“അദൃശ്യമായതിനെ ദൃശ്യമാക്കി കാട്ടുവാൻ ശരീരത്തിന് സാധിക്കും. ശരീരത്തിനു മാത്രമേ സാധിക്കൂ. ആത്മീയമായതിനെ നഗ്നനേത്രങ്ങൾക്ക് കാണാനാവില്ല. സ്വഭാവത്താലേ അവ അദൃശ്യങ്ങളാണ്. പക്ഷേ ശരീരത്തിന് ഈ അദൃശ്യതയെ മറനീക്കി പുറത്തു കൊണ്ടുവരാനാകും.” ദൈവിക രഹസ്യങ്ങൾ വെളിപ്പെടുത്തുക എന്ന ലക്ഷ്യം ശരീരത്തിനു ഉള്ളത് കൊണ്ടാണ് ശരീരത്തിന്റെ ദൈവശാസ്ത്രം ആധുനികലോകത്തിൽ പ്രസക്തമാവുന്നത്. ദൈവീക രഹസ്യങ്ങളെ മനുഷ്യശരീരം വെളിപ്പെടുത്തുന്നു. “പുരുഷനും സ്ത്രീയും നഗ്നരായിരുന്നു. അവർക്കു ലജ്ജ തോന്നിയതേ ഇല്ല” ജോൺ പോൾ പാപ്പാ ഈ ആശയത്തെ വിപുലമായി വിശദീകരിക്കുന്നുണ്ട്. നഗ്നരായിരുന്നിട്ടും ലജ്ജ തോന്നാത്ത ഈ അവസ്ഥയാണ് ലൈംഗികതയുടെ ആദിമ സൗന്ദര്യം. സ്വയം ദാനമായി നൽകാൻ തയ്യാറായ അവസ്ഥ, യാതൊരു വ്യവസ്ഥയും കൂടാതെ. വിവാഹമെന്ന കൂദാശയിലൂടെ സ്ത്രീയും പുരുഷനും പ്രവേശിക്കുന്നത് ഈ ആദിമ സൗന്ദര്യത്തിലേക്കാണ്. പക്ഷേ, അവർ നഗ്ന്നരാണെന്നു തോന്നിയ നിമിഷമുണ്ട് . അനുസരണക്കേട് കാട്ടി, ദൈവത്തെ ധിക്കരിച്ച് ചെയ്തുകഴിഞ്ഞപ്പോൾ. സ്നേഹം നിരസിക്കപ്പെടുമ്പോൾ ലജ്ജ ജനിക്കുന്നു. സ്നേഹമില്ലാത്ത ലൈംഗികത ലജ്ജാകരമാണ്. ലൈംഗികത വികൃതമാക്കപ്പെടുന്നതും ലജ്ജ്ക്കു കാരണമാകുന്നതും പാപം വികലമാക്കിയ ലോകത്തിലാണ്. പാപം ചെയ്തതോടെ സ്വന്തം ശരീരത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് ഇല്ലാതായി മനുഷ്യന്. ആദിമ സൗന്ദര്യം നഷ്ടമായി. ലൈംഗീകത്വര അതിന്റെ ആദിമ സൗന്ദര്യം നഷ്ടമാക്കി പരസ്പരം ഒരു വസ്തുവിനെ പോലെ ഉപയോഗിക്കാനും സ്വന്തമാക്കാനും തൃപ്തിയടയാനും വെമ്പൽകൊണ്ടു. കേവലം ലൈംഗിക താല്പര്യം ശമിപ്പിക്കാൻ തുടങ്ങിയതോടെ സ്വന്തം വിലയെക്കുറിച്ച് ഇകഴ്ത്തി ചിന്തിക്കുവാൻ തുടങ്ങി അവർ. പാപത്തിലേക്കുള്ള ചായവ് മൂലം ശരീരത്തിന്റെയും ലൈംഗികതയുടെയും യഥാർത്ഥ ലക്ഷ്യവും അർഥവും വെളിപ്പെടുത്താൻ മനുഷ്യന് സാധിക്കാതെപോയി. ശരീരത്തിൻറെ ആദിമ സൗന്ദര്യത്തിലേക്ക് പ്രവേശിക്കാൻ നമ്മെ സഹായിക്കുന്നത് ക്രിസ്തുവിൻറെ രക്ഷാകര പ്രവൃത്തിയാണ്. ശരീരത്തിൻറെ ദൈവശാസ്ത്രത്തിൽ ‘സ്വാതന്ത്ര്യത്തിൻറെ ദാനം’ എന്ന ആശയത്തിലൂടെ ജോൺ പോൾ പാപ്പാ വ്യക്തമാക്കുന്നത് മനുഷ്യൻറെ ഈ തിരിച്ചുള്ള യാത്രയാണ്. ഇതാണ് സുവിശേഷം. ആദിമ സൗന്ദര്യത്തോടെ ഈ ഭൂമിയിൽ ജീവിക്കുവാൻ ഓരോ വ്യക്തിക്കും സാധിക്കും. ലൈംഗികതയുടെയും വിവാഹത്തിന്റെയും ശരീരത്തിന്റെയും ദൈവശാസ്ത്രം അതാണ്. മധ്യകാലഘട്ടത്തിലെ തത്വ ശാസ്ത്രജ്ഞന്മാർ ദൈവത്തെക്കുറിച്ച് ധ്യാനിച്ചപ്പോൾ പലപ്പോഴും മനുഷ്യനെ വേറെയായി കണ്ടു. എന്നാൽ ജോൺ പോൾ പാപ്പാ രണ്ടും ഒരുമിച്ച് വിശകലനം ചെയ്തു. ദൈവത്തെക്കുറിച്ച് ധ്യാനിച്ച് മനുഷ്യനേയും മനുഷ്യനെക്കുറിച്ച് ധ്യാനിച്ച് ദൈവത്തെയും കൂടുതൽ തെളിമയുള്ളതാക്കി . ത്രിത്വ രഹസ്യം വെളിപ്പെടുത്തുമ്പോൾ വ്യക്തികളുടെ സമ്പൂർണ്ണ ഐക്യം എന്ന ആശയമാണ് കൂടുതൽ മുന്നോട്ടു വെക്കപ്പെടുന്നത്. ലൈംഗികത ശരീരത്തിന്റതാണെങ്കിലും ഐക്യപ്പെടലും സ്നേഹവും ദൈവീകമാണ്. ചുരുക്കി പറഞ്ഞാൽ, തികച്ചും വ്യത്യസ്തമായ ഒരു ലെൻസിലൂടെ സമകാലീന ജീവിതത്തെയും വിശ്വാസത്തെയും ബന്ധങ്ങളെയും ലോകത്തെയും നോക്കി കാണാനുള്ള പുതിയ ഉൾക്കാഴ്ചയാണ് ഇത് നമുക്ക് പ്രദാനം ചെയ്യുന്നത്. കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ജോർജ്ജ് വീഗൽ പറയുന്നതുപോലെ “ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാടകീയമായ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിയുന്ന ഒരു ദൈവശാസ്ത്ര ടൈം ബോംബാണ് ശരീരത്തിൻറെ ദൈവശാസ്ത്രം”.
( അടുത്ത ആഴ്ചയിൽ തുടരുന്നതാണ്)
 കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ടെങ്കിൽ email: [email protected] BABU JOHN TOBFORLIFE.
ശരീരത്തിനും ഒരു ദൈവശാസ്ത്രമോ ? part 1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26