തിയോളജി ഓഫ് ദി ബോഡി( ഭാഗം 4)

തിയോളജി ഓഫ് ദി ബോഡി( ഭാഗം 4)

എന്തുകൊണ്ട് ദൈവം നമ്മെ ആണായി അല്ലെങ്കിൽ പെണ്ണായി സൃഷ്ടിച്ചു

ബാബു ജോണ്‍

(ടി ഒ ബി ഫോർ ലൈഫ് സ്ഥാപകനും ഡയറക്ടറും ‘തിയോളജി ഓഫ് ദി ബോഡി’ പ്രഭാഷകനുമാണ് ലേഖകന്‍)

പുതിയ ‘നരവംശശാസ്ത്ര’ സിദ്ധാന്തങ്ങളും അവയ്ക്കൊപ്പം ‘ലിംഗ സിദ്ധാന്ത’ത്തിന്റെ തുടക്കവും കണ്ടുതുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിലാണ്. സ്വാതന്ത്ര്യത്തിന് വ്യക്തമായ അടിവരയിട്ടുകൊണ്ട് കർശനമായ സാമൂഹ്യശാസ്ത്രപരമായ ലൈംഗിക വേർതിരിവ് നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവ. മനുഷ്യ സ്വഭാവത്തിന്റെ യഥാർത്ഥ സത്തയെ നിഷേധിക്കുന്നതിനുള്ള ഒരു ഉപകരണമായി “ലിംഗഭേദം” ഉപയോഗിച്ചു. ദൈവം “നമ്മെ ആണും പെണ്ണുമായി സൃഷ്ടിച്ചുവെന്ന്” വെളിപ്പെടുത്തിയ സത്യം നിഷേധിച്ചുകൊണ്ട് പുതിയ “ലിംഗ സിദ്ധാന്തം”, പുരുഷത്വത്തെയും സ്ത്രീത്വത്തെയും കുറിച്ചുള്ള സത്യത്തെ നിരാകരിക്കുന്നു. അത് അനേകം “ലിംഗ” സാധ്യതകൾക്കുള്ള ഒരു വഴിത്തിരിവായി മാറി. ഒരുപക്ഷേ ഈ കാലഘട്ടത്തിൽ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയം ലിംഗഭേദത്തെ ചുറ്റിപ്പറ്റിയാണ്. മതനിഷേധ സംസ്കാരം മുന്നോട്ടുവയ്ക്കുന്ന ‘ലിംഗ സിദ്ധാന്തത്തിന്റെ’ (ജെൻഡർ തിയറി) തെറ്റായ കാഴ്ചപ്പാടുകൾ സ്വാംശീകരിച്ച് ആണ് ഈ  തലമുറ വളരുന്നത്. ഈ സാഹചര്യത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ പറഞ്ഞു: “ഇന്ന് ലോകം മുഴുവൻ വിവാഹത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്, ആയുധങ്ങളാലല്ല, ആശയങ്ങളാലാണ്.  അതിനാൽ പ്രത്യയശാസ്ത്ര കോളനിവൽക്കരണത്തിൽ നിന്ന് സ്വയം പ്രതിരോധിക്കേണ്ടതുണ്ട്.” ‘ലിംഗ സിദ്ധാന്തം” വിവാഹത്തിന്റെ ഒരു വലിയ ശത്രുവാണെന്നും സ്കൂളുകളിൽ അത്തരമൊരു പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് 'ദുഷ്ടത'  ആണെന്നും ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.

ക്രിസ്തീയ നരവംശശാസ്ത്രത്തിന്റെ വേരുകൾ ഉല്പത്തി പുസ്തകത്തിൽ കാണപ്പെടുന്ന മനുഷ്യ ഉത്ഭവത്തെക്കുറിച്ചുള്ള വിവരണത്തിലാണ്. അവിടെ നാം വായിക്കുന്നു, “ അങ്ങനെ ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു , സ്ത്രീയും  പുരുഷനുമായി അവരെ സൃഷ്ടിച്ചു” (ഉത്പത്തി 1:27)  ഈ വാക്കുകൾ സൃഷ്ടിയുടെ കഥയുടെ സാരാംശം മാത്രമല്ല, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ജീവൻ നൽകുന്ന ബന്ധത്തെയും ഉൾക്കൊള്ളുന്നു, അത് ദൈവവുമായുള്ള അടുപ്പത്തിലേക്ക് അവരെ കൊണ്ടുവരുന്നു.   കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം അനുസരിച്ച്; “പുരുഷൻ ആയിരിക്കുന്നതും സ്ത്രീ ആയിരിക്കുന്നതും നല്ലതും ദൈവനിശ്ചിതവും ആകുന്നു .പുരുഷനും സ്ത്രീയും ദൈവഛായയിൽ ഒരേ മാഹാത്മ്യമുള്ളവരാണ് . അവരുടെ ‘പുരുഷൻ ആയിരിക്കലും’ ‘സ്ത്രീ ആയിരിക്കലും’ സ്രഷ്ടാവിൻറെ ജ്ഞാനത്തെയും  നന്മയെയും പ്രതിഫലിപ്പിക്കുന്നു” (സി സി സി 369) "മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേർന്ന തുണയെ ഞാൻ നൽകും" (ഉത്പത്തി 2:18)  മൃഗങ്ങൾക്കൊന്നിനും മനുഷ്യന്റെ പങ്കാളിയാകാൻ കഴിവില്ല (ഉത്പത്തി 2:19-20) പുരുഷന്റെ വാരിയെല്ലിൽ നിന്ന് ദൈവം സ്ത്രീയെ രൂപപ്പെടുത്തി , അവളെ അവന്റെയടുക്കൽ കൊണ്ടുവന്നപ്പോൾ , പുരുഷൻ ആശ്ചര്യം  നിറഞ്ഞ സ്വരത്തിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആഹ്ളാദവചനങ്ങൾ ഉദ്‌ഘോഷിച്ചു. "ഒടുവിൽ ഇതാ എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവും.” (ഉത്പത്തി 2:23) ഒരേ മനുഷ്യത്വത്തിൽ പങ്കുചേരുന്ന മറ്റൊരു “ഞാൻ” ആയി സ്ത്രീയെ പുരുഷൻ ദർശിക്കുന്നു(സി സി സി 371) ദൈവത്തിന്റെ കാര്യസ്ഥരായി "ഭൂമിയെ കീഴടക്കുക" എന്ന വിളിയാണ് ദൈവിക പദ്ധതിയിൽ പുരുഷനും സ്ത്രീക്കും ലഭിച്ചിരിക്കുന്നത്. (ഉത്പത്തി 1:28)...സ്രഷ്ടാവിൻറെ സാദൃശ്യത്തിൽ  സൃഷ്ടിക്കപ്പെട്ടിരിക്കുന്നു പുരുഷനെയും സ്ത്രീയെയും മറ്റു സൃഷ്ടികളുടെ നേർക്കുള്ള തൻ്റെ പരിപാലനയിൽ ഭാഗഭാക്കുകളാകാൻ ദൈവം വിളിക്കുന്നു. (സി സി സി 373) “ദൈവം സ്നേഹമാകുന്നു” (1യോഹ 4:8,16) എന്ന് പ്രഖ്യാപിക്കുമ്പോൾ  വി യോഹന്നാൻ ഇനിയും മുന്നോട്ടു കടന്നു ചിന്തിക്കുകയാണ് . ദൈവത്തിൻറെ  ഉണ്മ തന്നെ സ്നേഹമാണ് . സ്വന്തം ഏകജാതനെയും സ്നേഹാത്മാവിനെയും സമയത്തിന്റെ പൂർണതയിൽ അയച്ചുകൊണ്ടു ദൈവം അവിടുത്തെ ‘അതിഗൂഢ രഹസ്യം’ പോലും വെളിപ്പെടുത്തിയിരിക്കുന്നു(1കോറി 2:7-16; എഫ 3:9-12) പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവം തന്നെ, സ്നേഹത്തിന്റെ നിത്യമായ പരസ്പരദാനമാണ് . അതിൽ നാമും പങ്കുചേരണമെന്ന് അവിടുന്ന് നിശ്ചയിച്ചിരിക്കുന്നു . (സി സി സി 221) ത്രിത്വത്തിലെ സ്‌നേഹം പരസ്പരം സമ്മാനിക്കാനായാണ് ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യന്റെ ലൈംഗികത ദൈവത്തിന്റെ ദാനമാണ്. പൂര്‍ണമായ വിവാഹത്തില്‍മാത്രം അര്‍ഥം ലഭിക്കുന്ന വലിയ നന്മയായാണ് ദൈവം അതു സൃഷ്ടിച്ചിരിക്കുന്നത്. അങ്ങനെ ത്രിത്വത്തിന്റെ ഹൃദയത്തിലുള്ള സ്‌നേഹത്തിന്റെ പ്രതിരൂപമാകുകയാണ് ദമ്പതികള്‍ തമ്മിലുള്ള ലൈംഗികസ്‌നേഹം. ദൈവിക വ്യക്തികളുടെ കൂട്ടായ്മയായ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചുകൊണ്ട് കഴിവ് നൽകി. സ്ത്രീയിലും പുരുഷനിലും ദൈവം നിക്ഷേപിച്ചിരിക്കുന്ന സ്‌നേഹിക്കാനുള്ള കഴിവിന്റെ ഭാഗമായ ലൈംഗികത യാഥാര്‍ഥ്യമാകുന്നത് ഈ ദാനങ്ങളിലൂടെയാണല്ലോ. (ദി ട്രൂത് ആൻഡ് മീനിംഗ് ഓഫ് ഹ്യൂമൻ സെക്ഷ്വാലിറ്റി).

‘ഒരാൾക്ക് മറ്റെയാൾ’ എന്ന വിധത്തിൽ പുരുഷനെയും സ്ത്രീയെയും ദൈവം സൃഷ്ടിച്ചു - എന്നാൽ ഇതിനർത്ഥം ദൈവം അവരെ അർധനിർമിതികളായി, അപൂർണരായി സൃഷ്ടിച്ചു എന്നല്ല:വ്യക്തികളുടെ ഒരു ‘കൂട്ടായ്മയായിട്ടാണ്’ ദൈവം അവരെ സൃഷ്ടിച്ചത് . ഈ ഐക്യബന്ധത്തിൽ ഓരോ വ്യക്തിക്കും മറ്റേ വ്യക്തിയുടെ സഹായക പങ്കാളിയാകാൻ കഴിയും. സ്ത്രൈണ പൗരുഷ ഭാവങ്ങളുള്ളവർ എന്ന നിലക്ക് അവർ പരസ്പരപൂരകമാണ്. ഏക ശരീരമായിത്തീർന്നുകൊണ്ടു ജീവൻ പ്രദാനം ചെയ്യാൻ സാധിക്കുന്നതരത്തിൽ ദൈവം അവരെ വിവാഹത്തിൽ സംയോജിപ്പിക്കുന്നു...തന്റെ പിന്ഗാമികൾക്കു ജീവൻ പകർന്നുകൊടുത്തുകൊണ്ടു, സ്ത്രീയും പുരുഷനും ദമ്പതികൾ എന്നനിലയിലും മാതാപിതാക്കൾ എന്ന നിലയിലും സ്രഷ്ടാവിൻറെ ജോലിയിൽ വളരെ പ്രത്യേകമാംവിധം  സഹകരിക്കുന്നു. (**GS‌ 50#1, സി സി സി 372) സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നത് ഇങ്ങനെയാണ്. 'ദൈവം നമ്മെ സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കുകയും ഒറ്റ ശരീരമാകാന്‍ വിളിക്കുകയും ചെയ്തു. ഇതു നമ്മെ കാത്തിരിക്കുന്ന സ്വര്‍ഗീയ വിവാഹത്തിന്റെ മുന്നാസ്വാദനവും നിത്യമായ ആനന്ദത്തിന്റെ ഭൂമിയിലെ അടയാളവുമാണ്.'  മനുഷ്യന്റെ അടിസ്ഥാനപരമായ വിളി ദൈവത്തോടും സഹജീവികളോടും കൂട്ടായ്മയിലായിരിക്കാനുള്ള വിളിയാണ്. അതാണ് മനുഷ്യത്വത്തിന്റെ കാതല്‍. സ്‌നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലാണ് ഈ കൂട്ടായ്മയില്‍ സംഭവിക്കുന്നത്. ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള പരമമായ സത്യം വ്യക്തികള്‍ക്കിടയിലുള്ള ഈ സ്‌നേഹക്കൂട്ടായ്മയാണെന്നാണ് ജോണ്‍ പോള്‍ പാപ്പ ഉറപ്പിച്ചു പറയുന്നത്.(ടി ഒ ബി 14:4). ത്രിത്വൈക   ദൈവത്തിലുള്ള സ്നേഹത്തിന്റെ പ്രതിരൂപമായി തീർന്നുകൊണ്ടു പരസ്പരം ആത്മാർത്ഥമായ ദാനങ്ങളായി തീരുന്നതിനുവേണ്ടിയാണ് ദൈവം നമ്മെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചത്. അങ്ങനെയെങ്കിൽ, ത്രിത്വത്തിന്റെ  ഉള്ളിൽ സംഭവിക്കുന്ന സ്നേഹത്തിന്റെ നൽകലിന്റെയും സ്വീകരണത്തിന്റെയും പ്രതിബിംബമാണ് ലൈംഗീക സ്നേഹം. തന്റെ നിത്യമായ "സ്നേഹ കൈമാറ്റത്തിന്റെ" ഒരു "സൃഷ്ടിക്കപ്പെട്ട പതിപ്പിൽ" പങ്കെടുക്കാനുള്ള ആഹ്വാനത്തെ ദൈവം നമ്മെ ആണും പെണ്ണുമായി സൃഷ്ടിച്ചുകൊണ്ട്  നമ്മുടെ ശരീരത്തിലും ലൈംഗികതയിലും മുദ്രകുത്തി.

വി ജോൺ  പോൾ രണ്ടാമൻ പാപ്പയുടെ "ശരീരത്തിന്റെ ദൈവശാസ്ത്ര”ത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ ഇമെയിൽ അയക്കുക. email: [email protected] [അടുത്ത ഭാഗത്തിൽ തുടരുന്നതാണ്]

  **Gaudium et Spes: ആനന്ദവും സമാധാനവും (രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണം)


തിയോളജി ഓഫ് ദി ബോഡി( ഭാഗം 1)

തിയോളജി ഓഫ് ദി ബോഡി(ഭാഗം 2)

തിയോളജി ഓഫ് ദി ബോഡി( ഭാഗം 3)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.