ടെൽ അവീവ്: ഇസ്രയേലിനോടൊപ്പം ലോകം ഒന്നടങ്കം സ്തംഭിച്ച ദിനമായിരുന്നു ഒക്ടോബർ ഏഴ്. പശ്ചിമേഷ്യയിൽ യുദ്ധത്തിന് തുടക്കം കുറിച്ച ആ കറുത്ത ദിനത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ആക്രമണമാണ് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയത്.
തെക്കൻ അതിർത്തികളിലൂടെ കടന്നു കയറിയാണ് ഹമാസ് ആളുകളെ ബലമായി പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയതും ബലാത്സംഗത്തിനിരയാക്കിയതും വെടിവെച്ച് കൊന്നതും. വാരാന്ത്യം ആഘോഷിക്കാനായി തടിച്ചു കൂടിയ ജനങ്ങൾക്കിടയിലേക്കാണ് ആയിരക്കണക്കിന് റോക്കറ്റുകൾ അപ്രതീക്ഷിതമായി പാഞ്ഞെത്തിയത്.
ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇസ്രായേൽ ജനത അന്തം വിട്ടു. യൂറോപ്യൻ യൂണിയനും അമേരിക്കയും ചേർന്ന് ഭീകര സംഘടനയായി കരിമ്പട്ടികയിൽ പെടുത്തിയ ഹമാസാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയാൻ ഇസ്രയേലിന് വലിയ സമയമൊന്നും വേണ്ടിവന്നില്ല.1205 ഇസ്രയേലികളാണ് അന്ന് കൊല്ലപ്പെട്ടത്. ഗാസ മുനമ്പിൽ നിരവധി പേരെ ബന്ദികളാക്കി. മാസങ്ങൾക്കിപ്പുറം പലരെയും ജീവനറ്റാണ് ലഭിച്ചത്.
ഇതിനിടെ ഹമാസിന് പിന്തുണ നൽകുന്ന രാജ്യങ്ങളിലേക്കും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇറാനും സിറിയയും ലെബനനനും യെമനും ഇറാക്കുമാണ് ഹമാസിനെ പിന്തുണ നൽകുന്നത്. ഇതുവരെ 400-ലേറെ ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രയേൽ സൈന്യം വധിച്ചത്.
അതേ സമയം ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കുകയാണ്. 24 മണിക്കൂറിനിടെ 150 ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രയേൽ സൈന്യം തകർത്തത്. തെക്കൻ ലെബനനിൽ നിന്ന് ആളുകളോട് ഒഴിയാൻ നിർദേശം നൽകുന്നുണ്ട്.
ആയുധങ്ങൾ നിർമിക്കുന്ന ഡിപ്പോകൾ, ടണൽ ഷാഫ്റ്റുകൾ, മിസൈൽ വിക്ഷേപണ പോയിൻ്റുകൾ, സെല്ലുകൾ, തുരങ്കങ്ങൾ തുടങ്ങി ഭീകര സംഘടനയുടെ മറ്റ് സംവിധാനങ്ങളും ഇസ്രയേൽ നിലം പരിശാക്കി. വൻ ആയുധ ശേഖരവും ഐഡിഎഫ് കണ്ടെടുത്തു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 30-ലേറെ വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ കഴിഞ്ഞ രാത്രി മാത്രം നടത്തിയത്. വൻ പൊട്ടിത്തെറികളും നടന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലിനെതിരായ ഒക്ടോബര്‍ ഏഴിലെ ആക്രമണം ‘മഹത്തായത്’ എന്ന് വിശേഷിപ്പിച്ച് ഹമാസ്
ഇസ്രയേലിനെതിരായ ഒക്ടോബര്‍ ഏഴിലെ ആക്രമണം ‘മഹത്തായ കടന്നുകയറ്റം’ എന്ന് വിശേഷിപ്പിച്ച ഖത്തറിലുള്ള ഹമാസ് അംഗം ഖലീല്‍ അല്‍-ഹയ്യ. ‘മുഴുവന്‍ പാലസ്തീനും പ്രത്യേകിച്ച് ഗാസയും നമ്മുടെ പാലസ്തീന്‍ ജനതയും അവരുടെ ചെറുത്തു നില്‍പ്പും രക്തവും ദൃഢതയും കൊണ്ട് ഒരു പുതിയ ചരിത്രം എഴുതുകയാണ്’ എന്നും അല്‍ - ഹയ്യ പുറത്തുവിട്ട വീഡിയോയിലൂടെ വ്യക്തമാക്കി.
ഭയാനകമായ വംശഹത്യയും ദൈനം ദിന കൂട്ടക്കൊലയും ഹമാസിലുണ്ടാകുന്നുണ്ടെങ്കിലും ഗാസക്കാര്‍ ചെറുത്തുനില്‍ക്കുന്നുവെന്നും അല്‍ - ഹയ്യ പറഞ്ഞു. ജൂലൈയില്‍ ഹമാസിന്റെ നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് അതിന്റെ പൊതു മുഖമായി ഉയര്‍ന്നുവന്ന ഹമാസ് നേതാവാണ് ഖലീല്‍ അല്‍ - ഹയ്യ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.