എന്‍സിപി പിളര്‍ത്തി കാപ്പന്‍ യുഡിഫില്‍; പാലായിലെ വേദിയില്‍ വന്‍ സ്വീകരണം

എന്‍സിപി പിളര്‍ത്തി കാപ്പന്‍ യുഡിഫില്‍; പാലായിലെ വേദിയില്‍ വന്‍ സ്വീകരണം

കൊച്ചി: എന്‍സിപി പിളര്‍ത്തി മാണി സി കാപ്പന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു. പാലായിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ കാപ്പനും അനുയായികളും പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, എം.എം ഹസന്‍, പി.ജെ ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചേര്‍ന്ന് മാണി സി കാപ്പന്‍ എംഎല്‍എയെ വേദിയില്‍ സ്വീകരിച്ചു.

കാപ്പനൊപ്പം എന്‍സിപി സംസ്ഥാന ഭാരവാഹികള്‍ അടക്കം 10 നേതാക്കളും എന്‍സിപി വിട്ടു. 'എന്‍സിപി കേരള' എന്നാണ് കാപ്പന്റെ പുതിയ പാര്‍ട്ടിയുടെ പേര്. കഴിഞ്ഞ 16 മാസത്തിനിടെ പാലായില്‍ 462 കോടിരൂപയുടെ വികസനം കൊണ്ടു വരാന്‍ തനിയ്ക്കായെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കെ.എം മാണിയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത് തന്റെ പിതാവാണന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മാണി സി കാപ്പന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കില്ല. വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലായി സര്‍ക്കാര്‍ നല്‍കിയ സ്ഥാനങ്ങള്‍ ഒഴിയും. കൂടുതല്‍ നേതാക്കള്‍ തനിക്കൊപ്പമുണ്ട്. ആരുടെ ഭാഗത്ത് നിന്നാണ് ചതിയുണ്ടായത് എന്ന് ജനങ്ങള്‍ക്കറിയാം. 

പാര്‍ട്ടി വളരരുത് എന്ന് ആഗ്രഹിക്കുന്നവര്‍ എന്‍സിപിയില്‍ തന്നെയുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. മന്ത്രി എം എം മണി വാ പോയ കോടാലിയാണ്. അദ്ദേഹത്തിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും കാപ്പന്‍ വ്യക്തമാക്കി. ഇടത് മുന്നണിയില്‍ തുടരാനുള്ള ദേശിയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ നിരാശയില്ല. മൂന്ന് സീറ്റുകള്‍ എന്ന ആവശ്യത്തിന് യുഡിഎഫില്‍ നിന്ന് ഉറപ്പ് ലഭിച്ചെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

എന്‍സിപി വിട്ട് കാപ്പന്‍ യുഡിഎഫിലേക്ക് വരുന്നത് മുന്നണിയുടെ രാഷ്ട്രീയ വിജയമാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാലായില്‍ അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരിക്കും. കാപ്പന്റെ എംഎല്‍എ സ്ഥാനം സംബന്ധിച്ച് ധാര്‍മിക പ്രശ്‌നം ഉന്നയിക്കാന്‍ എല്‍ഡിഎഫിന് അവകാശമില്ല. യുഡിഎഫ് വിട്ട് പോയപ്പോള്‍ റോഷി അഗസ്റ്റിനും എന്‍ ജയരാജും എംഎല്‍എ സ്ഥാനം രാജി വച്ചില്ലല്ലോ എന്നും ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ പ്രതികരണം.

എന്‍സിപിയില്‍ നിന്നുള്ള മാണി സി. കാപ്പന്റെ രാജി വഞ്ചനയായി കാണേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ ഇതിനിടെ പ്രതികരിച്ചു. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുത്തതിലുള്ള വിഷമമാണ് കാപ്പനെന്നും അദ്ദേഹം പറഞ്ഞു. മാണി. സി. കാപ്പനുള്‍പ്പെടെ പത്തുപേര്‍ പാര്‍ട്ടി വിട്ടു. രാജിവച്ചവരെ എങ്ങനെ പുറത്താക്കുമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ചോദിച്ചു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന മാണി സി. കാപ്പനെതിരെ എന്‍സിപി അച്ചടക്കനടപടിയെടുക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ടി.പി പീതാംബരന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.