ടെഹ്‌റാന്‍: പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷ ഭരിതമാകുന്ന സാഹചര്യത്തില്‍ അറബ് രാജ്യങ്ങള്‍ക്കും അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുമായി ഇറാന്‍.
ഗള്‍ഫ് രാജ്യങ്ങളെയോ അവരുടെ ആകാശ പരിധിയോ ഇറാനെതിരെയുള്ള ആക്രമണത്തിന് ഇസ്രയേല്‍ ഉപയോഗിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കയുടെ സഖ്യകക്ഷികള്‍ കൂടിയായ അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലിനെ സഹായിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇറാന്‍ ഭീഷണിയുമായി രംഗത്തെത്തിയത്. സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ അമേരിക്കയ്ക്ക് സൈനിക ക്യാമ്പുകളുണ്ട്.
ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെ അടക്കം ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശം അവഗണിച്ചാണ് ഇസ്രയേലിന്റെ യുദ്ധ മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നത്.
ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങളെയോ ആണവ കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടാല്‍ അവരെ സൈനികമായി ദുര്‍ബലമാക്കാന്‍ കഴിയുമെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍.
അതേസമയം ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ വ്യോമപാത അടക്കം ഉപയോഗിക്കുന്നതിലുള്ള എതിര്‍പ്പറിയിച്ച് അറബ് രാഷ്ട്രങ്ങള്‍ ജോ ബൈഡനുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വലിയൊരു യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാന്‍ താല്‍പര്യമില്ല. തങ്ങളുടെ സൈനിക സംവിധാനങ്ങളോ, ആകാശപാതയോ ഈ ആക്രമണത്തിനായി ഉപയോഗിക്കരുതെന്നും അറബ് രാജ്യങ്ങള്‍ ബൈഡനെ അറിയിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചാല്‍ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഭയപ്പെടുന്നുണ്ട്.
ഏറ്റുമുട്ടല്‍ രൂക്ഷമായാല്‍ അത് ആഗോള എണ്ണ വിപണിയെ ബാധിക്കുമെന്ന ഭയവും ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതി തന്നെ ഇതോടെ പ്രതിസന്ധിയിലാവും.
ഇത് ആഗോള എണ്ണ വിലയില്‍ വലിയ വര്‍ധനവുണ്ടാക്കും. അത് ആഗോള വിപണിയെ തന്നെ നിശ്ചലമാക്കും. ഇറാനെതിരെയുള്ള സൈനിക നീക്കത്തിന്റെ ഭാഗമാകില്ലെന്ന് സൗദി അറേബ്യ, യുഎഇ അടക്കം അറബ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
ബഹ്റിനും ഖത്തറും ഈ വിഷയത്തില്‍ യു.എസിനെ ആശങ്കയറിയിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ അത് മേഖലയുടെ മൊത്തം സാമ്പത്തിക രംഗത്തെയും തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.