എവറസ്റ്റ് കയറവെ നൂറ് വര്‍ഷം മുന്‍പ് കാണാതായ പര്‍വതാരോഹകന്റെ കാല്‍പാദം കണ്ടെത്തി; ടെന്‍സിംഗിനും ഹിലാരിക്കും മുന്‍പ് എവറസ്റ്റ് കീഴടക്കിയയാള്‍?

എവറസ്റ്റ് കയറവെ നൂറ് വര്‍ഷം മുന്‍പ് കാണാതായ പര്‍വതാരോഹകന്റെ കാല്‍പാദം കണ്ടെത്തി; ടെന്‍സിംഗിനും ഹിലാരിക്കും മുന്‍പ് എവറസ്റ്റ് കീഴടക്കിയയാള്‍?

ലണ്ടന്‍: എവറസ്റ്റ് കയറവെ 100 വര്‍ഷം മുമ്പ് കാണാതായ ബ്രിട്ടീഷ് പര്‍വതാരോഹകന്റേതെന്ന് സംശയിക്കുന്ന കാല്‍ ബൂട്ടോടുകൂടി കണ്ടെത്തി. 1924-ല്‍ കൊടുമുടി കയറിയ ആന്‍ഡ്രൂ കോമിന്‍ സാന്‍ഡി ഇര്‍വിന്റെ കാലാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ജോര്‍ജിന്റെ മൃതദേഹം 1999-ല്‍ കണ്ടെത്തിയിരുന്നു. ടെന്‍സിംഗും എഡ്മണ്ട് ഹിലാരിയും എവസ്റ്റ് കീഴടക്കുന്നതിന് 29 വര്‍ഷം മുമ്പ് ഇവര്‍ എവസ്റ്റ് കീഴടക്കിയെന്ന അഭ്യൂഹമുണ്ടായിരുന്നു.

ഉരുകുന്ന മഞ്ഞില്‍ കിടന്ന ബൂട്ടിനൊപ്പമുള്ള സോക്സില്‍ 'എ.സി. ഇര്‍വിന്‍' എന്ന എംബ്രോയ്ഡറി തെളിഞ്ഞു കാണാമായിരുന്നു. 1924 ജൂണിലാണ് ഇരുപത്തിരണ്ടുകാരനായ ആന്‍ഡ്രു കോമിന്‍ ഇര്‍വിനും നാല്‍പത്തേഴുകാരനായ പര്‍വതാരോഹകന്‍ ജോര്‍ജ് മല്ലോറിയും കൊടുമുടി കീഴടക്കാനിറങ്ങിയതും ഇരുവരെയും കാണാതായതും. ജോര്‍ജിന്റെ മൃതദേഹം 1999-ല്‍ കണ്ടെത്തിയെങ്കിലും ആന്‍ഡ്രുവിനെ ഇതുവരെ കണ്ടെത്താനായിരുന്നില്ല

കഴിഞ്ഞ സെപ്റ്റംബറില്‍ നാഷണല്‍ ജ്യോഗ്രഫിക്കുവേണ്ടി ഡോക്യുമെന്ററി ചിത്രീകരിക്കാനെത്തിയ ജിമ്മി ചിന്‍ നയിച്ച സംഘമാണ് സെന്‍ട്രല്‍ റോങ്ബുക്ക് ഹിമാനിയില്‍ കാല്‍ കണ്ടെത്തിയത്. ബൂട്ടിനുള്ളില്‍ കണ്ടെത്തിയ സോക്‌സില്‍ എ.സി ഇര്‍വിന്‍ എന്ന് രേഖപ്പെടുത്തിയിരുന്നതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഡി.എന്‍.എ സാമ്പിള്‍ പരിശോധന നടക്കുകയാണിപ്പോള്‍.

കാണാതാകുന്ന സമയത്ത് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു ആന്‍ഡ്രു കോമിന്‍ ഇര്‍വിന്‍. ഇര്‍വിന്റെ കൈവശം ഒരു ക്യാമറയും അതില്‍ ഡവലപ് ചെയ്യാത്ത ഫിലിമും ഉണ്ടായിരുന്നതിനാല്‍ മൃതദേഹം കണ്ടുകിട്ടിയാല്‍ ഇരുവരും എവറസ്റ്റ് കീഴടക്കിയെന്നതിന്റെ തെളിവ് കിട്ടുമെന്ന് പലരും വിശ്വസിച്ചിരുന്നു. 1953-ല്‍ ടെന്‍സിംഗ് നോര്‍ഗെയും എഡ്മണ്ട് ഹിലാരിയും എവസ്റ്റ് കീഴടക്കുന്നതിന് 29 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അവരുടെ യാത്ര. വര്‍ഷങ്ങളോളം ഇര്‍വിന്റെ ശരീരം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അത് നിഗൂഢമായി തന്നെ അവശേഷിച്ചു.

1933ല്‍ ഒരു പര്‍വതാരോഹകസംഘം ഇര്‍വിന്‍ ഉപയോഗിച്ചിരുന്ന ചില വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. നാഷണല്‍ ജ്യോഗ്രഫിക് സംഘത്തിന്റെ സഞ്ചാരമധ്യേ 1933-ല്‍ നിര്‍മ്മിച്ച ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ കണ്ടെത്തിയതോടെയാണ് ആ ഭാഗത്ത് ഇര്‍വിന്റെ മൃതദേഹം ഉണ്ടാകാനിടയുണ്ടെന്ന് അവര്‍ ഉറപ്പിച്ചത്. നിരവധി ദിവസങ്ങള്‍ അന്വേഷണത്തിനൊടുവിലാണ് ഉരുകിയ മഞ്ഞില്‍ നിന്നും ഇര്‍വിന്റെ കാല്‍പാദം കണ്ടെത്തിയത്. 'അസാധാരണവും സങ്കടകരവുമായ നിമിഷ'മെന്നാണ് വാര്‍ത്തയറിഞ്ഞ ഇര്‍വിന്‍ കുടുംബത്തിലെ പിന്മുറക്കാരിയായ ജൂലി സമ്മേഴ്‌സിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.