ചുരുളഴിഞ്ഞത് 500 വര്‍ഷത്തെ നിഗൂഢത; സ്പെയിനിലെ സെവില്ലെ കത്തീഡ്രലില്‍ കണ്ടെത്തിയ ഭൗതികാവശിഷ്ടം ക്രിസ്റ്റഫര്‍ കൊളംബസിന്റേതെന്ന് തിരിച്ചറിഞ്ഞു

ചുരുളഴിഞ്ഞത് 500 വര്‍ഷത്തെ നിഗൂഢത; സ്പെയിനിലെ സെവില്ലെ കത്തീഡ്രലില്‍ കണ്ടെത്തിയ ഭൗതികാവശിഷ്ടം ക്രിസ്റ്റഫര്‍ കൊളംബസിന്റേതെന്ന് തിരിച്ചറിഞ്ഞു

മാഡ്രിഡ്: ഇരുപത് വര്‍ഷം നീണ്ട ഗവേഷണത്തിന് ശേഷം സ്പെയിനിലെ സെവില്ലെ കത്തീഡ്രലില്‍ കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടം ക്രിസ്റ്റഫര്‍ കൊളംബസിന്റേതാണെന്ന് സ്ഥിരീകരിച്ചു. കൊളംബസിനെ ചുറ്റിപ്പറ്റിയുള്ള 500 വര്‍ഷം പഴക്കമുള്ള നിഗൂഢതയാണ് ഡി.എന്‍.എ പരിശോധനയിലൂടെ ചുരുളഴിഞ്ഞത്.

അമേരിക്കന്‍ ഭൂഖണ്ഡങ്ങളെ കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നാവികനാണ് കൊളംബസ്. പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ 1492 മുതല്‍ കൊളംബസ് ഒട്ടേറേ കപ്പല്‍യാത്രകള്‍ നടത്തി. 1506ല്‍ മരണപ്പെട്ട കൊളംബസിന്റെ അന്ത്യവിശ്രമ സ്ഥലത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ഇതോടെ അന്ത്യമാകുമെന്നാണ് പ്രതീക്ഷ.

ഫോറന്‍സിക് സയന്റിസ്റ്റ് മിഗ്വായേല്‍ ലോറന്റെയുടെ നേതൃത്വത്തില്‍ 20 വര്‍ഷമെടുത്ത് ചെറു അവശിഷ്ടങ്ങള്‍ പരിശോധിച്ചുള്ള ഗവേഷണത്തിലാണ് സെവില്ലെ കത്തീഡ്രലിലേത് കൊളംബസിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചത്. അതേസമയം, കൊളംബസ് ഇറ്റലിക്കാരനല്ല, സ്പാനിഷുകാരനാണെന്നും ജനിതക പരിശോധനയുടെ അടിസ്ഥാനത്തില്‍ ഏകദേശ നിഗമനത്തിലെത്താന്‍ ഗവേഷകര്‍ക്കായി.

കൊളംബസിന്റെ ഡി.എന്‍.എയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡി.എന്‍.എയും
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോറന്‍സിക് സയന്‍സ് വിദഗ്ധന്‍ താരതമ്യം ചെയ്ത് പരിശോധിച്ചപ്പോള്‍ ഡി.എന്‍.എ സാമ്പിളുകള്‍ തമ്മില്‍ വളരെയധികം സാമ്യം കണ്ടെത്തി. കൊളംബസിന്റെ സഹോദരന്‍ ഡീഗോ, മകന്‍ ഹെര്‍ണാണ്ടോ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍നിന്ന് ശേഖരിച്ച ഡി.എന്‍.എകളാണ് പരിശോധനക്കായി ശേഖരിച്ചത്. നേരത്തെ, ചെറിയ ജനിതക വസ്തുക്കളില്‍ നിന്ന് കൃത്യമായ ഫലങ്ങള്‍ നല്‍കാന്‍ ഡി.എന്‍.എ വിശകലനം വേണ്ടത്ര പുരോഗമിച്ചിരുന്നില്ല.

ഇതുകൂടാതെ കൊളംബസിന്റെ മൃതദേഹം അടക്കം ചെയ്തയിടത്തുനിന്ന് പലകുറി പലയിടങ്ങളിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ യഥാര്‍ഥ അന്ത്യവിശ്രമസ്ഥാനം ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം അജ്ഞാതമായിത്തുടര്‍ന്നു.

ഗവേഷണത്തിന് നേതൃത്വം വഹിച്ച മിഗ്വായേല്‍ ലോറന്റെ പറഞ്ഞതിങ്ങനെ - 'പലതവണ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതിനാല്‍ കൊളംബസിന്റെ അന്ത്യവിശ്രമസ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് അത് സാധ്യമായി. സെവില്ലെ കത്തീഡ്രലില്‍ കണ്ടെത്തിയ അവിശിഷ്ടങ്ങള്‍ കൊളംബസിന്റെതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരിക്കുന്നു'.

1506ല്‍ സ്പാനിഷ് നഗരമായ വല്ലാഡൊലിഡില്‍വെച്ചായിരുന്നു കൊളംബസിന്റെ മരണം. കരീബിയന്‍ ദ്വീപായ ഹിസ്പാനിയോളയില്‍ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അപ്രകാരം 1542-ല്‍ അങ്ങോട്ടേക്കു കൊണ്ടുപോയി. പിന്നീട് സെവില്ലെയില്‍ അടക്കംചെയ്യുന്നതിനു മുന്‍പായി ക്യൂബയിലേക്കും കൊണ്ടുപോയിരുന്നു.

സെവില്ലെയിലാണ് കൊളംബസിനെ അടക്കംചെയ്തതെന്ന് ചില സൈദ്ധാന്തികര്‍ വിശ്വസിച്ചുപോന്നിരുന്നു. എന്നാല്‍, തെളിവുകളുണ്ടായിരുന്നില്ല. 2003-ല്‍ കല്ലറ തുറന്നുപരിശോധിച്ചപ്പോഴാണ് ലൊറന്റെയ്ക്കും ചരിത്രകാരന്‍ മാര്‍സിയല്‍ കാസ്ട്രോയ്ക്കും അസ്ഥികള്‍ക്ക് സമാനമായ അവശിഷ്ടം ലഭിച്ചത്.

ജനിതക വിശകലനത്തിലൂടെ കൊളംബസ് യഹൂദ വംശജനാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സ്‌പെയിനിലെ വലന്‍സിയയിലോ മറ്റോ ആയിരിക്കാം കൊളംബസിന്റെ ജനനമെന്നാണ് കരുതുന്നത്. മതപീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ കൊളംബസ് യഹൂദ വ്യക്തിത്വം മറച്ചുവെക്കുകയോ അല്ലെങ്കില്‍ പിന്നീട് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനംചെയ്യപ്പെടുകയോ ചെയ്തിരിക്കാമെന്നും കരുതുന്നു.

1451-ല്‍ ഇറ്റലിയിലെ ജെനോവയില്‍നിന്നുള്ള ഒരു കമ്പിളി നെയ്ത്തുകാരുടെ കുടുംബത്തിലാണ് കൊളംബസ് ജനിച്ചതെന്നായിരുന്നു വിശ്വസിച്ചുപോന്നത്. പോളണ്ട്. ബ്രിട്ടന്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, ഹംഗറി എന്നിവയുള്‍പ്പെടെ 25-ഓളം രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമാണെന്ന് വാദിക്കുന്ന സിദ്ധാന്തങ്ങളും നിലവിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.