ചിലിയിലെ ചരിത്രസ്മാരകമായ സെന്റ് ആന്റണീസ് ദേവാലയവും കോണ്‍വെന്റും കത്തിനശിച്ചു; ദേവാലയങ്ങള്‍ അഗ്നിക്കിരയാകുന്നത് തുടര്‍ക്കഥ

ചിലിയിലെ ചരിത്രസ്മാരകമായ സെന്റ് ആന്റണീസ് ദേവാലയവും  കോണ്‍വെന്റും കത്തിനശിച്ചു; ദേവാലയങ്ങള്‍ അഗ്നിക്കിരയാകുന്നത് തുടര്‍ക്കഥ

സാന്റിയാഗോ: ചിലിയിലെ ഏറ്റവും പഴക്കം ചെന്ന കത്തോലിക്കാ ദേവാലയങ്ങളിലൊന്നായ സെന്റ് ആന്റണീസ് ഓഫ് പാദുവ ദേവാലയവും ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റും കത്തിനശിച്ചു. ചിലിയിലെ ഇക്വിക് നഗരത്തില്‍ 17-ാം നൂറ്റാണ്ടില്‍ മരം കൊണ്ട് നിര്‍മിച്ച ചരിത്രപ്രസിദ്ധമായ കെട്ടിടമാണ് തീപിടിത്തത്തില്‍ നശിച്ചത്. ആളപായമുണ്ടായില്ലെങ്കിലും ദുരൂഹമായ തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

1994-ല്‍ ഈ ദേവാലയം രാജ്യത്തെ ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിരുന്നു. വിശുദ്ധന്റെ രൂപത്തിന് താഴെയാണ് കഴിഞ്ഞ ദിവസം തീ പടര്‍ന്നത്. അഗ്‌നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പന്ത്രണ്ട് അഗ്‌നിശമന യൂണിറ്റുകള്‍ ഏറെ പരിശ്രമിച്ചാണ് തടിക്കെട്ടിടത്തില്‍ ആളിപ്പടര്‍ന്ന തീ അണച്ചത്.

ചിലിയന്‍ മാധ്യമമായ കോ-ഓപ്പറേറ്റിവ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, തീപിടിത്തത്തില്‍ സമീപത്തെ മൂന്നു വീടുകളിലും ഒരു വര്‍ക്ക് ഷോപ്പിലുമുണ്ടായിരുന്ന ആറു പേര്‍ക്ക് പരിക്കേറ്റു.

'ഞങ്ങള്‍ വളരെ വേദനാജനകമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. നമ്മുടെ പൈതൃകത്തിന്റെ ഭാഗമായിരുന്ന പാദുവയിലെ സെന്റ് ആന്റണീസ് ഇടവക ദേവാലയവും ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റും കത്തിനശിച്ചു'. ഈ നഗരത്തെ സംബന്ധിച്ചിടത്തോളം ഈ ദേവാലയം ചരിത്രപരവും പ്രധാനപ്പെട്ടതുമാണ് - ഇക്വിക് ബിഷപ്പ് ഇസറോ കോവിലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

ലോകമെമ്പാടും ദേവാലയങ്ങള്‍ കത്തിനശിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ജര്‍മ്മനിയിലെ വിഡേനില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള 58 വര്‍ഷം പഴക്കമുള്ള ദൈവാലയം കത്തിനശിച്ചിരുന്നു.

ഫ്രാന്‍സില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കു തീപിടിക്കുന്നതു തുടര്‍ക്കഥയാണ്. വടക്കന്‍ ഫ്രാന്‍സിലെ സാന്ത്ഒമേപ്രര്‍ പട്ടണത്തിലെ അമലോത്ഭവമാതാ പള്ളിയിലാണ് അഗ്‌നിബാധയുണ്ടായത്. 1859ല്‍ നിര്‍മിച്ച പള്ളി രണ്ടു ലോകയുദ്ധങ്ങളെ അതിജീവിച്ചതാണ്. സംഭവത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.