ബോംബ് ഭീഷണികള്‍ പതിവായി: വിമാനക്കമ്പനി മേധാവികളുടെ അടിയന്തര യോഗം വിളിച്ച് കേന്ദ്രം; കൊച്ചിയിലും ഭീഷണി

ബോംബ് ഭീഷണികള്‍ പതിവായി:  വിമാനക്കമ്പനി മേധാവികളുടെ അടിയന്തര യോഗം  വിളിച്ച് കേന്ദ്രം; കൊച്ചിയിലും  ഭീഷണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനക്കള്‍ക്ക് നേരെ ബോംബ് ഭീഷണികള്‍ പതിവായ സാഹചര്യത്തില്‍ വിവിധ വ്യോമയാന കമ്പനികളുടെ സിഇഒമാരുടെ അടിയന്തര യോഗം വിളിച്ച് വ്യോമയാന സുരക്ഷാ ഏജന്‍സിയായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി.

രാജീവ് ഗാന്ധി ഭവനിലെ വ്യോമയാന മന്ത്രാലയത്തിലാണ് യോഗം ചേര്‍ന്നത്. ഭീഷണികള്‍ നേരിടുന്നതിന് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ പിന്തുടരാന്‍ സിഇഒമാരോട് ആവശ്യപ്പെട്ടു.

ഭീഷണികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 70 ഓളം ഭീഷണി സന്ദേശങ്ങളാണ് വിവിധ വിമാനക്കമ്പനികള്‍ക്ക് നേരെയുണ്ടായത്.

ഇതുവരെയുള്ള അന്വേഷണത്തില്‍ യു.എസ്, യു.കെ, ജര്‍മനി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഐപി അഡ്രസുകളില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ വിപിഎന്‍ ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഈ ഐപി അഡ്രസുകള്‍ വിശ്വസിക്കാനാവില്ല. അതേസമയം, ബോംബ് ഭീഷണി നേരിടാന്‍ അധികൃതര്‍ വിമാനക്കമ്പനികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയേക്കും.

പ്രാഥമിക പരിശോധനാ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണെന്ന് അധികൃതര്‍ സ്ഥിരീകരിക്കുന്നില്ല. നാല് വിമാനങ്ങള്‍ക്കെതിരെ ഭീഷണി സന്ദേശം അയച്ച പതിനേഴുകാരന്‍ കഴിഞ്ഞ ബുധനാഴ്ച മുംബൈയില്‍ പിടിയിലായിരുന്നു.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനോട് പക തീര്‍ക്കാന്‍ വേണ്ടിയാണ് ഇയാള്‍ സുഹൃത്തിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങി ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരും പ്രാങ്ക് ചെയ്യുന്നവരുമാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു.

അതിനിടെ ഇന്ന് കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായി. രാത്രി ബംഗളൂരുവിലേക്ക് രാത്രി ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട എയര്‍ലൈന്‍സ്  വിമാനത്തിനാണ് ഭീഷണിയുണ്ടായത്.

വിമാനത്തില്‍ സഞ്ചരിക്കേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി. എക്‌സിലൂടെയാണ് ഭീഷണി സന്ദേശം വന്നതന്നാണ് വിവരം. സന്ദേശത്തിന്റെ ഉറവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.