കോട്ടയം: സിറോ മലബാർ സഭയുടെ പിതാവ് എന്ന് വിളിക്കപ്പെടാൻ ഏറ്റവും യോഗ്യനാണ് ഫാ പ്ലാസിഡ് ജെ പൊടിപ്പാറയെന്നും അദേഹത്തിന്റെ സംഭാവനകൾ പുതിയ തലമുറയ്ക്ക് പകർന്ന് നൽകാൻ സഭ ശ്രദ്ധിക്കണമെന്നും ഫാ. ഡോ ജോബി കൊച്ചുമുട്ടം സിഎംഐ. ഫാ. പ്ലാസിഡ് ജെ പൊടിപ്പാറ സിഎംഐയുടെ ജനനത്തിന്റെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് ' പ്ലാസിഡ് അച്ഛനും സീറോ മലബാർ സഭയും' എന്ന വിഷയത്തിൽ ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് സ്റ്റഡി സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഫാ. ഡോ. ജോബി കൊച്ചുമുട്ടം സി എം ഐ.
സി.എം.ഐ മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിന്റെ വികാർ പ്രൊവിൻഷ്യൽ ഫാ. റോയ് കണ്ണഞ്ചിറ സിഎംഐ വെബിനാർ ഉദ്‌ഘാടനം ചെയ്തു. ഇന്ന് നമ്മുടെ സഭ നമ്മുടെ അതിരുകൾക്കപ്പുറത്തേക്ക് പടർന്ന് ഒഴുകണമെങ്കിൽ പ്ലാസിഡ് അച്ഛൻമാർ പുനർജനിക്കേണ്ടതുണ്ട്. പ്ലാസിഡ് അച്ഛന്റെ വാക്കുകൾ പുനർ വായനക്ക് വിധേയമാകേണ്ടതുണ്ടെന്ന് ഫാ. റോയ് കണ്ണഞ്ചിറ സിഎംഐ പറഞ്ഞു.
സഭയെക്കുറിച്ചും സഭയ്ക്ക് ജീവിതം സമർപ്പിച്ച പിതാക്കന്മാരെയും നേതാക്കന്മാരെക്കുറിച്ചും പഠിക്കുന്നത് സഭയെ കൂടുതൽ സ്നേഹിക്കാൻ നമ്മെ സഹായിക്കുമെന്ന് സമാപന സന്ദേശം നൽകിയ പ്രവാസി അപ്പോസ്തലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽകളം പറഞ്ഞു.
സഭയെക്കുറിച്ചുള്ള അജ്ഞതയാണ് ഇന്നത്തെ പ്രശ്നങ്ങളുടെ മുഖ്യ കാരണമെന്നും ഫാ റ്റെജി കൂട്ടിച്ചേർത്തു.
വെബിനറിനെ തുടർന്ന് ഫാ പ്ലാസിഡ് പൊടിപ്പാറയുടെ ജീവിതത്തെ ആധാരമാക്കി ക്വിസ് മത്സരങ്ങൾ നടത്തി. അതിരൂപതാ അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകളം വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം - നീവ് എലിസാ ജോസി (ഇന്ത്യ), രണ്ടാം സ്ഥാനം - ജ്യുവൽ ഷാജിമോൻ, (കുവൈറ്റ്), മൂന്നാം സ്ഥാനം - അബിൻ തോമസ് (കുവൈറ്റ്) എന്നിവർ കരസ്ഥമാക്കി.
പ്രവാസി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം, ഗ്ലോബൽ കോർഡിനേറ്റർ ജോ കാവാലം, ഗൾഫ് കോർഡിനേറ്റർ ബിജു മട്ടാഞ്ചേരി, കുവൈറ്റ് കോർഡിനേറ്റർ ശ്രീ ഷാജിമോൻ ജോസഫ് ഈരേത്തറ എന്നിവർ ആശംസകൾ നേർന്നു. സ്റ്റഡി സെൽ കോർഡിനേറ്റർ സനോഷ് സാബു സ്വാഗതവും, ബിജോയി കട്ടപ്പുറം നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.