സിഡ്‌നി: ഓസ്ട്രേലിയന്‍ കാത്തലിക് യൂണിവേഴ്സിറ്റിയുടെ ബിരുദദാനച്ചടങ്ങിനിടെ ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ വിവാഹം എന്നീ വിപത്തുകള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച് മുന്‍ ട്രേഡ് യൂണിയന്‍ നേതാവ്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഷോപ്പ് ഡിസ്ട്രിബ്യൂട്ടീവ് ആന്‍ഡ് അലൈഡ് എംപ്ലോയീസ് അസോസിയേഷന്റെ (എസ്ഡിഎ) മുന്‍ ദേശീയ പ്രസിഡന്റ് ജോ ഡി ബ്രൂയിന്‍ നടത്തിയ പ്രസംഗമാണ് ദേശീയ ശ്രദ്ധ നേടിയത്.
ഗര്‍ഭച്ഛിദ്രത്തിന്റെ തോത് രണ്ടാം ലോക മഹായുദ്ധത്തിലെ മാനുഷിക നഷ്ടത്തോട് ഉപമിച്ച ജോ ഡി ബ്രൂയിന്‍ സ്വവര്‍ഗ വിവാഹം ഭൂമിയിലെ എല്ലാ സമൂഹങ്ങള്‍ക്കും എതിരാണെന്നും പറഞ്ഞു. അതേസമയം, ബ്രൂയിന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ചടങ്ങിനിടെ വാക്കൗട്ട് നടത്തി.
കഴിഞ്ഞ ദിവസം മെല്‍ബണ്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ നടന്ന ബിരുദദാന ചടങ്ങാണ് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായത്. ആര്‍ട്ട്, കൊമേഴ്‌സ്, നിയമ വിദ്യാര്‍ത്ഥികളാണ് സദസിലുണ്ടായിരുന്നത്. കാത്തലിക് യൂണിവേഴ്സിറ്റി തനിക്കു സമ്മാനിച്ച ഓണററി ഡോക്ടറേറ്റ് സ്വീകരിച്ച ശേഷം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു ജോ ഡി ബ്രൂയിന്‍.
ഗര്‍ഭച്ഛിദ്രം മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളിയാണെന്നും അത് അവസാനിപ്പിക്കേണ്ട ദുരന്തമാണെന്നും ജോ ഡി ബ്രൂയിന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ജനിക്കാനിരിക്കുന്ന മനുഷ്യരെ ബോധപൂര്‍വം കൊല്ലുന്ന ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നതില്‍ താന്‍ പതിറ്റാണ്ടുകളായി ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ അപഹരിക്കുന്നത് സാംസ്‌കാരിക പക്വതയുടെയും വിജയത്തിന്റെയും അടയാളമല്ല. ഓരോ വര്‍ഷവും ഓസ്ട്രേലിയയില്‍ 80,000-ലധികം ഗര്‍ഭസ്ഥ ശിശുക്കള്‍ ഗര്‍ഭച്ഛിദ്രത്താല്‍ കൊല്ലപ്പെടുന്നു. ലോകമെമ്പാടും ഓരോ വര്‍ഷവും ഉദരത്തില്‍ വച്ചു കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം 42 ദശലക്ഷമാണ്. അബോര്‍ഷനാണ് ലോകത്തിലെ ഏറ്റവും വലിയ കൊലയാളി, രണ്ടാം ലോക മഹായുദ്ധത്തിലെ മാനുഷിക നഷ്ടത്തേക്കാള്‍ വലുതാണിത്'.
അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സ്വവര്‍ഗ വിവാഹവും കടന്നുവന്നു. 'ബൈബിളിലെ ഉല്‍പത്തി പുസ്തകം നമ്മോട് പറയുന്നതുപോലെ, ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മനുഷ്യരാശിയുടെ ഉത്ഭവസ്ഥാനമായ ഏദന്‍ തോട്ടത്തില്‍ ദൈവം സ്ഥാപിച്ചതാണ്. അന്നുമുതല്‍, ഭൂമിയിലെ എല്ലാ സമൂഹങ്ങളും എല്ലാ കാലത്തും വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണെന്ന് അംഗീകരിച്ചിട്ടുണ്ട്'.
ബ്രൂയിന്‍ സംസാരിക്കുന്നതിനിടെ യൂണിവേഴ്‌സിറ്റി ജീവനക്കാരും വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അടങ്ങുന്ന സദസിന്റെ 95 ശതമാനവും ഓഡിറ്റോറിയം വിട്ടുപോയി.
'പല കത്തോലിക്കരും സമപ്രായക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങുന്നു. സഭയുടെ പഠിപ്പിക്കലുകള്‍ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ അവരുടെ പ്രൊഫഷണല്‍ ജീവിതത്തിന് ദോഷം വരുമെന്ന് അവര്‍ കരുതുന്നതായും വിദ്യാര്‍ത്ഥികള്‍ പുറത്തേക്കു പോകുന്നതിനെക്കുറിച്ച് ജോ ഡി ബ്രൂയിന്‍ പരാമര്‍ശിച്ചു.
കഴിഞ്ഞ നവംബറില്‍ ഓസ്ട്രേലിയന്‍ കാത്തലിക് യൂണിവേഴ്സിറ്റി തനിക്ക് ഓണററി ഡോക്ടറേറ്റ് വാഗ്ദാനം ചെയ്യുകയും ബിരുദദാനച്ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് തന്റെ പ്രസംഗം അവര്‍ക്കു നല്‍കുകയും ചെയ്തതായി ജോ ഡി ബ്രൂയിന്‍ 'ഗാര്‍ഡിയന്‍ ഓസ്ട്രേലിയയോട്' പറഞ്ഞു.
കത്തോലിക്കാ സഭയ്ക്കുള്ള തന്റെ സേവനങ്ങള്‍ക്കാണ് ഒരു കത്തോലിക്കാ സര്‍വ്വകലാശാല തന്നെ ആദരിച്ചത്. അതിനാല്‍ താന്‍ പരാമര്‍ശിച്ച വിഷയങ്ങള്‍ തികച്ചും യുക്തിസഹമാണെന്നും അദ്ദേഹം വിശദീകരിച്ചു.
തൊഴിലാളികളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസ പുരോഗതി, സാമൂഹിക ക്ഷേമം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ മാനിച്ചാണ് ഡി ബ്രൂയിന് ഓണററി ബിരുദം വാഗ്ദാനം ചെയ്തതെന്ന് എസിയു വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ചടങ്ങിലെ ബ്രൂയിന്റെ പരാമര്‍ശങ്ങള്‍ വ്യക്തിപരമായ കാഴ്ചപ്പാടുകളാണെന്നും ഒരു സര്‍വ്വകലാശാല എന്ന നിലയില്‍ ആശയങ്ങളുടെ മാന്യമായ കൈമാറ്റത്തെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ യൂണിവേഴ്‌സ്റ്റി വിശദീകരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.