നിയന്ത്രണം കടുപ്പിക്കുന്നു; കനേഡിയന്‍ കമ്പനികളില്‍ കൂടുതല്‍ തദ്ദേശീയരെ ഉള്‍പ്പെടുത്തും: പ്രഖ്യാപനവുമായി ജസ്റ്റിന്‍ ട്രൂഡോ

നിയന്ത്രണം കടുപ്പിക്കുന്നു; കനേഡിയന്‍ കമ്പനികളില്‍ കൂടുതല്‍ തദ്ദേശീയരെ ഉള്‍പ്പെടുത്തും: പ്രഖ്യാപനവുമായി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മുമ്പ് അറിയിച്ചിരുന്നു. ഇതോടൊപ്പം രാജ്യത്തിലേക്ക് കൂടുതല്‍ വിദേശികള്‍ കുടിയേറുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലിക്കായി കൂടുതലും തദ്ദേശീയരെ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജസ്റ്റിന്‍ ട്രൂഡോ.

കാനഡയിലെ വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലിക്കായി തിരഞ്ഞെടുക്കുന്ന വിദേശികളുടെ എണ്ണം കുറയ്ക്കും. എന്തുകൊണ്ട് കനേഡിയന്‍ തൊഴിലാളികളെ കമ്പനികള്‍ ജോലിക്ക് എടുക്കുന്നില്ലെന്നതിന്റെ കാരണം തെളിയ്ക്കാന്‍ കര്‍ശന നിയമവും കൊണ്ടുവരുമെന്ന് ജസ്റ്റിന്‍ ട്രൂഡോ എക്‌സില്‍ കുറിച്ചു. ഈ നടപടി വിദേശികള്‍ക്കും കുടിയേറ്റക്കാര്‍ക്കും രാജ്യത്ത് ജോലി ലഭിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.

അടുത്തിടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കാനഡ കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് നിന്ന് വിദേശികളെ അകറ്റാനുള്ള ട്രൂഡോയുടെ പുതിയ തന്ത്രം. 2025 ല്‍ കനാഡയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 30,000 കുറഞ്ഞ് മൂന്ന് ലക്ഷമായി ചുരുങ്ങുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മുന്‍പ് കുടിയേറ്റക്കാരെ സ്വാഗതം ചെയ്തിരുന്ന കാനഡ സമീപ വര്‍ഷങ്ങളിലായി ഈ നിലപാട് മാറ്റുകയായായിരുന്നു.

കുടിയേറ്റക്കാര്‍ കൂടിയതോടെ കാനഡയിലെ പൗരന്മാര്‍ക്ക് വലിയ രീതിയിലുള്ള പ്രതിസന്ധി നേരിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. വീടുകളുടെ വില വര്‍ധിച്ചതും പൗരന്മാരെ ബാധിച്ചിരുന്നു. ഇതാണ് കുടിയേറ്റക്കാരോടുള്ള നിലപാട് മാറ്റാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. 2025 ഒക്ടോബറിന് മുന്‍പ് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.