ബെയ്ജിങ്: തങ്ങളുടെ ബഹിരാകാശ പദ്ധതികളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വിദേശ ചാര സംഘടനകള്‍ ശ്രമിക്കുന്നുവെന്ന് ചൈന. ചില വിദേശ ചാര സംഘടനകള്‍ അതീവ കൃത്യതയുള്ള ഉപഗ്രഹങ്ങള്‍ വഴി ചൈനയ്ക്കെതിരെ വിദൂര നിരീക്ഷണം നടത്തുന്നുണ്ട്. ബഹിരാകാശത്ത് നിന്ന് ചൈനയുടെ രഹസ്യങ്ങള്‍ ഇതുവഴി മോഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും ചൈന ആരോപിച്ചു.
ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള മത്സരം ശക്തമാകുന്ന സാഹചര്യത്തില്‍ ബഹിരാകാശ സുരക്ഷ ഉറപ്പാക്കല്‍ ചൈനയുടെ ഭാവി നിലനില്‍പ്പിനും വികസനത്തിനുമുള്ള സുപ്രധാന തന്ത്രമായി മാറിയിരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. വിചാറ്റില്‍ പങ്കുവെച്ച ഔദ്യോഗിക പോസ്റ്റ് വഴിയാണ് ചൈന ഇക്കാര്യം പുറത്തു വിട്ടത്.
ആഗോള തലത്തില്‍ ബഹിരാകാശ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ആരോപണം. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഉപഗ്രഹങ്ങളുടെ സഹായമുണ്ടായിട്ടുണ്ടെന്നും തത്സമയം ലഭിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ യുദ്ധക്കളത്തില്‍ മേധാവിത്വം നേടാന്‍ രാജ്യങ്ങളെ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2030 ഓടെ ചന്ദ്രനില്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയാണ് ചൈനയുടെ ലക്ഷ്യം. 2035 ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ 'ബേസിക് സ്റ്റേഷനും' 2045 ആകുമ്പോഴേക്കും ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിര്‍മിക്കാനും പദ്ധതിയുണ്ട്.
2020 ല്‍ ചൈനയുടെ ചാങ് ഇ-5 ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തില്‍ ദേശീയ പതാക നാട്ടിയിരുന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ചന്ദ്രനില്‍ കൊടിനാട്ടുന്ന ആദ്യരാജ്യം എന്ന നേട്ടവും ചൈന സ്വന്തമാക്കിയിരുന്നു. ഭൂമിയില്‍നിന്ന് നേരിട്ട് കാണാത്ത ചന്ദ്രന്റെ മറുപുറത്തു നിന്ന് സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനുള്ള 'ചാങ് ഇ-6' ദൗത്യവും ചൈന 2024 ല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.