സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്‌ക്കൊപ്പം ഇടിമിന്നലും:നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കോട്ടയം ജില്ലയില്‍ വിനോദ സഞ്ചാരത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്‌ക്കൊപ്പം ഇടിമിന്നലും:നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കോട്ടയം ജില്ലയില്‍ വിനോദ സഞ്ചാരത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഇന്ന് തീവ്രമഴയ്‌ക്കൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

സംസ്ഥാനത്ത് 27 വരെ ശക്തമായ മഴയ്ക്കും ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തി.

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല് തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെയും മലയോര മേഖലയിലെയും രാത്രികാല യാത്രയും നിരോധിച്ചു. ശനിയാഴ്ച വരെയാകും നിയന്ത്രണം.

അടുത്ത മൂന്ന് മണിക്കൂറില്‍ (പുലര്‍ച്ചെ നാലിന് പ്രഖ്യാപിച്ചത്) തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം ജില്ലയില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.