ടെല്‍ അവീവ്: ഇറാനില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തിന്റെ നേതൃനിരത്തില്‍ വനിതാ ഫൈറ്റര്‍ പൈലറ്റുമാരും ഉണ്ടായിരുന്നതായി വെളിപ്പെടുത്തി ഇസ്രയേല്‍.
തങ്ങളുടെ വ്യോമസേന അംഗങ്ങളായ വനിതകള്‍ യുദ്ധ വിമാനത്തില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടു. മുഖം വ്യക്തമാവാത്ത വിധത്തിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മൂന്ന് വനിതകളെ ചിത്രങ്ങളില്‍ കാണാന്‍ കഴിയും.
ശനിയാഴ്ച നടത്തിയ ദൗത്യത്തെ 'ഡേയ്‌സ് ഓഫ് റിപെന്റന്‍സ്' എന്നാണ് ഇസ്രയേല്‍ പേര് നല്‍കിയത്. ആക്രമണത്തില്‍ രണ്ട് ഇറാന്‍ സൈനികര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. എഫ്-15, എഫ്-16 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഈ ടീമില്‍ നാല് വനിതകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇറാനില്‍ വനിതകള്‍ക്ക് എതിരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കുള്ള മറുപടി എന്ന നിലയില്‍ ആകാം ഇസ്രയേല്‍ വനിതാ പൈലറ്റുകളെ നിയോഗിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്.
ഒക്ടോബര്‍ ഒന്നിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായാണ് ശനിയാഴ്ച പുലര്‍ച്ചെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചത്. ടെഹ്‌റാന്‍, ഇലാം, ഖുസെസ്ഥാന്‍ പ്രവിശ്യകളിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ സൈന്യം പറഞ്ഞു.
തങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ അര്‍ഹതയുണ്ടെന്നും ഇസ്രയേല്‍ ആക്രമണത്തിന് തത്തുല്യമായ പ്രതികരണം നല്‍കുമെന്നും ഇറാന്‍ ആവര്‍ത്തിച്ചു. എന്നാല്‍ പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുന്ന തരത്തിലേക്ക് ഇറാന്റെ തിരിച്ചടി നീങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രയേലിന്റെ ആക്രമണത്തെ പരാജയം എന്നാണ് ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് വിശേഷിപ്പിച്ചത്. നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ ഇറാന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ട്. വിദേശ മാദ്ധ്യമങ്ങളോട് സഹകരിക്കരുതെന്ന് റെവലൂഷനറി ഗാര്‍ഡ് ജനങ്ങളോട് നിര്‍ദേശിച്ചു.
സൈനിക കേന്ദ്രങ്ങളും ആയുധ ഡിപ്പോകളും കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമണം നടത്തിയതിനാല്‍ ഇറാന്‍ തീവ്രമായി തിരിച്ചടിച്ചേക്കില്ല എന്നാണ് സൂചന. എണ്ണ, ഊര്‍ജ കേന്ദ്രങ്ങള്‍, ആണവ നിലയങ്ങള്‍ എന്നിവയെ ആക്രമിച്ചാലോ ഇറാനിയന്‍ നേതാക്കളെ വധിച്ചിരുന്നെങ്കിലോ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമായിരുന്നു. അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പുകള്‍ പരിഗണിച്ചാണ് ഇസ്രയേല്‍ ആക്രമണത്തിന്റെ തീവ്രത കുറച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.