വാഷിങ്ടണ്‍: നവംബര്‍ അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ ഇരു സ്ഥാനാര്‍ത്ഥികളും പൊരിഞ്ഞ പോരാട്ടത്തിലാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വിജയത്തിനായുള്ള കഠിന പരിശ്രമത്തിലാണ്.
കമല ഹാരിസിന്റെ വിജയത്തിനായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും പ്രചാരണ രംഗത്ത് സജീവമായുണ്ട്. എന്നാല്‍ ഒരിക്കല്‍ കൂടി പ്രസിഡന്റാകുമെന്ന് ഉറച്ച ആത്മവിശ്വാസത്തിലാണ് ട്രംപ്. തന്റെ അവസാന മത്സരമാണിതെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
പരസ്പരം വിമര്‍ശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോള്‍ അഭിപ്രായ സര്‍വേകളുടെ ഫലവും മാറി മറിയുകയാണ്.
ഡിസിഷന്‍ ഡെസ്‌ക് എച്ച്ക്യു/ദ ഹില്‍ തെരഞ്ഞെടുപ്പ് പ്രവചനത്തില്‍ ട്രംപ് മുന്‍പിലാണ്. സര്‍വേ പ്രകാരം ട്രംപിന് 52 ശതമാനവും കമല ഹാരിസിന് 48 ശതമാനവുമാണ് പ്രവചിക്കുന്നത്. ഓഗസ്റ്റ് അവസാനം മുതല്‍ കമലാ ഹാരിസിന്റെ വിജയസാധ്യത ഏകദേശം 54 ശതമാനത്തിനും 56 ശതമാനത്തിനും ഇടയിലായിരുന്നു. ഇത് പിന്നീട് ഇടിയുകയായിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ്-സിയെന കോളജ് അവസാന ഘട്ട സര്‍വേ ഫലത്തില്‍ ഇരു സ്ഥാനാര്‍ത്ഥികളും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. കമലയ്ക്കും ട്രംപിനും 48 ശതമാനം പിന്തുണയാണ് ഇവര്‍ പ്രവചിക്കുന്നത്.
എന്നാല്‍ റോയിട്ടേഴ്‌സ്-ഇപ്‌സോസ് സര്‍വേ ഫലം അനുസരിച്ച് ട്രംപിന് പിന്തുണ വര്‍ധിച്ചു. പ്രത്യേകിച്ച് ഹിസ്പാനിക് വിഭാഗക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍. കമലയ്ക്ക് ഈ വിഭാഗക്കാര്‍ക്കിടയിലുണ്ടായിരുന്ന പിന്തുണ അല്‍പം കുറഞ്ഞു. 46ശതമാനമാണ് ട്രംപിനുള്ള പിന്തുണ, കമലയ്ക്ക് 44 ശതമാനവും. കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ട്രംപിന് പിന്തുണയേറിയതായാണ് സര്‍വേ ഫലം. എന്നാല്‍ വെളുത്ത വര്‍ഗക്കാരായ വനിത വോട്ടര്‍മാര്‍ക്കിടയില്‍ കമലയ്ക്ക് തന്നെയാണ് മുന്‍തൂക്കം.
ഇതിനിടയില്‍ കമലാ ഹാരിസിന് പിന്തുണയുമായി പോപ്പ് ഗായിക ബിയോണ്‍സെ രംഗത്തെത്തി. ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലുള്ള വാക് പോരും മുറുകി. കമല തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് ട്രംപ് ആരോപിച്ചു. പെന്‍സില്‍വാനിയയില്‍ നടന്ന പ്രചാരണത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയാല്‍ സ്ത്രീകളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മിഷേല്‍ ഒബാമ പറഞ്ഞു. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാനുള്ള കമലയുടെ ശ്രമത്തെ പിന്തുണയ്ക്കാന്‍ പുരുഷന്മാരോട് അവര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം ഡൊണള്‍ഡ് ട്രംപ് ഫാസിസ്റ്റാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ശ്രദ്ധേയമായി. ഹിറ്റ്‌ലറിനെ പോലെയൊരു ഫാസിസ്റ്റാണ് ട്രംപ് എന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മേയര്‍ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം മാന്‍ഹട്ടനിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ട്രംപിന്റെ പ്രചാരണ റാലി നടക്കാനിരിക്കെയാണ് ഡെമോക്രാറ്റിക്ക് മേയര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പിന്തുണച്ച് പരാമര്‍ശം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.