തടവറയുടെ കാഠിന്യം: 2025 ജൂബിലി വര്‍ഷം ഇറ്റലിയിലെ റെബിബിയ ജയിലിലും 'വിശുദ്ധ വാതില്‍' തുറക്കുമെന്ന് വത്തിക്കാന്‍

തടവറയുടെ കാഠിന്യം: 2025 ജൂബിലി വര്‍ഷം ഇറ്റലിയിലെ റെബിബിയ ജയിലിലും 'വിശുദ്ധ വാതില്‍' തുറക്കുമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായി റോമന്‍ തടവറയായ റെബിബിയയിലും 'വിശുദ്ധ വാതില്‍' തുറക്കുമെന്ന് സുവിശേഷ വല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ പ്രീഫെക്റ്റ് ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ ഫിസിചെല്ല.

ജൂബിലി വര്‍ഷാചരണത്തിന് മുന്നോടിയായി റോമില്‍ സംഘടിപ്പിക്കാനിരിക്കുന്ന പരിപാടികളെ കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബര്‍ 26 ന് പ്രത്യാശയുടെ പ്രഘോഷണത്തിന്റെ അടയാളമായി 'വിശുദ്ധ വാതില്‍' തുറക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോമന്‍ തടവറയായ റെബിബിയയില്‍ ഉണ്ടാകുമെന്ന് അദേഹം അറിയിച്ചു.

ഡിസംബര്‍ 24 ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 2025 ജൂബിലിയുടെ വിശുദ്ധ വാതില്‍ തുറക്കുന്ന ചടങ്ങ് നടക്കും.

സ്വാതന്ത്ര്യം നഷ്ടപ്പെട്ട തടവുകാരുടെ അവസ്ഥ, തടവറയുടെ കാഠിന്യം, വൈകാരിക ശൂന്യത, നിയന്ത്രണങ്ങള്‍ എന്നിവ പരിഗണിച്ചാണ് തടവറയില്‍ 'വിശുദ്ധ വാതില്‍' തുറക്കാന്‍ തീരുമാനിച്ചത്.

'സ്പേസ് നോണ്‍ കൊണ്‍ഫൂന്തിത്' എന്ന ഔദ്യോഗിക രേഖ വഴി ഫ്രാന്‍സിസ് പാപ്പ നല്‍കിയ നിര്‍ദേശമനുസരിച്ച് വിശുദ്ധ പത്രോസിന്റെ ബസിലിക്ക, റോമില്‍ തന്നെയുള്ള വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക, മേരി മേജര്‍ ബസിലിക്ക, റോമന്‍ മതിലിന് പുറത്തുളള വിശുദ്ധ പൗലോസിന്റെ ബസിലിക്ക എന്നീ പേപ്പല്‍ ബസിലിക്കകളില്‍ ജൂബിലി വര്‍ഷത്തില്‍ വിശ്വാസികള്‍ക്കായി 'വിശുദ്ധ വാതില്‍' തുറക്കുന്നുണ്ട്.

1300 ല്‍ ആഘോഷിക്കപ്പെട്ട ജൂബിലി വര്‍ഷം മുതല്‍ സഭ തുടരുന്ന പതിവുപോലെ, ഇത്തവണയും വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ദണ്ഡ വിമോചനത്തിനുള്ള അവസരമുണ്ടെന്ന് സുവിശേഷ വത്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കിയിരുന്നു.

2000 ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025 ല്‍ 35 ദശലക്ഷം ആളുകള്‍ വത്തിക്കാനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ചാം വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്.

രക്ഷാകര പദ്ധതിയുടെ ഭാഗമായി ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നത് ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.