ജനനനിരക്കില്‍ വന്‍കുറവ്: ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനുകള്‍ വൃദ്ധസദനങ്ങളാക്കുന്നു; ഒരു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 14,800 എണ്ണം

ജനനനിരക്കില്‍ വന്‍കുറവ്: ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനുകള്‍ വൃദ്ധസദനങ്ങളാക്കുന്നു;  ഒരു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 14,800 എണ്ണം

ബീജിങ്: ചൈനയില്‍ ജനന നിരക്ക് കുത്തനെയിടിഞ്ഞതോടെ ശിശുപരിചരണത്തിനായുള്ള ആയിരക്കണക്കിന് കിന്റര്‍ഗാര്‍ട്ടനുകള്‍ പൂട്ടി. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം പുതുതായി ചേരാന്‍ കുട്ടികളില്ലാതെ 14,808 കിന്റര്‍ഗാര്‍ട്ടനുകളാണ് പൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കിന്റര്‍ഗാര്‍ട്ടനുകളിലെ പുതിയ അഡ്മിഷനുകള്‍ കുറയുന്നത്. കുട്ടികള്‍ കുറഞ്ഞതോടെ പല കിന്റര്‍ഗാര്‍ട്ടനുകളും വയോജന കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു.

2022-ല്‍ ചൈനയിലുടനീളം 289,200 കിന്റര്‍ഗാര്‍ട്ടനുകള്‍ ഉണ്ടായിരുന്നു. 2023-ല്‍ ഇത് 274,400 കിന്റര്‍ഗാര്‍ട്ടനുകളായി കുറഞ്ഞു. പ്രീസ്‌കൂളുകളില്‍ പുതുതായി അഡ്മിഷന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ 11 ശതമാനം കുറവുണ്ടായതായും കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന്‍ പ്രകാരമുള്ള കണക്കുകളാണിത്. കൂടുതല്‍ കുട്ടികളുണ്ടാകാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനീസ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ അവതരിപ്പിക്കുന്നതിനിടയിലും രാജ്യത്ത് ജനനനിരക്ക് ക്രമാതീതമായി കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയാണ് ഈ കണക്കുകളെന്നാണ് വിലയിരുത്തല്‍.

ജനന നിരക്ക് കുറയുന്നു, പ്രായം കൂടുന്നു

രാജ്യത്ത് ജനന നിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും നിലവില്‍ ചൈനയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇതിനെ മറികടക്കാന്‍ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് കൂടുതല്‍ കുട്ടികളെ പ്രസവിക്കാനുള്ള പദ്ധതികള്‍ ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇതുവരെയും ലക്ഷ്യം കണ്ടിട്ടില്ല. രാജ്യത്തെ പല പ്രദേശങ്ങളിലും ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങില്‍ രണ്ടാമത്തെ കുട്ടിക്ക് 10,000 യുവാനും (ഏകദേശം 1.17 ലക്ഷം രൂപ) മൂന്നാമത്തെ കുട്ടിക്ക് 30,000 യുവാനും (ഏകദേശം 3.5 ലക്ഷം രൂപ) ബോണസായി നല്‍കുന്നുണ്ട്.

കിന്റര്‍ഗാര്‍ട്ടനുകള്‍ വൃദ്ധസദനങ്ങളാകുന്നു!

കുട്ടികളെ കിട്ടാതായതോടെ ചൈനയിലെ പല കിന്റര്‍ഗാര്‍ട്ടനുകളും പ്രായമായവരെ സംരക്ഷിക്കുന്ന എല്‍ഡേര്‍ലി കെയറുകളായി മാറുകയാണെന്നും 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ പകുതിയോളം കിന്റര്‍ഗാര്‍ട്ടനുകളും പ്രവര്‍ത്തിക്കുന്നത് സ്വകാര്യ മേഖലയിലാണ്. കുട്ടികളെ കിട്ടാതായതോടെ ഇവയെല്ലാം പുതിയ സാധ്യതകള്‍ തേടിപ്പോയി. നിലവില്‍ ജനസംഖ്യയുടെ 20 ശതമാനവും 65 വയസിന് മുകളിലുള്ളവരാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത് 28 ശതമാനമായി വര്‍ധിക്കുമെന്നാണ് പ്രവചനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.